വിദ്യാഭ്യാസ – ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് കരുതലൊരുക്കുന്നതിനായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ – ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു.

പ്രതിസന്ധിഘട്ടങ്ങളില്‍ സാമൂഹ്യപ്രതിബദ്ധതയുടെയും സഹമനുഷ്യരോടുള്ള കരുതലിന്റെയും ചാലകശക്തികളായി ഓരോരുത്തരും മാറണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായഹസ്തമൊരുക്കാന്‍ കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധസംഘടനകള്‍ നടത്തിവരുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ നിത്യാമോള്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ – ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായം ലഭ്യമാക്കി.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.