വിശുദ്ധവാരത്തിന്റെ ചൈതന്യത്തിലൂടെ കടന്നുപോകുവാന്‍ സഹായിക്കുന്ന സങ്കീര്‍ത്തന ഭാഗങ്ങള്‍ 

    വിശുദ്ധവാരത്തിലൂടെ നാം കടന്നുപോവുകയാണ്. ഈശോയുടെ പീഡാനുഭവത്തിന്റെയും ഉത്ഥാനത്തിന്റെയും ഓര്‍മ്മകളുമായി വലിയ ആഴ്ചയിലൂടെ നാം കടന്നുപോകുമ്പോള്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നത് എന്താണ്? തിരുമണിക്കൂറിലേയ്ക്ക് കടക്കുന്ന നമുക്ക് നമ്മോടു തന്നെ ഈ ചോദ്യം ചോദിക്കാം. അതിനായി നിങ്ങളെ സഹായിക്കുന്ന ഏതാനും ചില സങ്കീര്‍ത്തന ഭാഗങ്ങള്‍ ഇതാ:

    1. സങ്കീര്‍ത്തനം 22

    പരിത്യക്തന്റെ രോദനവും പ്രത്യാശയും

    1. എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും എന്റെ രോദനം കേള്‍ക്കാതെയും അകന്നു നില്‍ക്കുന്നതെന്തു കൊണ്ട്?
    2. എന്റെ ദൈവമേ, പകല്‍മുഴുവന്‍ ഞാന്‍ അങ്ങയെ വിളിക്കുന്നു; അങ്ങു കേള്‍ക്കുന്നില്ല; രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ആശ്വാസം ലഭിക്കുന്നില്ല.
    3. ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവനേ, അവിടുന്നു പരിശുദ്ധനാണ്.
    4. അങ്ങയില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ വിശ്വാസമര്‍പ്പിച്ചു; അവര്‍ അങ്ങയില്‍ ശരണം വച്ചു, അങ്ങ് അവരെ മോചിപ്പിച്ചു.
    5. അങ്ങയോട് അവര്‍ നിലവിളിച്ചപേക്ഷിച്ചു; അവര്‍ രക്ഷപെട്ടു; അങ്ങയെ അവര്‍ ആശ്രയിച്ചു; അവര്‍ ഭഗ്നാശരായില്ല.
    6. എന്നാല്‍, ഞാന്‍ മനുഷ്യനല്ല, കൃമിയത്രേ; മനുഷ്യര്‍ക്കു നിന്ദാപാത്രവും ജനത്തിനു പരിഹാസവിഷയവും.
    7. കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു; അവര്‍ കൊഞ്ഞനം കാട്ടുകയും പരിഹസിച്ചു തലയാട്ടുകയും ചെയ്യുന്നു:
    8. അവന്‍ കര്‍ത്താവില്‍ ആശ്രയിച്ചല്ലോ; അവിടുന്ന് അവനെ രക്ഷിക്കട്ടെ; അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ; അവനില്‍ അവിടുത്തെ പ്രസാദം ഉണ്ടല്ലോയെന്ന് അവന്‍ പറയുന്നു.
    9. എങ്കിലും, അവിടുന്നാണ് മാതാവിന്റെ ഉദരത്തില്‍ നിന്ന് എന്നെ പുറത്തുകൊണ്ട് വന്നത്; മാതാവിന്റെ മാറിടത്തില്‍ എനിക്കു സുരക്ഷിതത്വം നല്‍കിയതും അവിടുന്നു തന്നെ.
    10. അങ്ങയുടെ കൈകളിലേക്കാണു ഞാന്‍ പിറന്നു വീണത്; മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ അവിടുന്നാണ് എന്റെ ദൈവം.
    11. എന്നില്‍ നിന്ന് അകന്നു നില്‍ക്കരുതേ! ഇതാ, ദുരിതം അടുത്തിരിക്കുന്നു. സഹായത്തിനാരുമില്ല.
    12. കാളക്കൂറ്റന്മാര്‍ എന്നെ വളഞ്ഞിരിക്കുന്നു; ബാഷാന്‍ കാളക്കൂറ്റന്‍മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.
    13. ആര്‍ത്തിയോടെ അലറിയടുക്കുന്ന സിംഹം പോലെ അവ എന്റെ നേരെ വായ് പിളര്‍ന്നിരിക്കുന്നു.
    14. ഒഴിച്ചുകളഞ്ഞ വെള്ളം പോലെയാണു ഞാന്‍, സന്ധിബന്ധങ്ങള്‍ ഉലഞ്ഞിരിക്കുന്നു; എന്റെ ഹൃദയം മെഴുകു പോലെയായി; എന്റെ ഉള്ളില്‍ അത് ഉരുകിക്കൊണ്ടിരിക്കുന്നു.
