വിഘടനവാദി സംഘടനയുടെ തടങ്കലില്‍ ധൈര്യവും സന്തോഷവും പകര്‍ന്നത് വിശുദ്ധ കുര്‍ബാനയെന്ന് കാമറൂണ്‍ വൈദികന്റെ വെളിപ്പെടുത്തല്‍

കാമറൂണില്‍ വിഘടനവാദി സംഘടനയുടെ തടങ്കലില്‍ കഴിഞ്ഞ സമയത്ത് വിശുദ്ധ കുര്‍ബാനയാണ് തനിക്ക് ധൈര്യവും ആത്മശാന്തിയും നല്‍കിയതെന്ന് വെളിപ്പെടുത്തി കത്തോലിക്കാ വൈദികന്‍ ഫാ. ക്രിസ്റ്റഫര്‍ എബോക്ക. അംബാ ബോയ്‌സ് എന്ന വിഘടനവാദി സംഘടനയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. മെയ് 22 മുതല്‍ 30 വരെ തടവില്‍ പാര്‍പ്പിച്ചശേഷം വിട്ടയയ്ക്കുകയായിരുന്നു.

കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കന്‍ വിഭാഗത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഫാ. ക്രിസ്റ്റഫര്‍ എബോക്ക, തന്റെ തടങ്കല്‍ക്കാല അനുഭവങ്ങള്‍ വിവരിച്ചത്. തടങ്കലില്‍ കഴിഞ്ഞ നാളുകളില്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍ സാധിച്ചെന്നും നാല് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുവെന്നും പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ച സമയങ്ങളില്‍ എതിര്‍പ്പൊന്നും കൂടാതെ സംഘടനയിലെ അംഗങ്ങള്‍ അനുവാദം നല്‍കിയെന്നും ഫാ. എബോക്ക വെളിപ്പെടുത്തി.

ഫാ. എബോക്ക സേവനം ചെയ്യുന്ന സെന്റ് ജോസഫ് കത്തീഡ്രലിന്റെ പരിധിയിലുള്ള ഒരു സ്റ്റേഷന്‍ ദേവാലയത്തില്‍ മെയ് 23-ന് പന്തക്കുസ്താ ദിന തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മറ്റൊരാളുമായി ബൈക്കില്‍ പോകവെയാണ് ഇരുവരെയും അംബാ ബോയ്‌സ് തട്ടിക്കൊണ്ടു പോകുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

തന്റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഫാ. ക്രിസ്റ്റഫര്‍ എബോക്ക നന്ദി പറഞ്ഞു. 2012-ല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം കത്തീഡ്രല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പദവി, രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പദവി തുടങ്ങിയവ വഹിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.