കുടുംബ ബന്ധങ്ങളും മൂല്യങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കുടുംബ ബന്ധങ്ങളും പരമ്പരാഗത മൂല്യങ്ങളും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപരിപാലിക്കേണ്ടത് ഈ കാലഘട്ടത്തില്‍ അത്യന്താപേക്ഷിതമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെയും, അതിരൂപത ഫാമിലി കമ്മീഷന്റേയും, ക്‌നാനായ കാത്തലിക് വിമന്‍സ് അസ്സോസിയേഷന്റെയും സംയുക്ത നേതൃത്വത്തില്‍ കോതനല്ലൂര്‍ തൂവാനിസയില്‍ സംഘടിപ്പിച്ച ക്‌നാനായ ദമ്പതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂര്‍വ്വീകരില്‍ നിന്നു ലഭിച്ച വിശ്വാസപൈതൃകവും കുടുംബമൂല്യങ്ങളും അമൂല്യനിധിയായി മുതിര്‍ന്ന തലമുറ സംരക്ഷിച്ചതു കൊണ്ടാണ് നല്ല കുടുംബപശ്ചാത്തലത്തില്‍ വളരുവാന്‍ ഇന്നത്തെ തലമുറയ്ക്ക് സാധിച്ചത്. അതിനാല്‍, പ്രസ്തുത മൂല്യങ്ങള്‍ കൈമോശം വരാതെ വരുംതലമുറയ്ക്ക് കൈമാറുകയെന്നത് ഇന്നത്തെ ദമ്പതികളുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാഹചര്യങ്ങള്‍ അതിവേഗം മാറിവരുന്നു. ലവ് ജിഹാദ് പോലുള്ള കാര്യങ്ങള്‍ നാം ഗൗരവമായി എടുക്കേണ്ടതില്ല എന്നു ചിന്തിച്ച കാലമുണ്ടായിരുന്നു. സ്‌നേഹത്തിന്റെ മറ ഉപയോഗിച്ച് ചിലരെങ്കിലും കുഞ്ഞുങ്ങളെയും, യുവജനങ്ങളെയും വഴിതെറ്റിക്കുന്നത് ആശങ്കാജനകമാണ്. മനസ്സിന്റെ ഏറ്റവും ശ്രേഷ്ഠമായ വികാരങ്ങളെപ്പോലും ഉപയോഗിച്ചു കൊണ്ട് കുഞ്ഞുങ്ങളെ അടിമകളാക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും സമൂഹത്തില്‍ ഉണ്ടെന്നുള്ളത് ഏവരും തിരിച്ചറിയണം. കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ സംരക്ഷിക്കാന്‍ മുതിര്‍ന്നവര്‍ ജാഗ്രതയോടെ നിലകൊള്ളണമെന്ന്  അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നടത്തി. മൂല്യാധിഷ്ഠിത കുടുംബജീവിതത്തെപ്പറ്റി ഡോ. ജോസഫ് മാത്യു ക്ലാസ്സ് നയിച്ചു. തൂവാനിസ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

വിവാഹജീവിതത്തില്‍ 50 വര്‍ഷവും, 25 വര്‍ഷവും പൂര്‍ത്തിയാക്കിയ ദമ്പതികളെ അഭി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മെമന്റോകള്‍ നല്‍കി ആദരിച്ചു. കെ.സി.സി. പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ കെ.സി.ഡബ്ല്യു.എ. പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണ്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസ്സന്‍ ഒഴുങ്ങാലില്‍, കെ.സി.സി. സെക്രട്ടറി ഷൈജി ഓട്ടപ്പിള്ളില്‍, ചൈതന്യ കമ്മീഷന്‍ കോ. ഓര്‍ഡിനേറ്റര്‍ ഫാ. ബിജോ കൊച്ചദംപള്ളില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.