    15. എന്റെ അണ്ണാക്ക് ഓടിന്റെ കഷണം പോലെ വരണ്ടിരിക്കുന്നു; എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു; അവിടുന്ന് എന്നെ മരണത്തിന്റെ പൂഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു.
    16. നായ്ക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മ്മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു;
    17. എന്റെ അസ്ഥികള്‍ എനിക്ക് എണ്ണാവുന്ന വിധത്തിലായി; അവര്‍ എന്നെ തുറിച്ചുനോക്കുന്നു;
    18. അവര്‍ എന്റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്റെ അങ്കിക്കായി അവര്‍ നറുക്കിടുന്നു.
    19. കര്‍ത്താവേ, അങ്ങ് അകന്നിരിക്കരുതേ! എനിക്കു തുണയായവനേ, എന്റെ സഹായത്തിനു വേഗം വരണമേ!
    20. എന്റെ ജീവനെ വാളില്‍നിന്നു രക്ഷിക്കണമേ! എന്നെ നായുടെ പിടിയില്‍ നിന്നു മോചിപ്പിക്കണമേ!
    21. സിംഹത്തിന്റെ വായില്‍നിന്ന് എന്നെ രക്ഷിക്കണമേ! കാട്ടുപോത്തിന്റെ കൊമ്പുകളില്‍ നിന്നു മുറിവേറ്റ എന്നെ മോചിപ്പിക്കണമേ!
    22. ഞാന്‍ അവിടുത്തെ നാമം എന്റെ സഹോദരരോടു പ്രഘോഷിക്കും, സഭാമധ്യത്തില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
    23. കര്‍ത്താവിന്റെ ഭക്തരേ,അവിടുത്തെ സ്തുതിക്കുവിന്‍; യാക്കോബിന്റെ സന്തതികളേ,അവിടുത്തെ മഹത്വപ്പെടുത്തുവിന്‍; ഇസ്രായേല്‍ മക്കളേ, അവിടുത്തെ സന്നിധിയില്‍ ഭയത്തോടെ നില്‍ക്കുവിന്‍.
    24. എന്തെന്നാല്‍, പീഡിതന്റെ കഷ്ടതകള്‍ അവിടുന്ന് അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല; തന്റെ മുഖം അവനില്‍ നിന്നു മറച്ചുമില്ല; അവന്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്നു കേട്ടു.
    25. മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും; അവിടുത്തെ ഭക്തരുടെ മുന്‍പില്‍ ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
    26. ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും.
    27. ഭൂമിയുടെ അതിര്‍ത്തികള്‍ കര്‍ത്താവിനെ അനുസ്മരിക്കുകയും അവിടുത്തെ അടുത്തേക്കു തിരിയുകയും ചെയ്യും; എല്ലാ ജനതകളും അവിടുത്തെ സന്നിധിയില്‍ ആരാധനയര്‍പ്പിക്കും.
    28. എന്തെന്നാല്‍, രാജത്വം കര്‍ത്താവിന്റേതാണ്; അവിടുന്ന് എല്ലാ ജനതകളെയും ഭരിക്കുന്നു.
    29. ഭൂമിയിലെ അഹങ്കാരികള്‍ അവിടുത്തെ മുന്‍പില്‍ കുമ്പിടും, ജീവന്‍ പിടിച്ചു നിറുത്താനാവാതെ പൊടിയിലേക്കു മടങ്ങുന്നവര്‍ അവിടുത്തെ മുന്‍പില്‍ പ്രണമിക്കും.
    30. പുരുഷാന്തരങ്ങള്‍ അവിടുത്തെ സേവിക്കും; അവര്‍ ഭാവിതലമുറയോടു കര്‍ത്താവിനെപ്പറ്റി പറയും.
    31. ജനിക്കാനിരിക്കുന്ന തലമുറയോടു കര്‍ത്താവാണു മോചനം നേടിത്തന്നത് എന്ന് അവര്‍ ഉദ്ഘോഷിക്കും.

