ക്ലാസ്സ് മുറികളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഇറ്റലിയിലെ പരമോന്നത നീതിപീഠം

ക്ലാസ്സ് മുറികളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഒരു ഇറ്റാലിയന്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ നല്‍കിയ അപ്പീലിലാണ്, ക്ലാസ് മുറികളില്‍ ക്രൂശിതരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഇറ്റലിയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വിധി പറഞ്ഞത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുമിച്ചിരുന്നു മാന്യമായ രീതിയില്‍ ജനാധിപത്യപരമായി തീരുമാനിക്കുന്നിടത്തോളം കാലം എല്ലാ മതങ്ങളുടേയും പ്രതീകങ്ങളും ക്ലാസ്സ് മുറികളില്‍ പ്രദര്‍ശിപ്പിക്കാമെന്നും വിധിയില്‍ പറയുന്നു.

കുരിശുരൂപം യാതൊരു ആശയങ്ങളും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും, അത് മതചിഹ്നം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. മതനിരപേക്ഷത എന്നാല്‍ മതചിഹ്നങ്ങള്‍ നിരോധിക്കലല്ല. ക്രൂശിതരൂപം എന്നാല്‍ ഇറ്റലിയുടെ വിശാലമായ പൈതൃകത്തിന്റെ ഭാഗമാണെന്നും, കുരിശും, ക്രിസ്തുവിന്റെ പീഡാസഹനവും നിരീശ്വരവാദികള്‍ക്ക് പോലും മാനുഷികാന്തസ്സ്, സമാധാനം, സാഹോദര്യം, ഐക്യം തുടങ്ങിയ ആഗോളമൂല്യങ്ങളെ പ്രദാനം ചെയ്യുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

പഠിപ്പിക്കുമ്പോള്‍ തന്റെ പിറകില്‍ തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപം തന്റെ മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന പരാതിയുമായിട്ടാണ് അദ്ധ്യാപകന്‍ കോടതിയെ സമീപിച്ചത്. ക്രൂശിതരൂപം അംഗീകരിക്കാത്തതിനാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നെന്നും അദ്ധ്യാപകന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ക്ലാസ്സ് റൂമില്‍ പ്രവേശിക്കുന്ന അദ്ധ്യാപകന്‍ ആദ്യം കുരിശുരൂപം മാറ്റിയ ശേഷമാണ് പഠിപ്പിക്കാന്‍ തുടങ്ങുന്നതെന്നും പഠിപ്പിക്കലിനു ശേഷം കുരിശുരൂപം പഴയപടി തൂക്കിയതിനു ശേഷം ക്ലാസ്സ് വിടുകയായിരുന്നു പതിവെന്നുമാണ് റിപ്പോര്‍ട്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.