പ്രേഷിത സംഗമാര്‍ത്ഥികള്‍ക്ക് റിഫ്രഷ്‌മെന്റ് കേന്ദ്രങ്ങള്‍

ചരിത്രസംഭവമായി പരിണമിക്കാന്‍ പോകുന്ന വല്ലാര്‍പാടം മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വന്‍ഷന്‍ 2017 ത്രിദിന പ്രേഷിത സംഗമമാണ്. സംഗമത്തിനായി എത്തിച്ചേരുന്ന പ്രേഷിതസംഗമ പ്രതിനിധികളെ മുഴുവന്‍ സ്വീകരിക്കാന്‍ കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ ആലുവ മുതല്‍ ഇടക്കൊച്ചി വരെ വിവിധയിടങ്ങളില്‍ റിഫ്രഷ്‌മെന്റ് കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. മലനാട്ടില്‍ നിന്നും ഇടനാട്ടില്‍ നിന്നും തീരനാട്ടില്‍ നിന്നും എത്തിച്ചേരുന്ന രൂപതാ പ്രതിനിധി സംഘങ്ങളെ റിഫ്രഷ്‌മെന്റ് കേന്ദ്രങ്ങളില്‍ നിന്നുമാണ് പ്രത്യേക വാഹനങ്ങളില്‍ കണ്‍വന്‍ഷന്റെ പ്രധാന സംഗമ വേദിയായ വല്ലാര്‍പാടം ബസിലിക്കയിലേക്ക് ഒക്‌ടോബര്‍ ആറിന് രാവിലെ ആനയിക്കുന്നത്.

പ്രേഷിത പ്രവര്‍ത്തനം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് സുവിശേഷ പ്രഘോഷണ ദൗത്യമാണ്. ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ ക്രൈസ്തവന്റെയും കടമയും ഉത്തരവാദിത്വവുമാണ് സദ്വാര്‍ത്താവാഹകരാകുക എന്നത്. ഇതിനായി നാടും വീടും വിട്ടുപേക്ഷിച്ച് അന്യദേശത്തുപോയി മിഷണറിമാരായി ത്യാഗജീവിതം നയിക്കുക എന്നതുമാത്രമല്ല പ്രേഷിതപ്രവര്‍ത്തനം കൊണ്ടര്‍ത്ഥമാക്കുന്നത്. ഓരോ വ്യക്തിയും അവരായിരിക്കുന്ന അവസ്ഥയില്‍ അവരവരുടേതായ ചുറ്റുപാടുകളിലെ ജീവിതസാഹചര്യങ്ങളില്‍ സാക്ഷ്യമായി ജീവിക്കുന്നതും പ്രേഷിതപ്രവര്‍ത്തനമാണ്. എവിടെയൊക്കെ ക്രൈസ്തവ സാക്ഷികളായിത്തീരാന്‍ സാധിക്കുന്നുവോ അവിടെയൊക്കെ ഓരോരുത്തരും മിഷണറിമാരായിത്തീരുകയാണ്. പഠനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഗ്രൂപ്പുചര്‍ച്ചകളിലൂടെയും ജീവിതസമ്പര്‍ക്കങ്ങളിലൂടെയും ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയെന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയും ദൗത്യവും. അതുതന്നെയാണ് സുവിശേഷപ്രവര്‍ത്തനവും. മിഷന്‍ കോണ്‍ഗ്രസിലൂടെ പ്രാവര്‍ത്തികമാകാന്‍ പോകുന്നതും ഈ പ്രേഷിത പ്രഘോഷണമാണ്.

മിഷന്‍ കോണ്‍ഗ്രസിനൊപ്പം സംഘടിപ്പിച്ചിരിക്കുന്ന ബിസിസി കണ്‍വന്‍ഷന്‍ കേരള ലത്തീന്‍ സഭയെ ഒരേ വീക്ഷണവും സംവിധാനവുമുള്ള പങ്കാളിത്ത സഭയാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി കൂടിയാണ്. സഭയിലെ ശുശ്രൂഷാപ്രവര്‍ത്തനങ്ങളെ ആറ് ശുശ്രൂഷാമേഖലകളായി തിരിച്ച് ഏകോപനത്തോടെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. കേരള ലത്തീന്‍ സഭയുടെ ഭാവി പ്രയാണത്തിന് ദിശാബോധമേകാനുതകും വിധത്തില്‍ കേരളത്തിലെ ലത്തീന്‍ സഭാംഗങ്ങളുടെ മുഴുവന്‍ സജീവ പങ്കാളിത്തത്തോടെയാണ് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ഈ പ്രേഷിത സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. സംഗമത്തിനെത്തിച്ചേരുന്ന പ്രതിനിധികളെ പ്രധാന വേദിയായ വല്ലാര്‍പാടം ബസിലിക്കയിലേക്കും അയല്‍ രൂപതകളായ ആലപ്പുഴ, കൊച്ചി, വരാപ്പുഴ, കോട്ടപ്പുറം എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന മറ്റ് 22 സെന്ററുകളിലേക്കും ഒരുമിച്ച് ആനയിക്കുന്നതിനാണ് റിഫ്രഷ്‌മെന്റ് കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ വാഹന സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

