പ്രളയത്തിൽ തകർന്നത് 25 ഇടവകകൾ: ‘റെയിന്‍ബോ 2021’ പദ്ധതിയുമായി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളിക്കാർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല തങ്ങളുടെ നാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന്. എന്നാൽ, 2021 ഒക്‌ടോബര്‍ 16 ശനിയാഴ്ച എന്ന ഒറ്റ ദിവസം, പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഒരുമിച്ചെത്തി കാഞ്ഞിരപ്പള്ളിയേയും പരിസരപ്രദേശങ്ങളെയും തകർത്തെറിഞ്ഞു. ഉൾപ്രദേശങ്ങളിലും മലയോരങ്ങളിലുമായിരുന്നു ദുരിതങ്ങൾ കൂടുതൽ സംഭവിച്ചത്. അതിനാൽ തന്നെ അധികം മാധ്യമ ശ്രദ്ധ ഇവിടേയ്ക്ക് ലഭിച്ചില്ല. റിപ്പോർട്ട് ചെയ്ത ചില മാധ്യമങ്ങളാകട്ടെ വാസയോഗ്യമല്ലാത്ത ഇടങ്ങളിൽ താമസിച്ചത് കൊണ്ടാണ് ദുരന്തം ഉണ്ടായത് എന്ന രീതിയിൽ കാര്യങ്ങളെ അവതരിപ്പിച്ചു.

യഥാർത്ഥത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സംഭവിച്ച ഇടങ്ങളിലേക്ക് സഹായഹസ്തങ്ങളുമായി കാഞ്ഞിരപ്പള്ളി രൂപത ഉടന്‍ കടന്നു ചെല്ലുകയും ചെയ്തു.  

പ്രളയവും ഉരുള്‍പൊട്ടലും  മണ്ണിടിച്ചിലും തകർന്നത് 25 ഇടവകകളെ 

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ അതിരിടുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ കൊക്കയാര്‍,  അഴങ്ങാട്, മേലോരം, മുക്കുളം, വടക്കേമല, ഏന്തയാര്‍,മുണ്ടക്കയം, പാലൂര്‍ക്കാവ്, തെക്കേമല, കാഞ്ഞിരപ്പള്ളി, അഞ്ചലിപ്പ, പഴയിടം, ചേനപ്പാടി, കൊരട്ടി, ആനക്കല്ല്, കപ്പാട്, എരുമേലി, ചെറുവള്ളി തുടങ്ങിയ ഗ്രാമീണ പ്രദേശങ്ങളിലാണ് നൂറ്റാണ്ടിലെതന്നെ അത്യപൂര്‍വമായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കോടികളുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞും റോഡുകള്‍ മുറിഞ്ഞും ഒറ്റപ്പെട്ടുപോയ അഴങ്ങാട്, മുക്കുളം, വടക്കേമല മലയോരഗ്രാമങ്ങളിലെ കുടിയേറ്റ കര്‍ഷകര്‍ക്കുണ്ടായ വന്‍കഷ്ടനഷ്ടങ്ങള്‍ തുടക്കത്തില്‍ മാധ്യമങ്ങളില്‍  വരാതിരുന്നതിനാല്‍ പുറംലോകം അറിഞ്ഞിരുന്നില്ല. കാഞ്ഞിരപ്പള്ളി രൂപതയെ സംബന്ധിച്ച് 25 -ഓളം ഇടവകകളിലാണ് വൻ നാശനഷ്ടങ്ങൾ ഉണ്ടായത്.

