മരിച്ചു പോയ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഇതാ ഒരു സങ്കീർത്തനം !

  മരിച്ചുപോയ പ്രിയപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് കത്തോലിക്കാ സഭയിൽ പരമ്പരാഗതമായി തുടർന്ന് പോരുന്ന ഒരു ശൈലിയാണ്. അവർ ശാരീരികമായി കൂടെയില്ലെങ്കിലും പ്രാർത്ഥനയിലൂടെ അവരോട് അടുത്ത് നിൽക്കുവാൻ ജീവിച്ചിരിക്കുന്നവർക്ക് കടമയുണ്ട്. മരിച്ച വിശ്വാസികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ പല പ്രാർത്ഥനകൾ കത്തോലിക്കാ സഭയിൽ നിലവിലുണ്ട്. അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഒരു സങ്കീർത്തനം തന്നെ ഉണ്ട്. ബൈബിളിലെ ആ സങ്കീർത്തനം ഏതെന്ന് നമുക്കൊന്ന് പരിശോധിക്കാം.
  ‘അഗാധത്തിൽ നിന്നും നിന്നെ ഞാൻ വിളിക്കുന്നു’… എന്നുതുടങ്ങുന്ന 130 മത്തെ സങ്കീർത്തനം കർത്താവിന്റെ കരുണയ്ക്കായി വിളിച്ചപേക്ഷിക്കുന്നതാണ്. 1736 – ൽ ക്ലമന്റ് പന്ത്രണ്ടാമൻ മാർപാപ്പ ഈ സങ്കീർത്തനം ചൊല്ലി കർത്താവിന്റെ കരുണയ്ക്കായി പ്രാർത്‌ഥിക്കുന്നതിനെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. സന്ധ്യാനേരം പള്ളിമണികൾ മുഴങ്ങുന്നത് കേൾക്കുമ്പോൾ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ നിർത്തി കർത്താവിന്റെ കരുണയ്ക്കായി ഈ സങ്കീർത്തനം ചൊല്ലി പ്രാർത്ഥിക്കുവിൻ എന്ന് അദ്ദേഹം  പറയുമായിരുന്നു.
  നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കുവാൻ അവിടുത്തെ പക്കൽ 130 – മത്തെ സങ്കീർത്തനം ചൊല്ലി നിലവിളിച്ചപേക്ഷിക്കാം. അവിടുന്ന് കരുണ തോന്നി അവരുടെ പാപങ്ങൾ മോചിക്കും.
  സങ്കീർത്തനം 130 
  കർത്താവേ, അഗാധത്തിൽ നിന്നു അങ്ങയെ ഞാൻ വിളിച്ചപേക്ഷിക്കുന്നു.
  കർത്താവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ! ചെവി ചായ്ച്ച് എൻ്റെ യാചനകളുടെ സ്വരം കേൾക്കണമേ!
  കർത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവെച്ചാൽ ആർക്ക് നിലനിൽക്കാനാവും?
  എന്നാൽ, അങ്ങു പാപം പൊറുക്കുന്നവനാണ്. അതുകൊണ്ട് ഞങ്ങൾ അങ്ങയുടെ മുൻപിൽ ഭയഭക്തികളോടെ നിൽക്കുന്നു.
  ഞാൻ കാത്തിരിക്കുന്നു, എൻ്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.
  പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവൽക്കാരേക്കാൾ ആകാംഷയോടെ ഇസ്രായേൽ കർത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാൽ, കർത്താവ് കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നൽകുന്നു.
  ഇസ്രയേലിനെ അവന്റെ അകൃത്യങ്ങളിൽ നിന്ന് അവിടുന്ന് മോചിപ്പിക്കുന്നു.
  വചനം ഉച്ചരിച്ചുകൊണ്ടുള്ള പ്രാർത്ഥന വളരെ ശക്തിദായകമാണ്. നമ്മളിലെ വേദനകളെ അവ ഇല്ലാതാക്കുന്നു. ഒപ്പം പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നൽകുകയും ചെയ്യുന്നു. വിശ്വാസത്തോടെ അവിടുത്തെ പക്കൽ കരുണയ്ക്കായി വിളിച്ചപേക്ഷിക്കാം.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.