
വൈദികർ കുമ്പസാര രഹസ്യം വെളിപ്പെടുത്തണം എന്ന് നിബന്ധന വയ്ക്കുന്ന നിയമം പാസാക്കി ക്വീൻസ്ലാന്റ്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുക എന്ന വ്യാജേന ക്രൈസ്തവ കൂദാശയുടെ മേൽ നടത്തുന്ന ഈ കടന്നു കയറ്റത്തിന് എതിരെ ക്വീൻസ്ലാന്റിൽ പ്രതിഷേധം ഇരമ്പുകയാണ്.
സെപ്റ്റംബർ എട്ടാം തീയതിയാണ് നിയമം പാസാക്കിയത്. നിയമ ലംഘനം നടത്തുന്നവർക്ക് തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. കൂദാശകൾ എങ്ങനെയാണ് പരികര്‍മ്മം ചെയ്യുന്നത് എന്നതിനെ കുറിച്ചുള്ള മോശമായ അറിവാണ് ഇത്തരത്തിൽ ഉള്ള നിയമ നിർമ്മാണത്തിന് പിന്നിലെന്നും കുമ്പസാര രഹസ്യം വെളിപ്പെടുത്താനുള്ള നിയമം കൊണ്ടുവന്നത് കൊണ്ട് ചെറുപ്പക്കാരുടെ സുരക്ഷയിൽ കാര്യമായ വ്യത്യാസമോ ഉറപ്പോ ഉണ്ടാകില്ല എന്നും ബ്രിസ്ബേൻ അതിരൂപതയിലെ ബിഷപ്പ് മാർക്ക് കോളറിഡ്ജ് ചൂണ്ടിക്കാട്ടി.
നിയമ നിർമ്മാണത്തിനായി ഒരുങ്ങുന്ന ഭരണകൂടത്തിന് മുന്നറിപ്പായി എന്തുതന്നെ സംഭവിച്ചാലും കുമ്പസാര രഹസ്യം സംരക്ഷിക്കും എന്ന നിലപാടിൽ ഉറച്ചു നിൽക്കും എന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. ഇതിനെയും മറികടന്നാണ് ഈ നിയമ നിർമ്മാണം. ക്രൈസ്തവ വിശ്വാസത്തിനു മേലുള്ള കടന്നു കയറ്റത്തെ എതിർത്തു കൊണ്ട് ക്വീൻസ്ലാന്റിലെ വിശ്വാസികളും വൈദികരും രംഗത്തെത്തിയിരിക്കുകയാണ്.