പരിശുദ്ധാത്മാവുമായുള്ള ബന്ധം ഈ വാക്കിനോളം ലളിതം

പിതാവായ ദൈവവും പുത്രനായ ഈശോയും തമ്മിൽ നമുക്ക് ബന്ധവും അടുപ്പവുമുണ്ടെങ്കിലും പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമുക്ക് പലപ്പോഴും പ്രകടമാകാത്തതിനാൽ ത്രിത്വൈക ദൈവത്തിൽ പരിശുദ്ധാത്മാവുമായി മാത്രം നമുക്കെല്ലാം അടുപ്പം കുറവായിരിക്കും. 2008-ൽ ബനഡിക്ട് പതിനാറാമൻ പാപ്പാ യുവജനങ്ങളോട് സംസാരിക്കവെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു – സഭയിൽ ഇന്നും പല ക്രൈസ്തവർക്കും പരിശുദ്ധാത്മാവ് എന്നത് ഒരു അഞ്ജാതവ്യക്തിയാണെന്ന്.

വിശുദ്ധഗ്രന്ഥത്തിലെ വെളിപാടുകളിലൂടെ മാത്രമേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും മഹത്വവും യഥാര്‍ത്ഥത്തിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് ബനഡിക്ട് പാപ്പാ നൽകിയ വിശദീകരണം. ക്രൈസ്തവന് ജീവനും ആത്മാവും പകരുന്ന, സഭയിലെ നിരന്തര സാന്നിധ്യമായ, കൂദാശകളിലൂടെ സഭയെയും സഭാമക്കളെയും വിശുദ്ധീകരിച്ചു കൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ച് അറിയാൻ പരമാവധി ശ്രമിക്കണമെന്ന് പാപ്പാ പറഞ്ഞിരുന്നു.

പരിശുദ്ധാത്മാവോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന വി. ജോസ്മരിയ എസ്ക്രിവ പരിശുദ്ധാത്മാവുമായി പുലർത്തേണ്ട ബന്ധത്തെ ഒരു വാക്കിൽ നിർവ്വചിച്ചിട്ടുണ്ട്. വിധേയത്വം എന്ന വാക്കാണത്. പരിശുദ്ധാത്മാവിനോട് വിധേയത്വം കാട്ടുക എന്നാൽ അവിടുത്തെ ദാനങ്ങളും ഫലങ്ങളും അവിടുത്തെ ഇടപെടലുകളും എളിമയോടും വിധേയത്വത്തോടും കൂടെ സ്വീകരിക്കുക എന്നാണെന്ന് വി. ജോസ്മരിയ വ്യക്തമാക്കുന്നത്.

ദൈവത്തിന്റെ ഹിതവും പദ്ധതികളും ലോകത്തിൽ നടപ്പിലാക്കുന്ന ശക്തിയാണ് പരിശുദ്ധാത്മാവ്. കൃപകളുടെ ദാതാവും ഹൃദയത്തിന്റെ പ്രകാശവും ദുഃഖത്തിൽ ആശ്വാസവും അധ്വാനിക്കുന്നവർക്ക് ആശ്വാസവും നൽകുന്ന ആത്മാവിനെ വിധേയത്വം എന്ന വാക്ക് പ്രാവർത്തികമാക്കിക്കൊണ്ട് ഹൃദയത്തിൽ സ്വീകരിക്കാം.