    2. സങ്കീര്‍ത്തനം 102

    പീഡിതന്റെ പ്രാര്‍ഥന

    1. കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങയുടെ സന്നിധിയില്‍ എത്തട്ടെ.
    2. എന്റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ് എന്നില്‍ നിന്നു മുഖം മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ!
    3. എന്റെ ദിനങ്ങള്‍ പുകപോലെ കടന്നുപോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളി പോലെ എരിയുന്നു.
    4. എന്റെ ഹൃദയം പുല്ലുപോലെ വാടിപ്പോകുന്നു; ഞാന്‍ ആഹാരം കഴിക്കാന്‍ മറന്നുപോകുന്നു.
    5. കരഞ്ഞു കരഞ്ഞു ഞാന്‍ എല്ലും തോലുമായി.
    6. ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍ പോലെയാണ്; വിജനപ്രദേശത്തെ മൂങ്ങ പോലെയും.
    7. ഞാന്‍ ഉറക്കംവരാതെ കിടക്കുന്നു; പുരമുകളില്‍ തനിച്ചിരിക്കുന്ന പക്ഷിയെപ്പോലെ ഏകാകിയാണു ഞാന്‍.
    8. എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നെ വൈരികള്‍ എന്റെ പേരു ചൊല്ലി ശപിക്കുന്നു.
    9. ചാരം എന്റെ ആഹാരമായിത്തീര്‍ന്നിരിക്കുന്നു; എന്റെ പാനപാത്രത്തില്‍ കണ്ണീര്‍ കലരുന്നു.
    10. അങ്ങയുടെ രോഷവും ക്രോധവും കൊണ്ട് തന്നെ; അങ്ങ് എന്നെ വലിച്ചെറിഞ്ഞു കളഞ്ഞു.
    11. സായാഹ്നത്തിലെ നിഴല്‍പോലെ എന്റെ ദിനങ്ങള്‍ കടന്നുപോകുന്നു; പുല്ലുപോലെ ഞാന്‍ വാടിക്കരിഞ്ഞു പോകുന്നു.
    12. കര്‍ത്താവേ, അങ്ങ് എന്നേക്കും സിംഹാസനസ്ഥനാണ്; അങ്ങയുടെ നാമം തലമുറകളോളം നിലനില്‍ക്കുന്നു.
    13. അവിടുന്ന് എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിക്കേണ്ട കാലമാണിത്; നിശ്ചയിക്കപ്പെട്ട സമയം വന്നുചേര്‍ന്നിരിക്കുന്നു.
    14. അങ്ങയുടെ ദാസര്‍ക്ക് അവളുടെ കല്ലുകള്‍ പ്രിയപ്പെട്ടവയാണ്; അവര്‍ക്ക് അവളുടെ ധൂളിയോട് അലിവുതോന്നുന്നു.
    15. ജനതകള്‍ കര്‍ത്താവിന്റെ നാമത്തെ ഭയപ്പെടും; ഭൂമിയിലെ രാജാക്കന്മാര്‍ അങ്ങയുടെ മഹത്വത്തെയും.
    16. കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.
    17. അഗതികളുടെ പ്രാര്‍ത്ഥന അവിടുന്നു പരിഗണിക്കും; അവരുടെ യാചനകള്‍ നിരസിക്കുകയില്ല.
    18. ഭാവിതലമുറയ്ക്കു വേണ്ടി, ഇനിയും ജനിച്ചിട്ടില്ലാത്ത ജനം അവിടുത്തെ സ്തുതിക്കാന്‍ വേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ!
    19. തടവുകാരുടെ ഞരക്കം കേള്‍ക്കാനും
    20. മരണത്തിനു വിധിക്കപ്പെട്ടവരെസ്വതന്ത്രരാക്കാനും വേണ്ടി അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു താഴേക്കു നോക്കി; സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.
    21. ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു.
    22. കര്‍ത്താവിനെ ആരാധിക്കുമ്പോള്‍, സീയോനില്‍ കര്‍ത്താവിന്റെ നാമവും ജറുസലെമില്‍ അവിടുത്തെ സ്തുതിയും പ്രഘോഷിക്കപ്പെടാന്‍ വേണ്ടിത്തന്നെ.
    23. അവിടുന്ന് ആയുസ്സിന്റെ മധ്യത്തില്‍വച്ചു തന്നെ എന്റെ ശക്തി തകര്‍ത്തു; അവിടുന്ന് എന്റെ ദിനങ്ങള്‍ വെട്ടിച്ചുരുക്കി.
    24. വത്സരങ്ങള്‍ക്ക് അറുതിയില്ലാത്തവനായ എന്റെ ദൈവമേ, എന്റെ ആയുസ്സിന്റെ മധ്യത്തില്‍വച്ച് എന്നെ എടുക്കരുതേ എന്നു ഞാന്‍ യാചിക്കുന്നു.
    25. പണ്ട്  അവിടുന്നു ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം അങ്ങയുടെ കരവേലയാണ്.
    26. അവ നശിച്ചുപോകും, എന്നാല്‍ അങ്ങ് നിലനില്‍ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുമാറുന്നതു പോലെ അങ്ങ് അവയെ മാറ്റും; അവ കടന്നുപോവുകയും ചെയ്യും.
    27. എന്നാല്‍, അങ്ങേക്കു മാറ്റമില്ല; അങ്ങയുടെ സംവത്സരങ്ങള്‍ക്ക് അവസാനമില്ല.
    28. അങ്ങയുടെ ദാസരുടെ മക്കള്‍ സുരക്ഷിതരായി വസിക്കും; അവരുടെ സന്തതിപരമ്പര അങ്ങയുടെ മുന്‍പില്‍ നിലനില്‍ക്കും.

