വിശുദ്ധജലം നല്‍കുന്ന സംരക്ഷണം

‘ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. സകല വിഗ്രഹങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ നിര്‍മ്മലരാക്കും’ (എസ. 36:25) എന്നാണ് തിരുവചനം പഠിപ്പിക്കുന്നത്. വെഞ്ചരിച്ച ജലത്തിന്റെ ശക്തിയെക്കുറിച്ചാണ് ഈ വചനം വ്യക്തമാക്കുന്നത്.

യേശുവിന്റെ അമൂല്യമായ തിരുരക്തത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് വിശുദ്ധജലം അഥവാ ഹന്നാന്‍ വെള്ളം. അത് നമ്മുടെ ശരീരത്തിനും ആത്മാവിനും വലിയ നേട്ടങ്ങള്‍ നല്‍കുകയും പാപങ്ങളെ ശുദ്ധീകരിച്ച് ഇല്ലാതാക്കുകയും ചെയ്യുന്നു. അത് ദുരാത്മാക്കളെ അകറ്റി നിര്‍ത്തും. വിശുദ്ധജലം, മരിച്ചവരുടെ ആത്മാക്കള്‍ക്ക് ആശ്വാസം നല്‍കുന്നു. ഒരുപക്ഷേ, തങ്ങളുടെ മോചനത്തിന് അവര്‍ക്ക് വിശുദ്ധജലത്തിന്റെ ഒരു തുള്ളി മതിയാകും.

വിശുദ്ധജലം ഭക്തിയോടെ ഉപയോഗിക്കുക. നമ്മുടെ വിരല്‍ വിശുദ്ധജലത്തില്‍ മുക്കിയിട്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കുക കൂടി ചെയ്യുക. ‘കാരുണ്യവാനായ കര്‍ത്താവേ, വിശുദ്ധജലത്താലും അവിടുത്തെ അമൂല്യരക്തത്താലും ഞങ്ങളുടെ എല്ലാ പാപങ്ങളും തുടച്ചുനീക്കുവാന്‍ കരുണയായിരിക്കേണമേ. ഈ വിശുദ്ധജലത്തിന്റെ യോഗ്യതയാല്‍ ശുദ്ധീകരണസ്ഥലത്തെ അനേകം ആത്മാക്കള്‍ക്ക് ആശ്വാസം നല്‍കി അങ്ങ് അനുഗ്രഹിക്കുകയും ചെയ്യേണമേ.’