ചര്‍ച്ച് ബില്‍: ധര്‍ണ്ണയില്‍ മാറ്റമില്ല- അഡ്വ. ബിജു പറയന്നിലം

കേരള സംസ്ഥാന സര്‍ക്കാരിന്റെ നിയമപരിഷ്‌ക്കരണ കമ്മീഷന്‍ തയ്യാറാക്കി സര്‍ക്കാര്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചര്‍ച്ച് ബില്‍ 2019 നെതിരെ ഇന്ന് കോട്ടയം തിരുനക്കര മൈതാനിയില്‍ നടത്തുവാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ധര്‍ണ്ണയില്‍ മാറ്റമില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പത്രക്കുറിപ്പില്‍ അറിയിച്ചു.

ചര്‍ച്ച് ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയില്ലായെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പു ലഭിച്ചുവെങ്കിലും നിരുത്തരവാദിത്വപരമായ പ്രസ്താവനകളുമായി നിയമപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ടയേര്‍ഡ് ജസ്റ്റീസ് കെ.ടി തോമസ് മുന്‍പോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. മദ്ധ്യകേരളത്തിലെ കോട്ടയം, ചങ്ങനാശ്ശേരി, പാല, കോതമംഗലം, കാഞ്ഞിരപ്പള്ളി, വിജയപുരം, തിരുവല്ല, ഇടുക്കി തുടങ്ങി വിവിധ രൂപതാ പ്രതിനിധികള്‍ പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കും. ഇടവക-രൂപത-ഫൊറോനതലത്തില്‍ ബില്ലിനെതിരെ ലഭിച്ച പരാതികളും നിവേദനങ്ങളും സ്വീകരിച്ച് നിയമപരിഷ്‌ക്കരണ കമ്മീഷന് കൈമാറുന്നതിന് സമ്മേളന നഗരിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.