വിശ്വാസത്തെ പ്രവൃത്തിയില്‍ എത്തിക്കാൻ ഫൈസലാബാദിലെ പുതിയ ബിഷപ്പ്

വിശ്വാസത്തെ പ്രവൃത്തിപഥത്തിൽ എത്തിക്കാനുള്ള നിയോഗവുമായി പാക്കിസ്ഥാനിലെ ഫൈസലാബാദ് രൂപതയ്ക്ക് പുതിയ ബിഷപ്പ്. ബിഷപ്പ് ജോസഫ് ഇന്ദ്രിയാസ് റഹ്മത്ത് ആണ് ഫൈസലാബാദിന്റെ ആറാമത്തെ ബിഷപ്പായി സ്ഥാനമേറ്റത്. മെത്രാഭിഷേക ചടങ്ങുകൾക്ക് കറാച്ചി ബിഷപ്പ് ജോസഫ് കോട്ട്സ് മുഖ്യകാർമ്മികത്വം വഹിച്ചു. പൻസാറയിലെ സെന്റ് പോൾസ് ദേവാലയത്തിൽ വച്ചാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്.

ആയിരക്കണക്കിന് വിശ്വാസികളും വൈദികരും സന്യസ്തരും മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. കൂടാതെ, സാമൂഹിക – സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള നേതാക്കളും എത്തിയിരുന്നു. കറാച്ചിയിലെ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം, തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ ശേഷം സെമിനാരിയുടെ ഡീൻ ആയി സേവനം ചെയ്തു. പ്രവൃത്തിയിൽ അധിഷ്ഠിതമായ വിശ്വാസം ആപ്തവാക്യമായി സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ബിഷപ്പ് ജോസഫ് ഇന്ദ്രിയാസ് റഹ്മത്ത്.

പാക്കിസ്ഥാനിൽ വിശ്വാസം പ്രാവർത്തികമാക്കുക എന്നാൽ, എല്ലാവരുമായും സൗഹൃദത്തിലൂടെയും സ്നേഹത്തിലൂടെയും ഐക്യത്തിലൂടെയും വിശ്വാസം കൈമാറുക എന്നതാണ്. “ക്രിസ്തു, കുരിശിലൂടെ കൈമാറിയ സ്നേഹത്തിന്റെ മാതൃക പകരുവാനും വചനാധിഷ്ഠിതമായ ഒരു വിശ്വാസജീവിതം കെട്ടിപ്പെടുക്കുവാനും അങ്ങനെ പ്രകാശപൂരിതമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുവാനുമുള്ള ഉത്തരവാദിത്വമാണ് പുതിയ ബിഷപ്പിലൂടെ ദൈവം കൈമാറുന്നത് എന്നും അതിന് ദൈവം എല്ലാവിധ അനുഗ്രഹവും അദ്ദേഹത്തിന് നൽകട്ടെയെന്നും  ഇടവക വികാരി ഫാ. ഇമ്മാനുവൽ പർവേസ് ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.