റാണി മരിയയുടെ ഓര്‍മ്മകളില്‍ ഉദയ് നഗര്‍ ഗ്രാമം 

സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോൾ അതീവ സന്തോഷത്തോടെയും കൃതജ്ഞതയോടെയും കൂപ്പു കൈകളുമായി നിന്ന  ഒരു ഗ്രാമം ഉണ്ട്. മധ്യപ്രദേശിലെ ഉദയ് നഗര്‍. സിസ്റ്റർ റാണി മരിയ വെളിച്ചത്തിന്റെ പാതയിലേക്ക് കൈപിടിച്ച് നടത്തിയ നാട്. തന്റെ ജീവൻ നൽകി യേശുവിനായി നേടിയെടുത്ത നാട്ടുകാർ.

തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്ററിനെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുമ്പോൾ ആ അനുഗ്രഹീത നിമിഷത്തിനു സാക്ഷ്യം വഹിക്കുവാനായി ഉദയ് നഗര്‍ ഗ്രാമത്തിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ആ പ്രഖ്യാപനത്തിനിടയിൽ അവരുടെ ഓർമകളിൽ സിസ്റ്റർ റാണി മരിയ നിറഞ്ഞു നിൽക്കുകയായിരുന്നു. സിസ്റ്ററിന്റെ പ്രവർത്തനങ്ങളിലൂടെ വികസനത്തിന്റെ പാതയിലേക്ക്, സ്വയം നിലനിൽക്കാൻ പ്രാപ്തമായ നിലയിലേക്ക്, അഭിമാനം ആർക്കു മുന്നിലും പണയം വയ്ക്കാതെ, അന്തസോടെ പരസ്പരം മാനിച്ചു കൊണ്ട് ജീവിക്കുവാൻ അവരെ പഠിപ്പിച്ച സിസ്റ്റർ റാണി മരിയയുടെ മുന്നിൽ ആയിരുന്നു കൊണ്ട് ദൈവത്തിനും സഭാധികാരികൾക്കും നന്ദി പറയുകയായിരുന്നു ആ ജനത.

വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിനു ശേഷം സിസ്റ്ററുടെ കബറിടമുള്ള ഉദയ്‌നഗര്‍ മിര്‍സാപുര്‍ ശാന്തിസദനിലെ തിരുഹൃദയ പള്ളിക്കു മുന്നിലൊരുക്കിയ വേദിയില്‍ അവര്‍ പ്രാര്‍ഥനാ പൂർവം അതിഥികളെ സ്വീകരിച്ചു. “സിസ്റ്റര്‍ ഞങ്ങളുടെ അമ്മയായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ മരിച്ചത്. അവരുടെ ഓര്‍മ്മകളിലാണ് ഇനി ഞങ്ങളുടെ ജീവിതം. അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞങ്ങളാണ്”. മിര്‍സാപുര്‍ നിവാസി രത്തന്‍ സിങ്ങിന്റെ വാക്കുകളിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ സന്തോഷം തുടിക്കുന്നത് കാണാൻ കഴിയും.

സിസ്റ്ററിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു ദിവസങ്ങൾ മുൻപ് തന്നെ ഉദയ് നഗര്‍ ഗ്രാമത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. സിസ്റ്ററിനെ സംസ്കരിച്ചിരുന്ന പള്ളി അവർ പുതുക്കി പണിതു. ഞായറാഴ്ചയിലെ അനുസ്മരണ യോഗത്തിനായി അവർ വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് ഡോ. ജിയാംബറ്റിസ്റ്റ ദിക്കാത്രോയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. കൂടാതെ നിരവധി മെത്രാൻമാരും ഈ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തിരുന്നു. സിസ്റ്റര്‍ റാണി മരിയയുടെ കുടുംബാംഗങ്ങളെ വളരെ സ്നേഹത്തോടെയാണ് അവർ സ്വീകരിച്ചത്. മിര്‍സാപുരില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെ റാണി മരിയ കൊല്ലപ്പെട്ട സ്ഥലത്തെത്തി പ്രാര്‍ഥിച്ചാണ് ചടങ്ങിനെത്തിയവര്‍ മടങ്ങിയത്.

സിസ്റ്ററിനു മുന്നിൽ കൈകൾ കൂപ്പി ആയിരങ്ങൾ വണങ്ങുമ്പോൾ ഈ ഗ്രാമവാസികൾ സന്തോഷിക്കുകയായിരുന്നു. തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി അവസാന നിമിഷം വരെ പോരാടുകയും ജീവൻ നൽകുകയും ചെയ്ത സിസ്റ്ററിന്റെ ധീര രക്‌തസാക്ഷിത്വം ലോകം മുഴുവൻ അംഗീകരിച്ചതിന്റെ ആനന്ദത്തിൽ അവർ ദൈവത്തിനു മുന്നിൽ കൈകൂപ്പുകയാണ്. തന്റെ നിഷ്കളങ്ക പുഞ്ചിരിയിലൂടെ സിസ്റ്റർ പകർന്ന നൈർമല്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുകയാണ് ഇന്ന് ഉദയ് നഗര്‍ നിവാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.