സീറോമലബാര്‍: ഫെബ്രുവരി 5: യോഹ.3:14-21 പ്രകാശത്തിലേയ്ക്കുവരുവിന്‍

‘ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല, മറിച്ച് അവന് ജീവന്റെ പ്രകാശം ലഭിക്കും'(യോഹ. 8: 12). ദനഹാക്കാലം ദൈവികവെളിപാടിന്റെ കാലമാണ്. വചനത്തിലൂടെയും പരസ്യജീവിതത്തിലൂടെയും വെളിപ്പെടുത്തുന്ന രക്ഷകന്റെ സവിധത്തിലേയ്ക്കു വരുവാനും സ്വീകരിക്കുവാനും സ്വജീവിതത്തിലൂടെ രക്ഷക്ക് സാക്ഷ്യമേകുവാനും നമ്മെ ക്ഷണിക്കുന്ന ആരാധനക്രമവത്സര കാലഘട്ടം. നമുക്കായി നല്കപ്പെട്ടിരിക്കുന്ന രക്ഷയുടെ മുമ്പില്‍ കണ്ണുകള്‍ ഇറുക്കിയടച്ച് അന്ധകാരത്തിന്‍ നടക്കുന്നതാണ് തിന്മ. നന്മയെ ഉപേക്ഷിക്കാന്‍, നന്മയ്‌ക്കെതിരെ പുറം തിരിഞ്ഞു നില്ക്കാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ് : സ്വാര്‍ത്ഥത, താല്‍ക്കാലികനേട്ടം, അപമാനഭീതി, നഷ്ടപ്പെടലുകളെക്കുറിച്ചുള്ള ഭയം. എന്നാല്‍ ഇതാണ് യഥാര്‍ത്ഥ അടിമത്തം. തിന്മ പ്രവര്‍ത്തിക്കുകയും അതില്‍ നിന്നു പിന്മാറുവാന്‍ ആഗ്രഹിക്കുകയോ ചെയ്യാത്തവരാണ് സൂര്യനെ ഊതിക്കെടുത്തുവാനും തിരമാലയെ വേലികെട്ടി തടഞ്ഞുനിര്‍ത്തുവാനും പരിശ്രമിക്കുന്നത്. തിന്മയുടെ അടിമത്തില്‍ ജീവിക്കുക എന്നതാണ് ശിക്ഷാവിധി. നല്കപ്പെട്ടിരിക്കുന്ന രക്ഷകനെ ദര്‍ശിക്കുവാന്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ തുറക്കണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. രക്ഷകനില്‍ നിന്നും നമ്മുടെ ഹൃദയവിളക്കുകള്‍ നമുക്ക് കൊളുത്താം.

ഡോ. ബിനോയി അമ്പഴത്തിനാല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.