മൂന്നു പ്രലോഭനങ്ങൾ

ഫാ. അജോ രാമച്ചനാട്ട്

“യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു. പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.”(മത്തായി 4 : 2-3 )

ഭക്ഷണം, പ്രശസ്തി, അധികാരം. ഇവ മൂന്നുമാണ് പ്രലോഭകൻ മുന്നിൽ  നിരത്തുന്ന മൂന്നു പ്രലോഭനങ്ങൾ.  നോക്കൂ, ഇവ മൂന്നും ഈശോയ്ക്ക് അവകാശപ്പെട്ടതാണ്. ഏതൊക്കെയോ സമയത്ത് അവന്റെ ജീവിതത്തിൽ സംഭവിക്കേണ്ടതുമാണ്.- വിശന്നിരിക്കുകയാണ്, ഭക്ഷണം കഴിക്കേണ്ടതുണ്ട്. – ദൈവപുത്രത്വം മനുഷ്യർ അംഗീകരിക്കേണ്ടതുണ്ട്, അതിനാണല്ലോ വന്നതും. – ലോകത്തിലെ സർവതും അവന്റേതാകേണ്ടതുണ്ട്.

പിന്നെയെന്തുകൊണ്ടാണ് അവൻ മൂന്നിനെയും നിഷേധിക്കുന്നത്? സമയമായില്ല എന്നതുതന്നെ. ഓരോന്നിലേയ്ക്കും എത്താനുള്ള ക്ഷമയും, കാത്തിരിപ്പും വേണ്ടിടത്ത് “ഇപ്പോൾത്തന്നെ വേണ”മെന്ന് ആഗ്രഹിക്കുന്നിടത്ത് പാപത്തിലേയ്ക്കുള്ള നടത്തം ആരംഭിക്കുകയായി..

– അധ്യാനിച്ച് കാത്തിരുന്നു നേടേണ്ട സമ്പത്ത് ഇന്ന് തന്നെ വേണമെന്ന് ആഗ്രഹിക്കുമ്പോൾ അത് പാപത്തിലേക്കുള്ള പടിയാവുകയാണ്..

– വിവാഹ ജീവിതത്തിൽ കിട്ടേണ്ട ആനന്ദം ഇന്ന് ഇപ്പോൾ വേണമെന്ന് ആഗ്രഹിക്കുമ്പോഴും..

– ഭാര്യയുടെ/ഭർത്താവിന്റെ അടുക്കൽ വരെ എത്താൻ എനിക്ക് ക്ഷമ ഇല്ലാതെ വരുമ്പോഴും..

– അധ്യാനിച്ച് പഠിച്ച് മാർക്ക് വാങ്ങാൻ ക്ഷമ നഷ്ടപ്പെടുമ്പോഴും..
സുഹൃത്തേ, നമ്മൾക്ക് കാലിടറുകയാണ്..!

പ്രലോഭനങ്ങളെ തിരിച്ചറിയാനുള്ള കൃപയും ശക്തിയുമാണ് നമ്മൾക്കാദ്യം വേണ്ടത്. 40 ദിവസത്തെ മരുഭൂമിയിലെ ഉപവാസം അവന് കൊടുത്തതും പ്രലോഭനങ്ങളെ എതിരിടാനുളള ശക്തിയാണ്.

നമ്മുടെ മുന്നിലുള്ള മുഖം മൂടി വച്ച ക്ഷണങ്ങളെ, പ്രലോഭനങ്ങളാണെന്ന് തിരിച്ചറിയാനുള്ള കൃപ – അതാണ് നോമ്പും ഉപവാസവും തരുന്ന ശക്തി.
ദൈവകൃപ ശക്തമായി കൂടെയുള്ള ഒരു നോമ്പുകാലം ഹൃദയപൂർവം..

ഫാ. അജോ രാമച്ചനാട്ട്