ഇനി കുരിശ് പൂക്കുന്ന കാലം

ജിന്‍സി സന്തോഷ്‌

കാൽവരിയിലെ ക്രിസ്തുവിൻ്റെ സഹനങ്ങൾ ലോകത്തിന്‌ അനുഗ്രഹമായതു പോലെ. ചില സഹനങ്ങൾ പൊട്ടി മുളച്ചല്ലേ, അനുഗ്രഹത്തിൻ്റെ വൃക്ഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഫലം ചൂടിയത്? മനുഷ്യർ ചെയ്തു കൂട്ടുന്ന പാപങ്ങളെ പ്രതി ഭൂമിയിലെ സകല കുരിശുകളിലും ക്രിസ്തുവിൻ്റെ രക്തം ഇപ്പോഴും ഒഴുകികൊണ്ടിരിക്കുന്നു.

അവിടുത്തെ മുറിവുകൾ ഉണങ്ങുന്നില്ല. നിരപരാധികളും നിരാലംബരും പീഡിപ്പിക്കപ്പെടുന്നിടത്ത്, ആ തിരുമുറിവുകളിൽ നിന്നും രക്തവും കണ്ണീരും ഒഴുകുകയാണ്. മനുഷ്യനെ മുറിപ്പെടുത്തുമ്പോൾ, മുറിവേൽക്കുന്നത് ദൈവത്തിന് എന്ന് സാരം. കൂരമ്പുകൾക്കു സമാനമായ എൻ്റെ ചില മൗനങ്ങൾ, ചാട്ടുളി പോലെ എൻ്റെ വാക്കുകൾ…എത്ര മനസ്സുകൾ ഇതിനകം മുറിവേറ്റുവോ ആവോ? ഒപ്പം ദൈവവും.

മനുഷ്യപുത്രൻ്റെ രക്തം വാർന്ന കുരിശ് ആകാശങ്ങൾക്കുയരെ വിശുദ്ധാത്മാമാക്കളുടെ കുന്നിൻ ചെരുവിൽ ഒരു മരമായി വളർന്നു. സ്നേഹം തളിർക്കുന്നു, ഇനി കുരിശുമരം പൂക്കുന്ന കാലം. ഏതു മുറിവും സഹിച്ചു കൊണ്ട്, ഏതപമാനവും സഹിച്ചു കൊണ്ട്, ചിലപ്പാൾ ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞു കൊണ്ട് നീ സ്നേഹിക്കുമ്പോൾ നിൻ്റെ കുരിശിൻ്റെ പിന്നാമ്പുറത്ത് തോളോട് തോൾ ചേർന്ന് ക്രിസ്തു ഉണ്ട് എന്ന് തിരിച്ചറിയുക.

വിശുദ്ധാത്മാക്കളുടെ കുന്നിൻ ചെരുവിലെ ഒരു തൈ മരമാവാൻ അവൻ നിന്നെ ചേർത്തു നിർത്തും. “ദൈവത്തോട് ചേർന്നു നിൽക്കുവിൻ; അവിടുന്ന് നിങ്ങളോടും ചേർന്നു നിൽക്കും.” (യാക്കോബ് 4:8)

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.