വിവിധ രൂപതകളില്‍ നിന്നും ഒക്‌ടോബര്‍ ആറിന് എറണാകുളത്തെത്തിച്ചേരുന്ന പ്രതിനിധികള്‍ക്ക് ഒരുമിച്ച് സംഗമിക്കുന്നതിന് ക്രമീകരിച്ചിട്ടുള്ള റിഫ്രഷ്‌മെന്റ് കേന്ദ്രങ്ങളാണ് ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി (നെയ്യാറ്റിന്‍കര രൂപത), ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി (വിജയപുരം/മറയൂര്‍, കണ്ണൂര്‍, കോഴിക്കോട്, സുല്‍ത്താന്‍പേട്ട് രൂപതകള്‍) ആലപ്പുഴ പുന്നപ്ര ഐഎംഎസ് ധ്യാനകേന്ദ്രം (തിരുവനന്തപുരം അതിരൂപത), ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്റര്‍ (കൊല്ലം, പുനലൂര്‍ രൂപതകള്‍), ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പാരിഷ് ഹാള്‍ (ആലപ്പുഴ രൂപത) എന്നിവ.

ഓരോ രൂപതകളില്‍ നിന്നും എത്തിച്ചേരുന്ന പ്രേഷിത പ്രതിനിധി സംഘത്തെ നയിക്കുന്നതിനും അവര്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ക്കുമായി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സമിതി മുന്‍കൂട്ടി പ്രതിനിധികളെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ബാബു കാളിപ്പറമ്പില്‍ (നെയ്യാറ്റിന്‍കര), സി.ജെ.പോള്‍ (തിരുവനന്തപുരം), അനൂപ് കണ്ടക്കടവ് (പുനലൂര്‍), ബാബു തണ്ണിക്കോട് (കൊല്ലം), സന്തോഷ് ജോസഫ് (ആലപ്പുഴ), ജോമോന്‍ ചിറക്കല്‍ (വിജയപുരം), റോയ് പാളയത്തില്‍ (വരാപ്പുഴ), പൈലി ആലുങ്കല്‍ (കൊച്ചി), അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് (കോട്ടപ്പുറം), ജെയ്‌സണ്‍ ആദപ്പിള്ളി (സുല്‍ത്താന്‍പേട്ട്), പി.ജെ. തോമസ് (കോഴിക്കോട്), പി.ടി. ജോസ്‌മോന്‍ (കണ്ണൂര്‍) എന്നിവര്‍ക്കാണ് നിയന്ത്രണ ഏകോപന ചുമതല.

മിഷന്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്ന മുഖ്യാതിഥികളെയും വിശിഷ്ട വ്യക്തികളെയും സ്വീകരിക്കുന്നതിനും അവരുടെ ഗതാഗത സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനുമായി പി.ജെ. തോമസ്, ജയ്‌സണ്‍ ആദപ്പിള്ളി, പി. ടി. ജോസ്‌മോന്‍ എന്നിവരുള്‍പ്പെട്ട സമിതിയേയും നിയോഗിച്ചിട്ടുണ്ട്.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെയര്‍മാന്‍ മോണ്‍. ജോസ് പടിയാരംപറമ്പില്‍, ജനറല്‍ കണ്‍വീനര്‍മാരായ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, അഡ്വ. ഷെറി ജെ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ റിട്ട. പൊലീസ് സൂപ്രണ്ട് മാര്‍ട്ടിന്‍ കെ. മാത്യു, റിട്ട. സീനിയര്‍ ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ബി. ജെ. ആന്റണി എന്നിവരാണ് ഗതാഗത-ക്രമസമാധാന കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ജെസി ചാത്യാത്ത്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.