മുസ്ലിം ജനതയ്ക്ക് റമദാന്‍-ഈദ് അല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി

ക്രൈസ്തവരും മുസ്ലീങ്ങളും പ്രത്യാശയുടെ സംവാഹകരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി. ഇസ്ലാം പുണ്യമാസമായ റമദാന്‍ ആരംഭത്തോടും ഈദ് അല്‍ ഫിത്തര്‍ തിരുനാളിനോടും അനുബന്ധിച്ച് പുറത്തിറക്കിയ ആശംസാ സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

കോവിഡ് മഹാമാരി പോലുള്ള കഷ്ടപ്പാടിന്റെ അവസരങ്ങളില്‍ നമുക്കാവശ്യമുള്ളതും നാം തേടുന്നതുമായ സഹായം സമ്മിശ്രമാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ കാരുണ്യവും പാപപ്പൊറുതിയും പരിപാലനയും ആദ്ധ്യാത്മികവും ഭൗതികവുമായ മറ്റു ദാനങ്ങളും നാം ദൈവത്തോടും യാചിക്കുന്നുവെന്നും എന്നാല്‍ നമുക്ക് ഏറ്റവുമധികം ആവശ്യമുള്ളത് പ്രത്യാശയാണെന്നും സന്ദേശത്തില്‍ കാണുന്നു.

മതപരമായ ഒരു അടിസ്ഥാനമാണ് മാനുഷികമായ മനോഭാവമായ ശുഭാപ്തിവിശ്വാസം അടങ്ങിയരിക്കുന്ന പ്രത്യാശയ്ക്കുള്ളതെന്നും സകല പ്രശ്നങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒരു അര്‍ത്ഥമുണ്ടെന്ന വിശ്വാസത്തില്‍ നിന്നാണ് പ്രത്യാശ ജന്മം കൊള്ളുന്നതെന്നും മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി ഈ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിക്കുന്നു.

സമാധാനപരവും ഫലദായകവുമായ റമദാനും സന്തോഷകരമായ ഈദ് അല്‍ ഫിത്തറും ആത്മീയമായ സാഹോദര്യത്തിന്റെ അടയാളമെന്നോണം ആശംസിച്ചുകൊണ്ടാണ് ഈ സമിതി ആശംസാ സന്ദേശം ഉപസംഹരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.