വര്‍ഷകാലം 

ഓരോ വര്‍ഷകാലവും സൗന്ദര്യവും

സംഗീതവും സ്‌നേഹവും നൃത്തച്ചുവടുകളുമായി

എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നു.

ചിലപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി.

പുറത്ത് മഴ തിമിര്‍ത്ത് പെയ്യുകയാണ്; അതിന്റെ ചടുല താളങ്ങള്‍ എന്റെ മനസ്സിലേക്കും. കണ്ണുകള്‍ മഴയിലേക്കു നീട്ടി കാറ്റത്ത് ചരിഞ്ഞ് വരുന്ന മഴത്തുള്ളികളെ സ്‌നേഹപൂര്‍വ്വം നെഞ്ചിലേറ്റിക്കൊണ്ട് അതില്‍ ലയിച്ച് മഴയുടെ ദ്വൈതഭാവങ്ങളെക്കുറിച്ച് എഴുതുകയാണ്, അതിന് ആയിരം ഭാവങ്ങള്‍ ഉണ്ടെങ്കിലും.

മഴയെ പ്രണയിക്കുന്നൊരു സുഹൃത്ത് എനിക്കുണ്ട്. ഏറെ ദൂരെയാണെങ്കിലും തകര്‍ത്തു പെയ്യുന്ന ഏതു മഴയത്തും ഞാനോര്‍ക്കും ആ ചങ്ങാതിയെ. മഴയെക്കുറിച്ച് അവന്‍ വാചാല നായ വേളകള്‍ എന്റെ ഓര്‍മ്മപുസ്തകത്തില്‍ നിന്ന് മാഞ്ഞു പോയിട്ടില്ല. അവനെ സംബന്ധിച്ച്  മഴ അത്യപൂര്‍വ്വമായ സ്വര്‍ഗ്ഗീയാനുഭൂതിയാണ്. പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ അമൂല്യമായ വെള്ളിനൂലുകള്‍ പോലെയെന്ന് അവന്റെ നോട്ടുപുസ്തകത്തിന്റെ അകംപേജുകളില്‍ എന്നോ വായിച്ചതും വിസ്മരിക്കാനാവു ന്നില്ല.

പെരുമഴ പെയ്യുമ്പോള്‍ വിരിച്ചിട്ട കട്ടിലില്‍ കിടന്ന് തുറന്നി ട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കി മഴ ആസ്വദിക്കുക എന്റെയും ബാല്യകാലവിനോദങ്ങളിലൊന്നായിരുന്നല്ലോ. പിന്നെ വളര്‍ന്നപ്പോള്‍ മഴയ്ക്ക് ആയിരമായിരം അര്‍ത്ഥതലങ്ങളായി. പ്രണയമെന്ന്, സ്‌നേഹമെന്ന്, സൗന്ദര്യമെന്ന്, ആര്‍ദ്രതയെന്ന്, അനുഭൂതിയെന്ന് ഒക്കെ മഴയെ വിശേഷിപ്പിച്ച നാളുകള്‍. മഴത്തുള്ളികള്‍ പെയ്തുവീഴുമ്പോള്‍ ഉള്ളില്‍ ഉണരുന്ന അവിഭാജ്യമായ ആനന്ദം – അതിനെ ഓരോരുത്തരും ഓരോ പേരിട്ട് വിളിക്കുന്നു.

മഴയ്‌ക്കൊരു ദ്വൈതഭാവമുണ്ടെന്ന് ബാല്യത്തിലേ എനിക്കറിയാമായിരുന്നു. ഒരിക്കല്‍ ഒരു പെരുമഴയത്ത് എന്റെ കുട ഒടിഞ്ഞതും ഞാന്‍ നനഞ്ഞതും, പിന്നെ പനിപിടിച്ചു കിടന്നതുമെല്ലാം മഴയുടെ രണ്ടാം ഭാവത്തിന്റെ സാന്നിദ്ധ്യം എന്നിലുണര്‍ത്തി. അയലത്തെ ചെറുവീടുകളിലൊന്ന് മഴയത്ത് നിലംപതിച്ചപ്പോള്‍ മഴ എന്നില്‍ പേടിനിറച്ചു. ദൂരെയെവിടെയോ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബം മുഴുവന്‍ ഒലിച്ചു പോയ വാര്‍ത്ത ഞാനറിഞ്ഞത് ദിനപത്രത്തില്‍ നിന്നാണ്. അന്ന് മഴ എന്റെ മനസ്സില്‍ രാക്ഷസരൂപം പൂണ്ടു.

ഇന്ന് മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ഉള്ളില്‍ ദ്വൈതഭാ വങ്ങള്‍ ഉണരുകയാണ്. പ്രണയത്തിന്റേയും വിരഹത്തിന്റേയും, സ്‌നേഹത്തിന്റേയും കലഹത്തിന്റേയും, ശാന്തതയുടേയും ഭീകരതയുടേയും, ചിരിയുടേയും കണ്ണീരിന്റേയും. ഒരു വശത്ത് മഴ എന്നില്‍ ആവേശമുണര്‍ത്തുന്നു. പക്ഷേ മറുവശത്ത് ചോരുന്ന പുരയുള്ള പാവപ്പെട്ടവന്റെ ദീന ചിത്രം.

പൂക്കുട കാണുമ്പോള്‍ ഞാന്‍ കുടയില്ലാത്തവനെ ഓര്‍ക്കുന്നു. ഇലകളില്‍ നിന്ന് താഴേക്കു പതിക്കുന്ന മഴത്തുള്ളികളുടെ സ്വപ്നക്കാഴ്ച എന്നില്‍ ചോര്‍ന്നൊലിക്കുന്ന മച്ചുകളുടെ കണ്ണീര്‍ ചിത്രം നിറയ്ക്കുന്നു. ദൂരെ മാനത്ത് കാര്‍മേഘം ഉയരുന്നതു കാണുമ്പോള്‍ മനസ്സില്‍ കാര്‍മേഘം ഉയരുന്ന ദരിദ്രന്റെ ദൈന്യത ഞാനറിയുന്നു.

അതെ സുഹൃത്തേ, എനിക്ക് മഴയുടെ ദ്വൈതഭാവങ്ങളെക്കു റിച്ചേ ചിന്തിക്കാനാവൂ. ക്ഷമിക്കണം…. കാല്‍പനികതയും കണ്ണീരും എന്നില്‍ ഒരുപോലെയാണ് പെയ്തിറങ്ങുന്നത്.

എങ്കിലും ഭൂമിയെ ശുദ്ധമാക്കാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പെയ്തിറങ്ങുന്ന നീര്‍ത്തുള്ളികളെ എനിക്ക് ഇഷ്ടമാണ്. ഓരോ വര്‍ഷകാലവും സൗന്ദര്യവും സംഗീതവും സ്‌നേഹവും നൃത്ത ച്ചുവടുകളുമായി എന്റെ മനസിനെ കീഴടക്കുന്നു. ഇനി എന്നും ജീവിതത്തില്‍ വര്‍ഷകാലമാകട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.

ഫാ. ജി. കാടൂപാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.