മണ്ണിടിഞ്ഞും റോഡുകള്‍ മുറിഞ്ഞും ഒറ്റപ്പെട്ടു പോയ കൊക്കയാര്‍, അഴങ്ങാട്, മുക്കുളം, ഏന്തയാർ, വടക്കേമല, പഴയ കൊരട്ടി മലയോരഗ്രാമങ്ങളിലെ കുടിയേറ്റ കര്‍ഷകര്‍ക്കുണ്ടായ ഭാരിച്ച കഷ്ടനഷ്ടങ്ങള്‍ തുടക്കത്തില്‍ മാധ്യമ ശ്രദ്ധയില്‍ വരാതിരുന്നതിനാല്‍ പുറംലോകം അറിഞ്ഞിരുന്നില്ല. ഒരു കുടുംബത്തിനോ ഒരു ഗ്രാമത്തിനോ ഒരു പ്രദേശത്തിനോ അവരുടെ തനിച്ചുള്ള അധ്വാനവും കരുതലുംകൊണ്ട് നാടിനെയും വീടിനെയും തിരികെപ്പിടിക്കാന്‍ അസാധ്യമാംവിധമുള്ള തകര്‍ച്ചയുടെ മുൻപിലാണ് ജനം ഇപ്പോൾ.

എല്ലായിടത്തും ഓടിയെത്തിയ രൂപതാധ്യക്ഷൻ 

ശനിയാഴ്ചയായിരുന്നു എല്ലാം നശിപ്പിച്ച പ്രളയ താണ്ഡവം. പിറ്റേന്ന് തന്നെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പുളിക്കൽ പ്രളയ മേഖലകളിലേക്ക് യാത്രയായി. നാശനഷ്ടങ്ങൾ കണ്ടു മനസിലാക്കുകയും ആളുകളെ ആശ്വസിപ്പിക്കുകയും എല്ലാ വിധത്തിലുമുള്ള സഹായങ്ങൾ വാഗ്ദാനം നൽകുകയും ചെയ്തു. ഞായർ, തിങ്കൾ, ചൊവ്വാ ദിവസങ്ങളിലായി പുളിക്കൽ പിതാവ് കാഞ്ഞിരപ്പള്ളിയിലെ പ്രളയ ബാധിതമായ എല്ലാ സ്ഥലങ്ങളിലെയും സന്ദർശനം പൂർത്തിയാക്കി.

പ്രളയം പിന്‍വാങ്ങിയ മണിക്കൂറുകളില്‍ തന്നെ   അധ്യക്ഷതയില്‍ രൂപതയിലെ വിവിധ ആലോചന സമിതികളും സാമൂഹിക സേവന വിഭാഗങ്ങളും അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കു രൂപം നല്‍കിയിരുന്നു. തുടര്‍ന്ന് വിവിധ സന്യാസസമൂഹങ്ങളുടെ പ്രതിനിധികളെ വിളിച്ചുകൂട്ടി അവരുടെ നിര്‍ദേശങ്ങളും സ്വീകരിച്ചു. ഞായർ, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ പുളിക്കൽ പിതാവ് കാഞ്ഞിരപ്പള്ളിയിലെ പ്രളയ ബാധിതമായ എല്ലാ സ്ഥലങ്ങളും സന്ദർശിച്ചു.

അഭയകേന്ദ്രങ്ങളായി രൂപതയുടെ സ്ഥാപനങ്ങൾ 

അപ്രതീക്ഷിത പ്രളയത്തില്‍ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോയി. മാത്രമല്ല ഗതാഗത തടസത്തില്‍ ഏറെപ്പേര്‍ വഴിമധ്യേ കുരുങ്ങുകയും ചെയ്തു. വിവിധ ദേശക്കാരായ യാത്രക്കാര്‍, ശബരിമല തീര്‍ഥാടകര്‍ തുടങ്ങിയവര്‍ക്കും ദുരിതത്തില്‍അകപ്പെട്ടവര്‍ക്കും കുട്ടിക്കാനം മരിയന്‍ കോളജ്, കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും വിവിധ ഇടവകളിലെ പാരീഷ് ഹാളുകളിലും സ്‌കൂള്‍കെട്ടിടങ്ങളിലും ഉടൻതന്നെ ഭക്ഷണവും സുരക്ഷിത താമസവും ക്രമീകരിക്കാൻ രൂപതയ്ക്ക് സാധിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിൽ ഏകദേശം 200 – ഓളം ആളുകളും മുറിഞ്ഞപുഴയിൽ 65 ഓളം ആളുകളും പലൂര്‍ക്കാവിൽ 65 ഓളം ആളുകളും ആദ്യ ദിവസം തന്നെ ഉണ്ടായിരുന്നു. ജനങ്ങൾക്ക് ഇതു വലിയ സഹായമായി മാറി. 

