അഗതികളും ആരോരുമില്ലാത്തവരുമായ ആളുകളുടെ ക്ഷേമപെൻഷനും റേഷനും റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കെസിവൈഎം കല്ലോടി മേഖല

അഗതികളും ആരോരുമില്ലാത്തവരുമായ ആളുകളുടെ ക്ഷേമപെൻഷനും റേഷനും റദ്ദാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കെസിവൈഎം കല്ലോടി മേഖല സമിതി സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തയച്ചു.

കെസിവൈഎം കല്ലോടി മേഖല പ്രസിഡന്റ്‌ ശ്രീ. ടിനു തോമസ് മങ്കൊമ്പിലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കത്തയച്ചത്. ഇന്ന് അഗതിമന്ദിരങ്ങളിലും ഷെൽറ്റർ ഹോമുകളിലും കഴിയുന്നവർ ഒരുകാലത്ത് രാജ്യത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്തിട്ടുള്ളവരാണെന്നും അഗതികളായിട്ടുള്ളവരും രാജ്യത്തെ പൗരന്മാരാണെന്നും അവരെ രണ്ടാം തരം പൗരന്മാരായി കാണുന്ന നടപടി വേദനാജനകമാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചു.

കേന്ദ്രവിഹിതം ലഭിക്കുന്നില്ലായെന്ന് സർക്കാർ പറയുമ്പോഴും സംസ്ഥാനത്ത് 1800-നു മുകളിലുള്ള അഗതിമന്ദിരങ്ങളിൽ താമസിക്കുന്ന ഒരു ലക്ഷത്തിനു മുകളിൽ വരുന്ന ജനങ്ങളുടെ കാര്യത്തിൽ കേന്ദ്രത്തിനു മാത്രമാണോ ഉത്തരവാദിത്വം എന്നത് സർക്കാർ വ്യക്തമാക്കണമെന്ന് കത്തിൽ പറയുന്നു. വിവിധ കോവിഡ് പ്രതിസന്ധികളിൽ നിന്നും ഇനിയും വിമുക്തമായിട്ടില്ലാത്ത, സാമ്പത്തികമായും മറ്റു വിവിധ രീതികളിലും വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തുന്ന നിലപാടുകളിൽ നിന്ന് സർക്കാർ കെസിവൈഎം കല്ലോടി മേഖല സമിതി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.