നോമ്പുകാലത്ത് മദ്യം ഉപേക്ഷിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?

ഈ നോമ്പുകാലം എങ്ങനെ ഏറ്റവും നല്ല രീതിയിൽ ചിലവഴിക്കാം എന്ന് ചിന്തിക്കുന്നവരാണ് നാം. അത് മികച്ചതാക്കണമെങ്കിൽ ബൃഹത്തായ കാര്യങ്ങൾ ചെയ്യേണ്ട ആവശ്യമില്ല. ചെറിയ കാര്യങ്ങൾ വളരെ സ്നേഹപൂർവ്വം ചെയ്താൽ മാത്രം മതി. നമുക്ക് മാറ്റുവാൻ സാധിക്കാത്ത തഴക്ക ദോഷങ്ങളിൽ നിന്നും പിൻതിരിയുവാൻ ശ്രമിക്കുക. അത് ബുദ്ധിമുട്ടേറിയ അനുഭവമായിരിക്കാം. എന്നാൽ, ഇത്തരം കാര്യങ്ങൾ ദൈവാനുഗ്രഹം നേടുന്നതിന് ഇടയാകും.

ഇന്ന് അനേകം മനുഷ്യരെ അലട്ടുന്ന ഒരു പ്രശ്‌നമാണ് മദ്യപാന ശീലം. ഈ ശീലത്തെ മാറ്റുവാൻ ഈ നോമ്പുകാലം ഒന്ന് ശ്രമിച്ചു കൂടെ? കാരണം അത് ദൈവത്തിന്റെ മുൻപിൽ കൂടുതൽ വിലയുള്ളതാണ്. അതിനുള്ള കാരണങ്ങൾ ഏവയെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. യഥാർത്ഥത്തിലുള്ള ത്യാഗമാണിത്

മദ്യപാനം ശീലമാക്കിയവർക്ക് അത് ഉപേക്ഷിക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ നോമ്പുകാലത്ത് മദ്യപാനം ഉപേക്ഷിക്കാൻ ഒരാൾ തീരുമാനിച്ചാൽ അത് വലിയ ഒരു ത്യാഗമാണ്. തിന്മയിലേക്ക് എപ്പോഴും ചാഞ്ഞിരിക്കുന്ന മനസാണ് മനുഷ്യനുള്ളത്. അതിനാൽ വളരെ ത്യാഗത്തോടെയുള്ള ഈ തിരഞ്ഞെടുപ്പിൽ ഉറച്ചു നിൽക്കുക എന്നതും പ്രധാനപ്പെട്ടതാണ്.

മദ്യം കഴിക്കാൻ കൂടെ നിൽക്കുന്ന അനേകം സുഹൃത്തുക്കൾ ഉണ്ട്. അവരെ ‘ഞാൻ നോമ്പിലാണ്’ എന്ന കാര്യം സൂചിപ്പിക്കേണ്ട ആവശ്യമില്ല. എന്നാൽ മദ്യത്തിന് നോമ്പെടുക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ നമ്മെക്കൊണ്ട് സാധിക്കണം.

2. മനസിന്റെ വ്യക്തത

ആത്മീയ ജീവിതത്തെ മദ്യപാന ശീലം വളരെ സാരമായി ബാധിക്കും. ഏകാന്തത, ക്ഷീണം, ഒറ്റപ്പെടൽ എന്നിവ ജീവിതത്തിൽ അനുഭവിക്കുന്നവർ മദ്യപാന ശീലത്തിലേയ്ക്ക് പെട്ടെന്ന് വഴുതി വീഴുവാൻ ഇടയുണ്ട്. എന്നാൽ, ഇത്തരം അവസരങ്ങളിൽ കൂടുതലായി ആശ്രയിക്കേണ്ട മറ്റൊരിടം ദൈവത്തിലാണ്. അത് പലപ്പോഴും ഇക്കൂട്ടർ മറന്ന് പോകുന്നു. ജീവിതത്തിന്റെ ദുഃഖകരമായ അനുഭവങ്ങൾ കൂടുതൽ തെറ്റിലേക്കും നിരാശയിലേക്കും നയിക്കാൻ ഇടയുണ്ട്. മദ്യപാനത്തിലൂടെ ദൈവത്തിൽ പൂർണമായി ആശ്രയിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

3. ശാരീരിക നേട്ടങ്ങൾ

മദ്യപാനത്തിൽ നിന്നും വിട്ടുനിൽക്കുന്നത് ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിനും ഉപകരിക്കും. മദ്യപാനത്തിൽ അടിമപ്പെടുന്നതിലൂടെ ശരീരത്തിന്റെ ഊർജ്ജം  നഷ്ടപ്പെടുന്നു. മദ്യപിച്ച് കിടന്നുറങ്ങിയാൽ പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ നമ്മുടെ ഉന്മേഷം നഷ്ടപ്പെടും. അങ്ങനെ ആ ദിവസത്തിന്റെ സൗഭാഗ്യവും നഷ്ട്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. ശരീരം വല്ലാതെ ക്ഷീണിക്കുന്നതിനും ഇടയാകും. ഉന്മേഷമുള്ള ദിവസങ്ങൾ സമ്പാദിക്കുവാൻ ആശ്രയിക്കേണ്ടത് മദ്യത്തിൽ അല്ല, ദൈവത്തിൽ ആണ്.

4. ത്യാഗശീലം

സ്ഥിരം മദ്യപിക്കുന്നവർ അമിതമായി ഉപയോഗിക്കുന്ന പണം പാവപ്പെട്ടവരെ സഹായിക്കാനായി ഉപയോഗിക്കുവാൻ ഈ നോമ്പുകാലത്ത് സാധിക്കും. അവരുടെ ഒരു ഇഷ്ടത്തെ വേണ്ടെന്ന് വെച്ചിട്ട് അത് നല്ലകാര്യത്തിനായി വിനയോഗിക്കുമ്പോൾ കൂടുതൽ ഫലദായകമാകും.

5. നന്മ പ്രവർത്തനങ്ങളെ സ്നേഹിക്കുക

അച്ചടക്കരഹിതമായ ജീവിതത്തിൽ നിന്നും ചിട്ടയായ ജീവിതത്തിൽ എത്താൻ  ഈ നോമ്പുകാലം നമ്മെ സഹായിക്കുന്നു. മദ്യത്തിനായി ചിലവഴിച്ച പണവും  സമയവും മറ്റ് നല്ല പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുക. ദരിദ്രരോട് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുവാൻ ഈ സമയം പല വിധത്തിൽ ഉപയോഗിക്കാവുന്നതാണ്.