വഴിയിൽ കുടുങ്ങിയവർക്ക് ഹെല്പ് ലൈൻ നമ്പർ 

അപ്രതീക്ഷിതമായി വന്നെത്തിയ പ്രളയവും ഉരുൾ പൊട്ടലും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം റൂട്ടിലൂടെ കിഴക്കൻ മേഖലയിലേക്ക് യാത്ര ചെയ്തവർക്ക് വലിയ ബുദ്ധിമുട്ടുകൾ നൽകി. എവിടേയ്ക്ക് പോകണമെന്നും എന്തു ചെയ്യണമെന്നും അറിവില്ലാത്ത അവസ്ഥയിൽ രൂപത ഉടൻ തന്നെ അത്തരം ആളുകളെ രക്ഷപെടുത്താനായി ഒരു ഹെൽപ് ലൈൻ നമ്പർ സജ്ജമാക്കി. അതിലൂടെ സഹായം സ്വീകരിച്ചവർ നിരവധിയാണ്.

വിവിധ സംഘടനകളുടെ തുടർ സാന്നിധ്യം 

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം) ആരംഭിച്ച ഹെല്‍പ് ഡെസ്‌കിലൂടെ ഒറ്റപ്പെട്ടുപോയവരുടെ വിവിധ അഭ്യര്‍ത്ഥനകള്‍ക്കും ആവശ്യങ്ങള്‍ക്കും കാര്യക്ഷമമായ രീതിയില്‍ സഹായങ്ങള്‍ നല്‍കിയിരുന്നു. വൈദികരുടെയും സന്യസ്തരുടെയും അത്മായ സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രളയ ബാധിതമേഖലകളില്‍ ശുചീകരണം ഉള്‍പ്പെടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുവദീപ്തി – എസ്എംവൈഎം, എ.കെ.സി.സി , പിതൃവേദി, മാതൃവേദി, ജീസസ് യൂത്ത്, വിന്‍സെന്റ് ഡി പോള്‍, മിഷന്‍ലീഗ് എന്നിവ തുടര്‍ന്നുവരികയാണ്. വിവിധ ഇടവകകളിലെ നിരവധിയായ പ്രവർത്തനങ്ങൾ ഏകോപിച്ചു കൊണ്ടുപോകുക എന്നത് ശ്രമകരമായ ദൗത്യമാണ്. 

മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയും പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയും 

കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളാണ് മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയും പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയും. ഈ രണ്ടു സൊസൈറ്റികളിലൂടെയും വലിയ സഹായങ്ങളാണ് രൂപത പ്രളയ ബാധിത മേഖലകളിൽ നൽകിയത്. സഹായങ്ങള്‍ ആവശ്യമായ സ്ഥലങ്ങളില്‍ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഈ സൊസൈറ്റികളിലൂടെ ഉറപ്പുവരുത്തിയിട്ടുണ്ട്. ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ആളുകളിലേക്ക്‌ എത്തിക്കാൻ ഇവരുടെ സാന്നിധ്യം വിലയേറിയതായിരുന്നു.  

ചികിത്സാ സൗകര്യങ്ങൾക്കായിമെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി 

അടിയന്തിര ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ രൂപതയുടെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രി എന്നിവിടങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രളയദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് ആ ദിവസങ്ങളില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൗജന്യചികിത്സ നല്‍കിയിരുന്നു.

