പടിയ്ക്കൽ ഉടയുന്ന മൺപാത്രങ്ങൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വർഷങ്ങൾ കഴിഞ്ഞിട്ടും ആ സ്ത്രീയുടെ വാക്കുകൾ ഇന്നും കാതുകളിൽ അലയടിക്കുന്നു: “അച്ചാ, എന്നോട് ഭർത്താവിന്റെ കൂടെ പോകാൻ മാത്രം പറയരുത്. വിവാഹത്തിന്റെ ആദ്യനാളുകളിൽ തുടങ്ങിയതാണ് സംശയം. ആരുടെയും മുഖത്ത് നോക്കാനോ, മിണ്ടാനോ പേടിയായിരുന്നു. കിടപ്പറയിൽ പോലും കുത്തുവാക്കുകളുടെ ശരവർഷമായിരുന്നു. കണ്ണീരുകൊണ്ട് തലയിണ നനയാത്ത ദിനങ്ങളില്ല. മക്കൾ വലുതായാപ്പോഴെങ്കിലും അദ്ദേഹത്തിന്റെ ചിന്താഗതി മാറുമെന്നു കരുതി. എന്നാൽ ഒട്ടും മാറിയില്ല.

അച്ചനറിയുമോ ഇക്കഴിഞ്ഞ ദിവസം മകന്റെ കൂടെ ഇരിക്കുന്നതിൽ വരെ അദ്ദേഹം മ്ലേച്ഛത കണ്ടുതുടങ്ങി. ഇങ്ങനെയുള്ള ആളിന്റെ കൂടെ എങ്ങനെ ജീവിക്കാനാകും? ജീവിതം വല്ലാതെ മടുത്തിരിക്കുന്നു.”

കണ്ണീരിൽ കുതിർന്ന ആ വാക്കുകൾക്കു മുന്നിൽ പ്രാർത്ഥനാപൂർവ്വം ശിരസ് നമിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അവരുടെ ഭർത്താവ് കുഞ്ഞുനാൾ മുതൽ പലവിധ തിക്താനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു. മാത്രമല്ല, വിവാഹത്തിനുമുമ്പ് അവിഹിതബന്ധങ്ങളും ഉണ്ടായിരുന്നു. അതിനാൽ തന്നെ തന്റെ ഭാര്യയെ മാത്രമല്ല, എല്ലാ സ്ത്രീകളെയും അയാൾക്ക് സംശയമായിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവവൈകൃതത്തിൻ്റെ അടിസ്ഥാന കാരണം.

ഇത് ഒരു വേറിട്ട സംഭവമല്ല. പല ദാമ്പത്യബന്ധങ്ങളും തകരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സംശയമാണ്. എന്തുതന്നെയായാലും സംശയം രൂപം കൊള്ളുമ്പോൾ മലീമസമാകുക ഹൃദയമാണ്. യഥാസമയത്തുള്ള കൗൺസിലിങ്ങും പ്രാർത്ഥനയും വഴി ഒരു പരിധിവരെ വിടുതൽ ലഭിക്കുന്നതാണ്.

കർത്താവിന്റെ ഗിരിപ്രഭാഷണത്തിലെ ഈ വാക്കുകൾ ശ്രദ്ധിക്കൂ: “ഹൃദയശുദ്ധിയുള്ളവര് ഭാഗ്യവാന്മാര്; അവര് ദൈവത്തെ കാണും”(മത്തായി 5:8).

വെടിപ്പുള്ള ഹൃദയവും പാവനമായ ചിന്തകളും നമ്മെ സ്വർഗ്ഗത്തിലേയ്ക്ക് നയിക്കട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.