    3. സങ്കീര്‍ത്തനം 118

    വിജയം ലഭിച്ചതിനു നന്ദി

    1. കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
    2. അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!
    3. അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് അഹറോന്റെ ഭവനം പറയട്ടെ!
    4. അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് കര്‍ത്താവിന്റെ ഭക്തന്‍മാര്‍ പറയട്ടെ!
    5. ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ പ്രാര്‍ത്ഥന കേട്ട് അവിടുന്ന് എന്നെ മോചിപ്പിച്ചു.
    6. കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്, ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും?
    7. എന്നെ സഹായിക്കാന്‍ കര്‍ത്താവ് എന്റെ പക്ഷത്തുണ്ട് ; ഞാന്‍ എന്റെ ശത്രുക്കളുടെ പതനം കാണും.
    8. മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.
    9. പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.
    10. ജനതകള്‍ എന്നെ വലയം ചെയ്തു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ നശിപ്പിച്ചു.
    11. അവരെന്നെ വലയം ചെയ്തു; എല്ലാവശത്തും നിന്ന് അവരെന്നെ വളഞ്ഞു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ വിച്ഛേദിച്ചു.
    12. തേനീച്ചപോലെ അവരെന്നെ പൊതിഞ്ഞു; മുള്‍പ്പടര്‍പ്പിനു പിടിച്ച തീപോലെ അവര്‍ ആളിക്കത്തി; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ വിച്ഛേദിച്ചു.
    13. അവര്‍ തള്ളിക്കയറി; ഞാന്‍ വീഴുമായിരുന്നു; എന്നാല്‍, കര്‍ത്താവ് എന്റെ സഹായത്തിനെത്തി.
    14. കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്;അവിടുന്ന് എനിക്കു രക്ഷ നല്‍കി.
    15. ഇതാ, നീതിമാന്മാരുടെ കൂടാരത്തില്‍ ജയഘോഷമുയരുന്നു; കര്‍ത്താവിന്റെ വലതുകൈ കരുത്തു പ്രകടമാക്കി.
    16. കര്‍ത്താവിന്റെ വലതുകൈ മഹത്വമാര്‍ജിച്ചിരിക്കുന്നു; കര്‍ത്താവിന്റെ വലതുകൈ കരുത്തു പ്രകടമാക്കി.
    17. ഞാന്‍ മരിക്കുകയില്ല, ജീവിക്കും; ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.
    18. കര്‍ത്താവ് എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാല്‍, അവിടുന്ന് എന്നെ മരണത്തിനേല്‍പിച്ചില്ല.
    19. നീതിയുടെ കവാടങ്ങള്‍ എനിക്കായി തുറന്നുതരുക; ഞാന്‍ അവയിലൂടെ പ്രവേശിച്ചു കര്‍ത്താവിനു നന്ദിപറയട്ടെ.
    20. ഇതാണു കര്‍ത്താവിന്റെ കവാടം; നീതിമാന്മാര്‍ ഇതിലൂടെ പ്രവേശിക്കുന്നു.
    21. അവിടുന്ന് എനിക്കുത്തരമരുളി; അവിടുന്ന് എന്റെ പ്രാര്‍ത്ഥന കേട്ട് എന്നെ രക്ഷിച്ചു; ഞാന്‍ അവിടുത്തേക്കു നന്ദിപറയും.
    22. പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
    23. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു.
    24. കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.
    25. കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ!
    26. കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍; ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു നിങ്ങളെ ആശീര്‍വദിക്കും.
    27. കര്‍ത്താവാണു ദൈവം; അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്; മരച്ചില്ലകളേന്തി പ്രദക്ഷിണം തുടങ്ങുവിന്‍; ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍.
    28. അങ്ങാണ് എന്റെ ദൈവം; ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും.
    29. കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.