കൗൺസിലിംഗ്, സർവ്വേ വിവരങ്ങൾ ശേഖരിക്കൽ

തുടക്കത്തിൽ ഒറ്റപ്പെട്ടു പോയ അഴങ്ങാട്, മുക്കുളം, വടക്കേമല പ്രദേശങ്ങളെ പ്രത്യേകം പരിഗണിച്ചു കൊണ്ട് കുട്ടിക്കാനം മരിയൻ കോളജ്, കോട്ടയം ബി.സി. എം കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സേഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് കൃത്യമായ സ്ഥിതി വിവരങ്ങൾ ശേഖരിക്കുവാൻ ഇപ്പോള്‍ സർവ്വേ നടത്തുകയാണ്. ഈ സ്ഥലങ്ങളിൽ മുണ്ടക്കയം എം.എം. റ്റി., കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് എന്നീ ആശുപത്രികൾ സൗജന്യ വൈദ്യ സഹായം എത്തിക്കുന്നു. പ്രളയം ബാധിച്ച മലയോര ജനതയെ ആശ്വസിപ്പിച്ചു കൊണ്ട് സന്യസ്തരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്.

300 – ഓളം യുവജനങ്ങൾ ഒത്തുചേര്‍ന്നപ്പോള്‍ 

മുക്കുളം വടക്കേമല ഭാഗങ്ങളെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്ന റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് ഒറ്റ ദിവസം 300 – ഓളം യുവദീപ്തി -എസ്.എം.വൈ. എം. യുവജനങ്ങൾ സംഘടിച്ചത് ഒരു പുതിയ കാഴ്ചയായിരുന്നു. പ്രളയം ഒഴിഞ്ഞ അന്നു മുതൽ റോഡ് നന്നാക്കിയും വീടുകൾ വൃത്തിയാക്കിയും ആവശ്യ വസ്തുക്കൾ ശേഖരിച്ചുമുള്ള പ്രവർത്തനങ്ങൾ തുടര്‍ച്ചയായി നടക്കുകയാണ്.

ക്യാമ്പുകളിൽ കഴിയുന്നവർ 

വീടും സ്ഥലവും നഷ്ടപ്പെട്ടവരും ഇപ്പോഴും അപകടസാധ്യതാ മേഖലയിലുള്ളവരും വിവിധയിടങ്ങളില്‍ പള്ളികളുടെ സ്ഥാപന സംവിധാനത്തില്‍ നിലവില്‍ കഴിയുന്നുണ്ട്. ഈ ദിവസങ്ങളില്‍ മാര്‍ ജോസ് പുളിക്കല്‍ ദുരിതബാധിത മേഖലകളില്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരുന്നു.

പുനരധിവാസവും പുനര്‍നിര്‍മാണവും 

ക്യാമ്പുകളിൽ കഴിയുന്നവരെ തിരികെ വീടുകളിൽ എത്തിക്കുക എന്നതാണ് ഇനി ഉടൻ നടത്തേണ്ട കാര്യം. പലർക്കും തിരികെ പോകാൻ വീടുകൾ ഇല്ല. പലരുടെയും ജീവിത മാർഗമായ കൃഷി നശിക്കുകയും കൃഷിയിടങ്ങൾ ഒലിച്ചു പോകുകയും ചെയ്തു. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണുകയാണ് രൂപതയുടെ മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അതിനായുള്ള പ്രവർത്തങ്ങളും രൂപത ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

നാടിനെ കണ്ണീരിലാഴ്ത്തിയ പ്രളയദുരന്തത്തില്‍ തലമുറകളുടെ അധ്വാനവും കരുതലും ഒഴുകിപ്പോയ കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ പ്രദേശങ്ങളുടെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും സഹായ സമാശ്വാസ പദ്ധതികൾ കാഞ്ഞിരപ്പള്ളി രൂപത ആവിഷ്ക്കരിച്ചു കഴിഞ്ഞിരിക്കുന്നു. ഉരുള്‍പൊട്ടലിലും മിന്നല്‍പ്രളയത്തിലും വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസവും അറ്റകുറ്റപണികളും, നഷ്ടങ്ങള്‍ സംഭവിച്ചവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വിവിധ സാമൂഹികക്ഷേമ പ്രവര്‍ത്തങ്ങളുമാണ് നടപ്പിലാക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തി പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുവാനുള്ള പദ്ധതി തയ്യാറാക്കി വരുന്നു. ഇതിനായി രൂപത ഭൂനിധി രൂപീകരിക്കും

