പ്രോലൈഫ് പരസ്യത്തെ സെൻസർ ചെയ്ത് ഫേസ്ബുക്ക്

അയർലൻഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്രോലൈഫ് പ്രസ്ഥാനം ചെയ്ത പരസ്യം ഫേസ്ബുക്ക് മറച്ചു. ജീവനുള്ള ഭ്രൂണത്തിന്റെ ചിത്രമടങ്ങിയ പരസ്യമാണ് ഗ്രാഫിക്, വയലന്റ് സ്വഭാവമുള്ളത് എന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് നിരോധിച്ചത്.

ഡബ്ലിനിലെ അയോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റി സ്പോൺസർ ചെയ്ത് മെയ് 7 മുതൽ തുടക്കമിട്ട കാമ്പയിന്റെ ഭാഗമായാണ് പതിനൊന്നാഴ്ച പ്രായമുള്ള ഭ്രൂണത്തിന്റെ ചിത്രം ബിൽബോർഡുകളിലും മറ്റും പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ച് പന്ത്രണ്ടാഴ്ച വരെയുള്ള ഭ്രൂണത്തെ ഏതു കാരണം കൊണ്ടായാലും നശിപ്പിക്കാം എന്നാണ്. ഇതിനെതിരെയാണ് പ്രധാനമായും “ഇപ്പോഴും നമ്മളിലൊരാൾ” എന്ന ടാഗോടെ ഭ്രൂണത്തിന്റെ ചിത്രം അടങ്ങിയ ബോർഡുകൾ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്.

അയോണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗികപേജിൽ പ്രസിദ്ധീകരിച്ചിരുന്ന ചിത്രമാണ് ഫേസ്ബുക്ക് അവ്യക്തമാക്കിയിരിക്കുന്നത്. പ്രോ-ലൈഫിനെതിരായി പ്രവര്‍ത്തിക്കുന്നവർ സമാനമായ ചിത്രം പങ്കുവയ്ക്കുന്നതിൽ ഫേസ്ബുക്കിന് പരാതിയില്ലേ എന്നും പ്രോലൈഫിന്റെ പ്രവര്‍ത്തനലക്ഷ്യം വേണ്ടത്ര മനസിലാക്കാതെയാണ് ഇങ്ങനെയൊരു നീക്കം ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.