പരിസ്ഥിതി സംരക്ഷിക്കാന്‍ ഫിലിപ്പീന്‍സിലെ മെത്രാന്മാരുടെ പദ്ധതി

പരിസ്ഥിതിയുടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രകൃതിസംരക്ഷണത്തിനുള്ള ക്രിയാത്മകമായ പദ്ധതികളുമായി ഫിലിപ്പീന്‍സിലെ മെത്രാന്‍സംഘം. ‘ലൗദാത്തോ സീ’ എന്ന ചാക്രികലേഖനത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ചുകൊണ്ടാണ് പ്രകൃതിസംരക്ഷണ പരിപാടികൾക്ക് മെത്രാന്മാർ ഊന്നൽ നൽകുന്നത്.

ഫിലിപ്പീന്‍സിലെ ദേശീയ കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റോമുളോ വാലെസ് ദവാവോയാണ് പരിസ്ഥിതി മാനസാന്തരത്തിനുള്ള ആഹ്വാനം ജനങ്ങള്‍ക്ക് ഇടയലേഖനമായി ദേശീയ മെത്രാന്‍സംഘത്തിന്‍റെ പേരില്‍ ലഭ്യമാക്കിയത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് 1988-ലാരംഭിച്ച പരിശ്രമങ്ങളില്‍ 8-ാമത്തെ ഉദ്യമമാണ് ചൊവ്വാഴ്ച മനിലയിലെ മെത്രാന്‍സമിതിയുടെ ഓഫീസില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയത്.

നിരുത്തരവാദിത്വപരമായ ഖനനം – അശാസ്ത്രീയമായ രീതിയിലും പരിസ്ഥിതിനാശം സംഭവിക്കുന്ന സ്ഥാനങ്ങളിലുള്ള അണക്കെട്ടുകളുടെ നിര്‍മ്മിതി, പെട്രോളിയം, കല്‍ക്കരി പോലുള്ള ജൈവഇന്ധനങ്ങളുടെ അമിതമായ ഉപയോഗം എന്നിവ പരിമിതപ്പെടുത്തുകയാണ് ആദ്യഘട്ടത്തിലെ പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍. അന്തരീക്ഷ മലിനീകരണവും, ഊര്‍ജ്ജത്തിന്‍റെ അമിതമായ ഉപയോഗവും, കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ്ജനിര്‍മ്മിതി, പാചകം, വൈദ്യുതി ഉല്പാദനം, മറ്റ് വിനാശകരമായ ഊര്‍ജ്ജോല്പാദന രീതികള്‍ എന്നിവ നിര്‍ദ്ദേശങ്ങളിലൂടെ നിരുത്സാഹപ്പെടുത്തുന്നുണ്ട്.

ജീവിതലാളിത്യം പാലിക്കുക, ഊര്‍ജ്ജോപയോഗം നിയന്ത്രണ വിധേയമാക്കുക, പാഴ്വസ്തുക്കള്‍ തരംതിരിച്ചു ക്രമപ്പെടുത്തി സൂക്ഷിക്കുക, പ്ലാസ്റ്റിക്കിന്‍റെയും കടലാസ്സിന്‍റെയും ഉപയോഗം കുറയ്ക്കുക എന്നിങ്ങനെയുള്ള ആഹ്വാനങ്ങളും കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുന്നു.

രൂപതയുടെ എല്ലാ തലങ്ങളിലും എല്ലായിടങ്ങളിലും സാമൂഹ്യ സേവാകേന്ദ്രത്തിന്‍റെ ഭാഗമായി പരിസ്ഥിതി സംബന്ധിച്ച് അവബോധം വളര്‍ത്താനുള്ള സംവിധാനങ്ങള്‍ തയ്യാറിക്കിയിട്ടുണ്ട്. അതുപോലെ സെമിനാരികള്‍ക്കും സന്യാസസ്ഥാപനങ്ങളുടെ പരിശീലനകേന്ദ്രങ്ങള്‍ക്കുമായി പാരിസ്ഥിതിക അവബോധമുണര്‍ത്തുന്ന പാഠ്യപദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. തുടരുന്ന പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്നും തകര്‍ച്ചയുടെ വക്കിലെത്തിയ ഭൂമിയെ രക്ഷപ്പെടുത്തുന്ന പൊതുവായ കര്‍മ്മപദ്ധതിയിലേയ്ക്കാണ് സഭ എല്ലാവരെയും ക്ഷണിക്കുന്നത്.