വീടിന്റെ മുന്നില്‍ മാതാവിന്റെ ചിത്രം മാറ്റുവാന്‍ വിസമ്മതിച്ച് 85 കാരി

വീടിന്റെ മുന്നില്‍ സ്ഥാപിച്ച ഗ്വാഡാലൂപ്പി മാതാവിന്റെ ചിത്രം മാറ്റാന്‍ വിസമ്മതിച്ച് എണ്‍പത്തിയഞ്ചുകാരിയായ വൃദ്ധ. ഫ്‌ലോറിഡയിലെ മിലി ഫ്രാന്‍സിസ് എന്ന വൃദ്ധയാണ് തന്റെ മൊബൈല്‍ വീടിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ചിത്രം മാറ്റാനുള്ള, വസ്തു ഉടമയുടെ ആവശ്യം നിരാകരിച്ചത്.

അവര്‍ക്കു മാതാവിന്റെ ചിത്രം മാറ്റണം എങ്കില്‍ അവര്‍ ആദ്യം എന്നെ കൊല്ലട്ടെ എന്നാണ് മുത്തശ്ശി പറയുന്നത്. ഉറച്ച കത്തോലിക്കാ വിശ്വാസത്തിന് ഉടമയായ മുത്തശ്ശിക്ക് ഗ്വാഡാലൂപ്പി മാതാവിനോട് ആഴമായ ഭക്തിയുണ്ട്. അതിനാലാണ് വീടിനു മുന്നിലെ ഗ്ലാസില്‍ മാതാവിന്റെ ചിത്രം പെയിന്റ് ചെയ്തത്. എന്നാല്‍ ചിത്രം പെയിന്റ് ചെയ്തതിനെ തുടര്‍ന്ന് സ്ഥലം ഉടമ അത് മാറ്റണം എന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഈ ചിത്രം അത് ആരെയും മുറിപ്പെടുത്തുന്നില്ല. കാണുന്നവരില്‍ ഒരു ശാന്തത സൃഷ്ടിക്കുവാന്‍ മാത്രമേ കാരണമാവുകയുള്ളൂ. ഇതും ഒരു സുവിശേഷവത്ക്കരണ പ്രവര്‍ത്തിയാണ്. അതിനാല്‍ തന്നെ ഇതു മാറ്റുകയില്ലെന്നും തുടര്‍ന്നും ചിത്രം അവിടെ തന്നെ വയ്ക്കുന്നതിനുള്ള നിയമപരമായ അനുമതിക്കായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് താനെന്നും മുത്തശി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.