ക്രിസ്തീയഗാനങ്ങളിലൂടെ അനേകരെ ദൈവത്തിലേക്കടുപ്പിച്ച രാജേഷ് ചാക്യാർ അന്തരിച്ചു

ദൈവസ്‌തുതികൾ പാടി അനേകരുടെ ഹൃദയങ്ങളെ ദൈവത്തിലേക്ക് ഉയർത്തിയ രാജേഷ് ചാക്യാർ എന്ന പാട്ടുകാരൻ ദൈവസന്നിധിയിലേക്ക് യാത്രയായി. ടെലിവിഷൻ അവതാരകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജൂൺ രണ്ടാം തീയതിയാണ് അദ്ദേഹം അന്തരിച്ചത്. 49 വയസായിരുന്നു. ഗുഡ്‌നസ് ടിവിയിൽ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.

ചാലക്കുടി മുരിങ്ങൂര്‍ ഡിവൈൻ ധ്യാനകേന്ദ്രത്തിലും പോട്ട ആശ്രമത്തിലുമൊക്കെ ഗാനശുശ്രൂഷകളിലെ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അനേകരുടെ മനസ്സിൽ ദൈവത്തെക്കുറിച്ചുള്ള ഓർമ്മ കോറിയിട്ട അദ്ദേഹം ഇനി സ്വർഗ്ഗത്തിൽ മാലാഖമാരോടൊപ്പം ആയിരുന്നുകൊണ്ട് നമുക്കുവേണ്ടി പ്രാർത്ഥിക്കും. വെറുമൊരു കലാകാരൻ മാത്രമായിരുന്നില്ല അദ്ദേഹം. സമർപ്പണബോധവും ആത്മാർത്ഥയും കൈമുതലായുള്ള ഒരു മനുഷ്യൻ. നിരവധി ടെലിവിഷൻ ചാനലുകളിൽ അവതാരകനായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. കൂടാതെ, ടെലിഫിലിമുകളിലും സംഗീത ആൽബങ്ങളിലും അഭിനയിച്ചും ശ്രദ്ധേയനായി. ആത്മീയമേഖലകളിലും സിനിമ-സംഗീതരംഗത്തും നിരവധി നല്ല സുഹൃത്തുക്കളെ അദ്ദേഹം സമ്പാദിച്ചു. ഒരുപാട് പേർക്ക് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.

ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ആരംഭം മുതൽ ക്രിസ്തുവിന് സാക്ഷിയായി മാത്രം ജീവിക്കാൻ ആഗ്രഹിച്ച ഈ ചെറുപ്പക്കാരൻ ഈ ഭൂമിയിൽ ജീവിച്ചത് വിശ്വാസജീവിതത്തിന്റെ വലിയ സാക്ഷ്യമായിട്ടായിരുന്നു. പതിറ്റാണ്ടുകൾക്കു മുൻപ് നവീകരണത്തിന്റെ നാളുകളിൽ രാജേഷിന്റെ മാതാപിതാക്കളായ അന്തരിച്ച രാമൻ ചാക്യാരുടെയും സുഭദ്ര ചാക്യാരുടെയും മാതൃക അനേകരെ ക്രിസ്തുവിലേക്ക് നയിക്കുവാൻ ഉതകുന്ന ജീവിതസാക്ഷ്യമായിരുന്നു. ആ നല്ല മാതാപിതാക്കളുടെ മാതൃകയെ മകനും കൈവിട്ടില്ല. ദൈവത്തിന് പ്രിയപ്പെട്ടവനായി ഈ ഭൂമിയിൽ ജീവിച്ചു.

ടെലിവിഷൻ അവതാരകയായ രജനിയാണ് ഭാര്യ. മകൾ റെയ്‌ന. അദ്ദേഹത്തിന്റെ മൃതസംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് കൊരട്ടി ഫൊറോനാ ദൈവാലയത്തിൽ നടക്കും. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.