സീറോമലബാര്‍: ഫെബ്രുവരി 12: യോഹ. 3: 22-31 സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളവനും ഭൂമിയില്‍ നിന്നുള്ളവനും

ഒരു യഥാര്‍ത്ഥ ശിഷ്യന്റെ ദൗത്യമെന്തെന്നും ദൗത്യനിര്‍വ്വഹണത്തിനുശേഷം അവനുണ്ടായിരിക്കേണ്ട മനോഭാവമെന്തെന്നും വ്യക്തമാക്കുന്ന സുവിശേഷഭാഗമാണ് ഇന്നു നമ്മുടെ വിചിന്തനത്തിനായി നല്കപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥ ശിഷ്യന്റെ മാതൃകയായി സ്‌നാപക യോഹന്നാന്‍ അവതരിപ്പിക്കപ്പെടുന്നു. ഏല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കി സംതൃപ്തിയോടെ, തങ്ങളുടെ ശിഷ്യന്മാരുടെ, മക്കളുടെ വളര്‍ച്ചയില്‍ ദൈവത്തിനുനന്ദി പറഞ്ഞ് അവരെ വലിയ ഉത്തരവാദിത്വങ്ങള്‍ ഭരമേല്ക്കുവാന്‍ പ്രാപ്തരാക്കിയതിനുശേഷം പിന്നില്ക്ക് മാറി, സമാധാനത്തോടെ, ‘അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം’ എന്ന് പ്രസ്താവിച്ച് സാക്ഷ്യജീവിതം തുടരുന്നതിനുള്ള മാതൃക – മാതാപിതാക്കന്മാര്‍ക്കും ഗുരുഭൂതര്‍ക്കും എല്ലാം അനുകരണീയമായ മാതൃക, ഇന്നത്തെ പെരുന്തച്ചന്‍ കോംപ്ലക്‌സുകളുടെ മുമ്പില്‍ വെല്ലുവിളിയുയര്‍ത്തുന്നു. മാമ്മോദീസാ സ്വീകരിച്ചവന്‍ ‘ഇവന്‍ എന്റെ പ്രയപുത്രന്‍ ‘എന്നു സാക്ഷ്യം ലഭിച്ചവനാണ്. നാം സ്വര്‍ഗ്ഗത്തിന്റെ പുത്രന്മാരാണ്. സ്വര്‍ഗ്ഗത്തിന്റെ പുത്രന്മാരെങ്കില്‍ സ്വര്‍ഗ്ഗീയകാര്യങ്ങള്‍ അന്വേഷിക്കാനും സ്വര്‍ഗ്ഗീയകാര്യങ്ങള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാക്ഷ്യപ്പെടുത്താനുമായി അഭിഷേചിക്കപ്പെട്ടിരിക്കുന്നവരാണ് നാമോരുരുത്തരും. തങ്ങളുടെ ദൗത്യത്തിനും വിശ്വാസത്തിനുംവേണ്ടി രക്തസാക്ഷി മകുടം ചൂടിയവരുടെയും വിശുദ്ധാത്മാക്കളുടെയും ജീവിതമാതൃക സ്വന്തമാക്കാന്‍ ദനഹാക്കാലം നമ്മെ ക്ഷണിക്കുന്നു.

ഡോ. ബിനോയി അമ്പഴത്തിനാല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.