പ്രതിമാസം മൂന്നു ലക്ഷം ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചു പൗരോഹിത്യത്തിലേക്ക് യാത്ര ചെയ്ത യുവാവ് 

പൗരോഹിത്യവും  ദൈവവിളിയും അത്ഭുതകരവും ആശ്ചര്യകരമാണ്. അത് ആർക്കും മനസിലാകുവാൻ കഴിയില്ല. ഡീക്കൻ ജോ ആൻറണി വളയത്ത് പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുമ്പോൾ ക്രൈസ്തവ ലോകം അതിരറ്റ സന്തോഷത്തിലാണ്. കാരണം ക്രിസ്തുവിനായി അദ്ദേഹം മാറ്റിവച്ചത് ഉയർന്ന ജോലിയും സ്ഥാനമാനങ്ങളും. വായിക്കാം, പൗരോഹിത്യ വഴികളിലേയ്ക്ക് സഞ്ചരിച്ച, ലോകസുഖങ്ങളോട് ദൈവസ്നേഹമാണ് വലുതെന്നു വിളിച്ചു പറഞ്ഞ ഒരു യുവാവിന്റെ ജീവിതം.

ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് യെസ്, പറയുമ്പോൾ ജോ ആന്റണിക്ക് മുന്നിൽ ഉണ്ടായിരുന്നത്  ബാംഗ്ലൂരിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേടിയ ബിരുദവും ഫ്രാൻസിൽ നിന്ന് കരസ്ഥമാക്കിയ MBAയും  ബഹുരാഷ്ട്ര കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ എന്ന പദവിയും. 2012 -ൽ സിംഗപ്പൂരിൽ മാസം മൂന്ന് ലക്ഷത്തിലധികം രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു ഈ യുവാവ്. ആ അവസരത്തിലാണ് അദ്ദേഹം തൻറെ പൗരോഹിത്യ ദൈവവിളി തിരിച്ചറിഞ്ഞത്. അതിനെ തുടർന്ന് ഡൊമിനിക്കൻ സഭയിൽ ചേരുകയും ചെയ്തു. ഒരു പതിറ്റാണ്ടിനിപ്പുറം അദ്ദേഹം തൻറെ പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുകയാണ്. ഒരു ഗ്രാമീണ യുവാവിന് എത്തിപ്പിടിക്കാൻ കഴിയുന്നതിലും അധികം ഭൗതികജീവിതത്തിൽ നേടിയവൻ ആണ് ഡീക്കൻ ജോ. ആരും കൊതിക്കുന്ന മികച്ച വിദ്യാഭ്യാസം, ഉയർന്ന ശമ്പളം എന്നിവയെല്ലാം ഉപേക്ഷിച്ചത് കർത്താവിൻറെ പിന്നാലെ നടക്കുവാൻ ആയിരുന്നു. അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തെ ക്രൈസ്തവസമൂഹം വളരെ ആഹ്ലാദത്തോടെയാണ് കാത്തിരിക്കുന്നത്.

പൗരോഹിത്യവും സന്യാസ ജീവിതവും വെല്ലുവിളിയും വിവാദ വിഷയവുമായി മാറിയിരിക്കുന്ന ഈ  കാലഘട്ടത്തിൽ വിശുദ്ധിയുടെ നെടുംതൂണായി മാറുവാൻ ഡീക്കൻ ജോയേ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ. കത്തോലിക്കാ വിശ്വാസ സമൂഹത്തിന് താങ്ങും തണലും ആകുവാൻ താങ്കളുടെ പൗരോഹിത്യ ശുശ്രൂഷ കാരണമായി തീരട്ടെ. അദ്ദേഹത്തിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ നമുക്കും പ്രാർത്ഥനയോടെ ശക്തി പകരാം.

സുബിൻ മാത്യു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.