സന്യാസഭവനങ്ങൾ ‘ഹൈവേകൾ’ അല്ല

ബിബിൻ മഠത്തിൽ

ബിബിൻ മഠത്തിൽ

“കട്ടിലേൽ ഇരിക്കരുത്” എന്നത് അമ്മയുടെ കല്പന ആയിരുന്നു. മറ്റൊരാളുടെ കട്ടിലിൽ ഇരിക്കുന്നത് അമ്മക്ക് ഒരിക്കലും ഇഷ്ടമായിരുന്നില്ല. അത് വീട്ടിലുള്ളവരായാലും പുറത്തു നിന്ന് വരുന്നവരായാലും. അമ്മ അങ്ങനെ പഠിപ്പിച്ചതുകൊണ്ടാവും – എവിടെ പോയാലും മറ്റൊരാളുടെ കട്ടിലിൽ ഇരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു.

വലുതായപ്പോഴാണു അമ്മ പഠിപ്പിച്ച കാര്യം സത്യത്തിൽ മനസിലായത്. കട്ടിൽ എന്നത് ഒരു വ്യക്തിയുടെ സ്വകാര്യ സ്പേസ് ആണ്. ആ സ്പേസിലേക്ക് അതിക്രമിച്ച് കടക്കരുത്. മറ്റൊരാളുടെ കട്ടിലിൽ ഇരിക്കരുതെന്ന് പറയുന്നത് മറ്റൊരാളുടെ സ്വകാര്യതയിൽ അനധികൃതമായി കടക്കരുത് എന്ന് പറയുന്നത് കൊണ്ടാണ്. ഇതേ കാരണം കൊണ്ട് കൂടിയാണു പല വീടുകളിലും കാർന്നോന്മാരുടെ കസേരയിൽ ഇരിക്കരുത് എന്ന് മക്കളെ പഠിപ്പിക്കുന്നതും. എന്നാൽ അവിടെ കാർന്നോരുടെ സ്വകാര്യത മാത്രമല്ല, അവരുടെ സ്ഥാനത്തെയും ബഹുമാനിക്കുന്നുണ്ട് എന്ന് മാത്രം.

ചെറുപ്പത്തിലെ പഠിച്ച ഈ ശീലം മൂലം ഇന്നും ഏതെങ്കിലും വീട്ടിൽ ചെന്നാൽ അവിടുത്തെ ഗസ്റ്റ് റൂമിലൊ പോർട്ടിക്കോയിലൊ ഊണുമുറിയിലൊ ഹാളിലൊ മറ്റ് പൊതു ഇടങ്ങളിലൊ ഇരിക്കുന്നതല്ലാതെ അവരുടെ ബെഡ് റൂമിലേക്കൊ അടുക്കളയിലേക്കോ പ്രവേശിക്കാൻ മടിയാണ്. പരമാവധി ഇവിടങ്ങളിലേക്ക് നോക്കുന്നത് പോലും ഒഴിവാക്കും. കാരണം ആ മുറികളൊക്കെ ആ വീടുകളിൽ താമസിക്കുന്നവരുടെ സ്വകാര്യത ആണ്. ആ സ്വകാര്യതയിലേക്ക് അന്യർ അനുവാദമില്ലാതെ പ്രവേശിക്കാൻ പാടില്ല.

വീടുകളിൽ ഉള്ളതുപോലെ തന്നെ റെക്ടറികളിലും സന്യാസഭവനങ്ങളിലും പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളും ഉണ്ട്. അവിടങ്ങളിലേക്ക് വരുന്ന അന്യർ അവിടുത്തെ അന്തേവാസികളുടെ സ്വകാര്യ ഇടങ്ങളിലേക്ക് പ്രവേശിക്കരുത്. സന്യാസഭവനങ്ങളിലെ സ്വകാര്യ ഇടങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെയേറെ പ്രധാനപ്പെട്ടതാണ്. വളരെയധികം അത്യാവശ്യമില്ലെങ്കിൽ സന്യാസഭവനങ്ങളിലെ സ്വകാര്യ ഇടങ്ങളിലേക്ക് മറ്റൊരാളും പ്രവേശിക്കാൻ പാടില്ല.

സന്യാസഭവനങ്ങളിലെ ഇത്തരം സ്വകാര്യ ഇടങ്ങളെ ആവൃതി (cloisters) എന്നാണു വിളിക്കുന്നത്. സന്യാസികളെ സംബന്ധിച്ചായാലും സന്യാസിനികളെ സംബന്ധിച്ചായാലും ഇത്തരം ആവൃതികൾ വളരെ വിശുദ്ധമായ ഇടങ്ങളാണ്. അവിടങ്ങളിലേക്ക് അവരുടെ മാതാപിതാക്കൾക്ക് പോലും പ്രവേശനമില്ല. സാധാരണ ലോകത്തിൽ നിന്ന് വേർതിരിക്കപ്പെട്ട ഇടങ്ങളാണു ആവൃതികൾ. സന്യാസി-സന്യാസിനിമാരുടെ ഈ സ്പേസിലേക്ക് അതിക്രമിച്ച് ആരും കടക്കരുത്, കടത്തരുത്.

