കാവല്‍മാലാഖമാരെക്കുറിച്ച് തിരുവചനം നല്‍കുന്ന ചില സൂചനകള്‍

നമ്മുടെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന, നാം നന്മ ചെയ്യുമ്പോള്‍ സന്തോഷിക്കുകയും തിന്മ ചെയ്യുമ്പോള്‍ ദുഃഖിക്കുകയും ചെയ്യുന്ന, തങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്നവരെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവരായാണ് കാവല്‍മാലാഖമാരെ നാം കരുതിപ്പോരുന്നത്. അത് അങ്ങനെ തന്നെയാണെന്നും നമുക്കെല്ലാവര്‍ക്കും ഓരോ കാവല്‍മാലാഖമാരുണ്ടെന്നുമുള്ള സത്യം തിരുവചനങ്ങളില്‍ നിന്നുതന്നെ മനസിലാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ കാവല്‍മാലാഖമാരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്ന ഏതാനും വചനങ്ങള്‍ പരിചയപ്പെടാം…

1. ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍, അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു (മത്തായി 18:10-11).

2. നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും (സങ്കീ. 91:11- 12). ഈ സങ്കീര്‍ത്തനവചനങ്ങള്‍ കാവല്‍മാലാഖമാരുടെ സംരക്ഷണത്തെ സൂചിപ്പിക്കുന്നു.

3. സിംഹക്കുഴിയില്‍ കിടന്നുകൊണ്ട് ദാനിയേല്‍ രാജാവ് പറയുന്ന സത്യവുമതാണ് “എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ അടച്ചു. അവ എന്നെ ഉപദ്രവിച്ചില്ല” (ദാനി. 6:22).

4. കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോട് പറഞ്ഞു: “എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഈജിപ്തിലേയ്ക്ക് പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദോസ് ശിശുവിനെ വധിക്കാന്‍വേണ്ടി ഉടനെ അന്വേഷണം തുടങ്ങും” (മത്തായി 2:13).

5. മാലാഖ പ്രത്യക്ഷപ്പെട്ട് പറയുന്നു: “എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഇസ്രായേല്‍ ദേശത്തേയ്ക്ക് മടങ്ങുക. ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു” (മത്തായി 2:20).

6. കര്‍ത്താവ് തന്റെ ദൂതനെ അയച്ച് ഹേറോദോസിന്റെ കരങ്ങളില്‍ നിന്ന് യഹൂദന്മാരുടെ വ്യാമോഹങ്ങളില്‍ നിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോള്‍ എനിക്ക് വ്യക്തമായി (അപ്പ. പ്രവ. 12: 10-11).

7. അതുപോലെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു (ലൂക്കാ 15:10).

നമ്മുടെ കാവല്‍ദൂതന്മാരുടെ സാന്നിധ്യം ഈ ലോകത്തിലും സ്വര്‍ഗ്ഗത്തിലും ആനന്ദകരമാണെന്ന് ഈ വചനങ്ങള്‍ പഠിപ്പിക്കുന്നു. നമുക്ക് നമ്മുടെ കാവല്‍മാലാഖമാരോട് ഭക്തിയുള്ളവരാകാം. കാവല്‍മാലാഖയുടെ മാദ്ധ്യസ്ഥ്യം അനുഗ്രഹപ്രദമാക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.