സര്‍ക്കാര്‍ സംവിധാനങ്ങളോടു ചേര്‍ന്നുള്ള പ്രവർത്തനം 

രൂപതയുടെ പ്രവർത്തനങ്ങൾ സർക്കാരിന്റെ വിവിധ പദ്ധതികളോട് ചേർന്ന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. രൂപതയ്ക്ക് മാത്രമായി പുനർനിർമ്മിക്കാവുന്ന നഷ്ടങ്ങൾ അല്ല സംഭവിച്ചിരിക്കുന്നത്. കൃഷിയിടങ്ങൾ കണ്ടെത്തലും ഭവന നിർമ്മാണവും പുനരധിവസിപ്പിക്കലും തൊഴിൽ പദ്ധതികൾ നടപ്പിലാക്കലും ഒറ്റയ്ക്ക് നടപ്പിലാക്കുന്ന കാര്യമല്ല. അതിനാൽ സർക്കാരിന്റെ വിവിധ പദ്ധതികളോട് ചേർന്ന്  ദീര്‍ഘകാല പുനരധിവാസ പ്രവര്‍ത്തനങ്ങൾ നടത്താനാണ്  കാഞ്ഞിരപ്പള്ളി രൂപത ഉദ്ദേശിക്കുന്നത്.    

ഓരോ വര്‍ഷവും 20 കോടിയോളം രൂപ

ഓരോ വര്‍ഷവും കാഞ്ഞിരപ്പള്ളി രൂപത 20 കോടിയോളം രൂപ വിവിധ പ്രദേശങ്ങളില്‍ സാഹചര്യത്തിന്റെ മുന്‍ഗണനയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കുന്നുണ്ട്. അതിനു പുറമെയാണ് ഈ പുതിയ പദ്ധതി. വിവിധ സന്യാസ സമൂഹങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ആവശ്യമായ ഫണ്ട്‌ കണ്ടെത്തി പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാനാണ് രൂപതയുടെ ശ്രമം.

പ്രവർത്തനങ്ങളുടെ ഏകോപനം

അടിയന്തിരാവശ്യങ്ങൾ തുടക്കത്തിൽ നിറവേറ്റിയതിനു ശേഷം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഫാ. സ്റ്റാൻലി പുള്ളേലിക്കൽ (ജനറൽ കോർഡിനേഷൻ, ഭവനങ്ങളുടെ പുനർ നിർമ്മാണവും അറ്റകുറ്റപണികളും), ഫാ. ഫിലിപ്പ് വട്ടയത്തിൽ (വൈദ്യ സഹായം, കൗൺസിലിംഗ്), ഫാ. ഡൊമിനിക് അയലൂപറമ്പിൽ (പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നല്‍കല്‍), ഫാ. വർഗീസ് കൊച്ചുപുരക്കൽ (ഗൃഹോപകരണങ്ങളുടെ ശേഖരണം) എന്നിവരെ മാർ ജോസ് പുളിക്കൽ പ്രത്യേകം ചുമതലപ്പെടുത്തി.

അടിയന്തിരസാഹചര്യത്തെ നേരിടാന്‍ കാഞ്ഞിരപ്പള്ളി രൂപത വിഭാവനം ചെയ്യുന്ന ഭവന നിര്‍മ്മാണ പുനരധിവാസപദ്ധതിയില്‍ – റെയിന്‍ബോ 2021 / മഴവില്ല് പുനരധിവാസ പദ്ധതിസ്ഥലം, സാമഗ്രികള്‍, സാമ്പത്തികം ഉള്‍പ്പെടെ ആവുന്ന സഹായങ്ങള്‍ നല്‍കി സഹകരിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 9496033110, 9656730120 

ലൈഫ് ഡേ ടീം 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.