ദയാവധം സംബന്ധിച്ചുള്ള പോര്‍ച്ചുഗല്‍ നിയമസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിഷപ്പുമാരും ഡോക്ടര്‍മാരും രംഗത്ത്

ദയാവധം കുറ്റകരമല്ലാതാക്കിയ പോര്‍ച്ചുഗല്‍ നിയമസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിഷപ്പുമാരും ഡോക്ടര്‍മാരും രംഗത്ത്. ജീവന്‍ സംരക്ഷിക്കപ്പെടുന്നതിനായി കത്തോലിക്കാ സഭ സ്വീകരിക്കുന്ന നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുവാനുള്ള നിര്‍ണ്ണായക തീരുമാനമെടുത്തുകൊണ്ടാണ് പോര്‍ച്ചുഗല്ലിലെ ഡോക്ടര്‍മാരും ബിഷപ്പുമാര്‍ക്കൊപ്പം പങ്കുചേരുന്നത്.

ദയാവധം കുറ്റകൃത്യമല്ലാതാക്കിക്കൊണ്ടുള്ള നിയമം പോര്‍ച്ചുഗല്‍ നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ സാഹചര്യത്തിലാണ് സംയുക്തമായ പ്രതിഷേധത്തിന് ഇരുകൂട്ടരും രംഗത്തെത്തിയിരിക്കുന്നതും. തങ്ങളുടെ വിയോജിപ്പ് അറിയിച്ച് നിരവധിപേര്‍ അന്ന് പാര്‍ലമെന്റിനു മുമ്പില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

മനുഷ്യജീവിതത്തിന്റെ സ്വാഭാവികമരണം വരെ സാമീപ്യവും ബഹുമാനവും പരിചരണവും നല്‍കി പ്രായമായവരെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. ദയാവധത്തിനെതിരായ ഏറ്റവും മാന്യമായ പരിഹാരം സാന്ത്വന പരിചരണവുമാണെന്ന് പോര്‍ച്ചുഗല്‍ മെത്രാന്‍സമിതി വ്യക്തമാക്കി. രോഗികളെ ചികിത്സിക്കാനും ജീവന്‍ രക്ഷിക്കാനുമാണ് ഡോക്ടര്‍മാര്‍ പഠിക്കുന്നത്. മറിച്ച്, അവരുടെ ജീവന്‍ തിരിച്ചെടുക്കാന്‍ ഒരു വൈദ്യനും അവകാശമില്ല. അത്തരം ഹീനമായ പ്രവര്‍ത്തികള്‍ക്ക് ഡോക്ടര്‍മാര്‍ ഒരിക്കലും കൂട്ടുനില്‍ക്കില്ലെന്ന് പിഡിഎ പ്രസിഡന്റ് മിഗുവല്‍ ഗുയിമറസും പറഞ്ഞു.