വിശുദ്ധ ​ഗ്രന്ഥവായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യം: മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്‌ ആലഞ്ചേരി

സീറോ മലബാർ ആരാധനക്രമ വായനകളുടെ രണ്ടാമത്തെ ഗണം അടിസ്ഥാനപ്പെടുത്തി ആരാധനക്രമ കമ്മീഷൻ തയ്യാറാക്കിയ ‘വചനവിളക്ക്‌’ എന്ന ഗ്രന്ഥം കാക്കനാട്‌ മൗണ്ട്‌ സെന്റ് തോമസിൽ വച്ച് സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്‌ ആലഞ്ചേരി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ടിനു നൽകി പ്രകാശനം ചെയ്തു. വിശുദ്ധ ഗ്രന്ഥവായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യവും ക്രൈസ്തവ വിശ്വാസത്തെ ശരിയായ രീതിയിൽ വളർത്തിയെടുക്കാൻ സഹായിക്കുമെന്നും മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പ്രസ്താവിച്ചു.

2021 ജനുവരി മാസത്തിലെ സീറോ മലബാർ സിനഡിന്റെ തീരുമാനം അനുസരിച്ച് പ്രസിദ്ധീകരിച്ച ആരാധനാക്രമ വായനകളുടെ രണ്ടാം ഗണത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ ‘വചനവിളക്ക്‌’ എന്ന വിശുദ്ധ ​ഗ്രന്ഥ പ്രഘോഷണസഹായി ആരാധനക്രമ കമ്മീഷൻ തയ്യാറാക്കിയിരിക്കുന്നത്‌. പ്രമുഖ ആരാധനക്രമ ബൈബിൾ പണ്ഡിതരാണ്‌ ഇതിന്റെ രചനയിൽ സഹകാരികളായിരിക്കുന്നത്‌. സീറോ മലബാർ സഭയിലെ പൗരസ്ത്യ സുറിയാനി ആരാധനക്രമ കലണ്ടർ അനുസരിച്ചുള്ള ഒമ്പതു കാലങ്ങളിലെയും വായനകളുടെ പരസ്പരബന്ധത്തെക്കുറിച്ചുള്ള വിശകലനവും വ്യാഖ്യാനവുമാണ്‌ ഈ ​ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളുടെ പിൻബലത്തോടും അജപാലന ആഭിമുഖ്യത്തോടും കൂടെയാണ്‌ വിശുദ്ധ ഗ്രന്ഥവായനകളുടെ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത്‌.

സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ലിറ്റർജി കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ്‌ പിട്ടാപ്പിള്ളിൽ, ഫാ. തോമസ്‌ ആദോപ്പിള്ളിൽ, ഫാ. തോമസ്‌ മേൽവെട്ടം, ഓഫീസ്‌ സെക്രട്ടറി സി. നിർമ്മൽ എം.എസ്‌.ജെ തുടങ്ങിയവർ പ്രകാശനചടങ്ങിൽ സംബന്ധിച്ചു.

പ്രസ്തുത പുസ്തകത്തിന്റെ കോപ്പികൾ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിൽ ലഭ്യമാണ്‌.

ഫോൺ: 9446477924.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.