“ഭീഷണികളുടെ നടുവിലാണ് ഞങ്ങൾ”: റെഡ് വെനസ്ഡേ ദിനത്തിൽ മരിയ ഷഹബാസിന്റെ സാക്ഷ്യം

ഫാ. ബിബിൻ മഠത്തിൽ

ഇന്ന് #RedWednesday. ലോകത്തിലെ പീഡിപ്പിക്കപ്പെടുന്ന സഭയെ ഓർക്കുന്ന ദിവസം. ഇന്നേ ദിവസം യു.കെ പാർലമെന്ററി കമ്മിറ്റിയുടെ കൂടെ സഹായത്തിൽ എ.സി.എൻ സംഘടിപ്പിച്ച “Set Your Captives Free” എന്ന സെമിനാറിൽ പങ്കെടുത്തു. ആ സെമിനാറിൽ പാക്കിസ്ഥാനിൽ നിന്നുള്ള മെയ്‌റ (മരിയ) ഷഹബാസ്  വീഡിയോ ടെസ്റ്റിമണി നൽകി. ആ സന്ദേശത്തിന്റെ മലയാള വിവർത്തനം താഴെ കൊടുക്കുന്നു. തട്ടിക്കൊണ്ടു പോയി, മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യപ്പെട്ട്, മതം മാറ്റപ്പെട്ട്, തന്റെ ഇഷ്ടത്തിനു വിപരീതമായി വിവാഹം ചെയ്യപ്പെട്ട മെയ്‌റ ഷഹബാസിനു പറയാനുള്ളത് നമുക്ക് കേൾക്കാം. അതൊടൊപ്പം മെയ്‌റക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം.

ചർച്ച് ഇൻ നീഡ് യു.കെയ്ക്ക് മെയ്‌റ ഷഹബാസിന്റെ സന്ദേശം #റെഡ്‌വെഡ്നെസ്‌ഡേ. എന്റെ പേരു മെയ്‌റ എന്നാണ്. ഞാൻ നിങ്ങളുമായി വിശുദ്ധ ബൈബിളിൽ നിന്നുള്ള ഒരു ഭാഗം പങ്കുവക്കാം.

സങ്കീർത്തനം 82:3-4 — “ദുർബലർക്കും അനാഥർക്കും നീതിപാലിച്ചു കൊടുക്കുവിൻ; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിൻ. ദുർബലരെയും പാവപ്പെട്ടവരെയും രക്ഷിക്കുവിൻ; ദുഷ്ടരുടെ കെണികളിൽ നിന്ന് അവരെ മോചിപ്പിക്കുവിൻ.” ദൈവവചനത്തിന്റെ അനുഗ്രഹം നാമെല്ലാവരോടുമൊപ്പം ഉണ്ടാവട്ടെ. ആമേൻ.

എന്റെ പേരു മെയ്‌റ എന്നാണ്. ആറു മാസം മുമ്പ് എന്നെ ചിലർ തട്ടിക്കൊണ്ടു പോയി. അവർ എന്നെ ബലമായി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തി. എന്നിട്ട് എന്റെ ഇഷ്ടത്തിനെതിരായി അവർ എന്റെ കല്യാണവും നടത്തി. എന്നെ ബ്ലാക്ക്മെയിൽ നടത്തി പീഡിപ്പിക്കുകയും വളരെ മോശമായി ദുരുപയോഗിക്കുകയും ചെയ്തു. എന്നെ പേടിപ്പിച്ചു ഒരു മുറിയിൽ അടച്ചിട്ടു. അവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ എന്നെയും എന്റെ കുടുംബത്തിനെയും കൊല്ലുമെന്ന് അവരെന്നെ ഭീഷണിപ്പെടുത്തി.

എനിക്കു വേണ്ടി പ്രാർത്ഥിക്കുകയും എന്നെ രക്ഷിക്കുകയും ചെയത ബിഷപ്പ് ഇഫ്ത്തിക്കർ ഇന്ത്രയാസിനും സഭക്കും ഞാൻ നന്ദി പറയുന്നു. അന്തർദേശീയ സഭയോടും ക്രിസ്ത്യൻ കമ്മ്യൂണിറ്റിയോടും അവരുടെ പ്രാർത്ഥനകൾക്ക് ഞാൻ നന്ദി പറയുന്നു. പാക്കിസ്ഥാനിൽ എന്റെയും എന്റെ ഫാമിലിയുടെയും ജീവൻ അപകടത്തിലാണ്. ഞങ്ങൾക്ക് കൊലപാതകഭീഷണികൾ നിരന്തരം ലഭിക്കുന്നു. ഞങ്ങൾക്ക് വളരെ ഭയചകിതരും ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് ആകുലരുമാണ്.

ഞാൻ ഇനി ഈ സമയത്ത് ദുരിതമനുഭവിക്കുന്ന ഫറ ഷഹീനും ഹുമ യൂനസിനും ആർജൂ രാജക്കും വേണ്ടി പ്രാർത്ഥിക്കാം.

‘സ്വർഗസ്ഥനായ പിതാവേ, എല്ലാ നന്മകളുടെയും ഉറവിടമേ, ഞാൻ നിന്നെ സ്തുതിക്കുന്നു. അവിടുന്ന് എന്നേക്കും ജീവിക്കുന്നവനാകുന്നു. നീ കാരുണ്യവാനും അനന്തമായി സ്നേഹിക്കുന്നവനുമാകുന്നു. അവിടുത്തെ വിശ്വസ്ഥത എല്ലാ തലമുറകളിലും നിലനിൽക്കുന്നു. കർത്താവേ, ഞാൻ ക്രൈസ്തവ സമുദായത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങളെ നിന്റെ കരങ്ങളുടെ കീഴിൽ കാത്തുകൊള്ളണമേ. കർത്താവേ, നിന്റെ ജനതയെ എല്ലായിടത്തും എപ്പോഴും അനുഗ്രഹിക്കണമേ. സ്വർഗസ്ഥനായ പിതാവേ, ക്രൈസ്തവ സമുദായത്തിലെ എല്ലാ മൈനർ പെൺകുട്ടികളേയും കാത്തുകൊള്ളണമേ. അവരെ അവിടുത്തെ കരുണയുള്ള കരങ്ങളാൽ സംരക്ഷിക്കണമേ. അവിടുത്തെ ചിറകിനടിയിൽ ഒളിപ്പിക്കണമേ. കർത്താവേ, ഞാൻ ഹുമാ യൂനസിനും ആർജൂ രാജക്കും ഫറ ഷഹീനും വേണ്ടി പ്രാർത്ഥിക്കുന്നു. കർത്താവേ അവരിപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്നും അവരെ രക്ഷിക്കണമേ. ചങ്ങലകളെ പൊട്ടിക്കണമേ. ദുഷ്ടരിൽ നിന്നും അവരെ രക്ഷിക്കണമേ. അവിടുത്തെ വചനത്തിന്റെ ശക്തി ഞങ്ങളോടൊപ്പം ഉണ്ടാകണമേ. ബിഷപ്പ് ഇഫ്തികാറിനും ടീമിനും സഭക്കും വേണ്ടി കുടുംബത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. കർത്താവേ,  അങ്ങയുടെ ഈ മൂന്നു പെണ്മക്കളുടെ കുടുംബങ്ങൾക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അവരെ ശക്തിയും ബലവും നൽകി അനുഗ്രഹിക്കണമേ. ഈ വരങ്ങളെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു. ആമേൻ.’

ഫാ. ബിബിൻ മഠത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.