സാധാരണ രീതിയിൽ ഒരു സന്യാസഭവനത്തിലെ ഗസ്റ്റ് റൂമുകൾ, ചാപ്പൽ, ഊണുമുറി, സ്വീകരണ മുറി എന്നിവയൊഴിച്ച് ബാക്കിയുള്ള മുറികളൊക്കെ ആവൃതിയുടെ ഭാഗമാണ്. അവരുടെ ബെഡ് റൂമുകൾ, അടുക്കള ഒക്കെ ഇതിൽ പെടും. അനുവാദമില്ലാതെയും അത്യാവശ്യമില്ലാതെയും ഇത്തരം ഇടങ്ങളിലേക്ക് അന്യർ പ്രവേശിക്കുന്നത് അവിടുത്തെ സന്യാസി-സന്യാസിനിമാരെ അവഹേളിക്കുന്നതിനു തുല്യമാണ്.

ഇപ്പോൾ ചില സംശയങ്ങൾ തോന്നാം. ഒരു സന്യാസഭവനത്തിലെ അന്തേവാസിയായ ഒരു സന്യാസിയൊ സന്യാസിനിയൊ അനുവാദം തന്നാൽ അവരുടെ ബെഡ് റൂം ഉൾപ്പെടെയുള്ള ഈ ആവൃതിയിലേക്ക് മറ്റൊരാൾക്ക് പ്രവേശിക്കാമോ? പ്രവേശിക്കാം. പക്ഷെ അതിനു അനുവാദം തരേണ്ടത് ആ സന്യാസഭവനത്തിലെ അധികാരി അഥവാ സുപ്പീരിയർ ആയിരിക്കണം. അല്ലാതെ ഏതെങ്കിലും അംഗം ക്ഷണിച്ചു എന്ന കാരണത്താൽ ഒരിക്കലും ആവൃതി ലംഘിച്ച് അകത്ത് പ്രവേശിക്കരുത്. കാരണം, ആ ആവൃതി എന്നത് ഒരു അംഗത്തിനു മാത്രം അവകാശപ്പെട്ട സ്വകാര്യതയൊ പവിത്രതയൊ അല്ല. ആ ഭവനത്തിലെ എല്ലാവർക്കും അവകാ‍ശപ്പെട്ടതാണ്. അതുകൊണ്ട് ആശ്രമാധിപയുടെയൊ അധിപന്റെയൊ അനുവാദമില്ലാതെ മറ്റൊരാളെ ആ ആവൃതിയിലേക്ക് പ്രവേശിപ്പിക്കുവാൻ ഒരു സന്യാസിക്കും സന്യാസിനിക്കും അവകാശമില്ല.

ഇത്തരം നിയമം ഒരു സന്യാസിയൊ സന്യാസിനിയൊ ലംഘിച്ചാൽ, അനുവാദമില്ലാതെ ഒരാളെ തന്റെ മുറിയിൽ രാത്രി തങ്ങാൻ അനുവദിച്ചാൽ, അനുവാദമില്ലാതെ ആവൃതിയുടെ മറ്റിടങ്ങളിലേക്ക് പ്രവേശിപ്പിച്ചാൽ അത് സന്യാസഭവനങ്ങളുടെ നിയമത്തിനെതിരാണ്. ആത്മീയതക്കെതിരാണ്. അതിനാൽ പ്രസ്തുത കാര്യത്തിനു കാരണക്കാരായ സന്യാസിയൊ സന്യാസിനിയൊ അതിനു മറുപടി പറയേണ്ടി വരും. അതുകൊണ്ട്, സന്യാസഭവനത്തിൽ താമസിക്കുന്ന ഒരു വ്യക്തിക്കെതിരെ “അനുവാദമില്ലാതെ ഒരാളെ തന്റെ മുറിയിൽ രാത്രി തങ്ങാൻ അനുവദിച്ചു” എന്ന ആരോപണം വന്നാൽ അതിനർത്ഥം അവർ രാത്രിയിൽ എന്തെങ്കിലും ചെയ്തു എന്നല്ല, മറിച്ച് “ആവൃതി” ലംഘിച്ചു എന്നാണ്. സഹസന്യാസികളോടൊ സഹസന്യാസിനികളോടോ ഉള്ള ബഹുമാനക്കുറവാണ് അത് സൂചിപ്പിക്കുന്നത്. സന്യാസത്തിന്റെ ചൈതന്യത്തോടുള്ള വെല്ലുവിളിയാണ്.

അതിനാൽ പ്രിയ സഹോദരങ്ങളെ, നമ്മുടെ വീടുകളിലെ സ്വകാര്യതയെ നാം ബഹുമാനിക്കുന്നതുപോലെ സന്യാസിമാരുടെയും സന്യാസിനിമാരുടെയും സ്വകാര്യതയെ മാനിക്കാൻ നാം പഠിക്കണം. സന്യാസഭവനങ്ങൾ നമുക്ക് സഞ്ചാരസ്വാതന്ത്രം ഉള്ള ഹൈവേകൾ അല്ല. അവ രാത്രി തങ്ങാനുള്ള സത്രങ്ങളുമല്ല. അവ സ്വകാര്യതയും നിശബ്ദതയുമൊക്കെ ആവശ്യപ്പെടുന്ന ലോകത്തിൽ നിന്നു വേർതിരിക്കപ്പെട്ട ഇടങ്ങളാണ്.

ബിബിൻ മഠത്തിൽ