എഴുത്തിനെ പ്രണയിച്ച ദുബായ്ക്കാരൻ

മരിയ ജോസ്

“എഴുതുക എന്നത് ഞാൻ തുടരും. കാരണം അത് അത്രയ്ക്ക് ഇഷ്ടപ്പെടുന്നു.”

എഴുത്തിനെ പ്രണയിച്ച, ആ പ്രണയം തുടർന്നുകൊണ്ട് പോകുവാൻ ആഗ്രഹിക്കുന്ന ഒരു ദുബായ്ക്കാരൻ മലയാളിയുടെ വാക്കുകളാണിത്. പറയുന്നതു കേട്ടാൽ ഒരു പ്രൊഫഷണൽ എഴുത്തുകാരനാണെന്നു തോന്നുമെങ്കിലും ആളൊരു പ്രൊഫഷണൽ പ്രോജക്ട് സൂപ്പർവൈസർ ആണ്. ഇദ്ദേഹം ഇന്ന് പന്ത്രണ്ടോളം സംഗീത ആൽബങ്ങൾക്ക് തൂലിക ചലിപ്പിച്ചുകഴിഞ്ഞു. എഴുത്തിനെ പ്രണയിച്ച ആ പ്രോജക്റ്റ് സൂപ്പർവൈസറിനെ നമുക്കും പരിചയപ്പെടാം…

മേല്പറഞ്ഞ വിശേഷണങ്ങൾക്ക് അർഹനായ ആ വ്യക്തിയാണ് ആലപ്പുഴ, ഹരിപ്പാട് സ്വദേശിയായ സുമോദ് ചെറിയാൻ. ദുബായിൽ ആർ.ആർ എംഇപി കമ്പനിയിൽ പ്രോജക്ട് സൂപ്പർവൈസർ ആയ സുമോദ്, കഴിഞ്ഞ ഇരുപതു വർഷത്തെ പ്രവാസിജീവിതത്തിനിടയിൽ കിട്ടിയ ഒഴിവുസമയങ്ങളിലാണ് എഴുത്തിലേയ്ക്ക് തിരിയുന്നത്. ഒരു കാലം വരെ എഴുതുന്നതിനെക്കുറിച്ചൊന്നും ചിന്തിക്കാതെ നടന്ന വ്യക്തിയായിരുന്നു സുമോദ്. എഴുതുവാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ. എന്നിരുന്നാൽ തന്നെയും മലങ്കര കത്തോലിക്കാ സഭയിൽ അംഗമായ അദ്ദേഹം തന്റെ ഇടവകയും യുവജന സംഘടനായ എംസിവൈഎം സംഘടനയുമായൊക്കെ അടുത്തുനിന്ന് പ്രവർത്തിച്ചിരുന്നു. പരമ്പരാഗതമായി കൈമാറി വന്ന വിശ്വാസത്തിന്റെ തിരി ഉള്ളിൽ അണയാതെ നിന്നതിനാൽ തന്നെ ദൈവാലയ കാര്യങ്ങളിൽ സജീവമായി നിന്നിരുന്നു. അതിനാൽ ആ ഒരു സാധ്യതയെ ദൈവം തന്റെ പ്രിയദാസനുള്ള അവസരമാക്കി മാറ്റുകയായിരുന്നു. എങ്ങനെ എന്നല്ലേ? പറയാം.

എംസിവൈഎം ദുബായിലും ഗൾഫിലുമൊക്കെ ശക്തമായ പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. അങ്ങനെ ഈ സംഘടനയുടെ ഭാഗമായി 2017-ല്‍ ഒരു ഷോർട് ഫിലിം മത്സരം സംഘടിപ്പിച്ചു. ഈ മത്സരത്തിൽ സുമോദ് അംഗമായ MCYM ദുബായ് യൂണിറ്റിൽ നിന്ന് ഒരു ഷോർട് ഫിലിം മത്സരത്തിന്റെ ഭാഗമായി ചെയ്യുവാൻ തീരുമാനിക്കുകയും ആ ചിത്രത്തിനായി പാട്ട് എഴുതുവാൻ സുമോദിനെ ഏല്പിക്കുകയും ചെയ്തു. സഹോദരനും മാവിയും ഒക്കെ പാട്ടു പാടുന്നവരായിരുന്നു. എങ്കിലും സുമോദിന് ഈ മേഖല പുതുമയുള്ളതായിരുന്നു. എഴുത്തിനോടുള്ള താല്പര്യത്തിന്റെ പേരിൽ ആദ്യം എഴുതിയ പാട്ട് തന്നെ ശ്രദ്ധേയമായി. ‘തണൽ തേടി’ എന്ന പേരിൽ മത്സരത്തിൽ പങ്കെടുത്ത ആ ചിത്രം ഒന്നാം സ്ഥാനം നേടുകയും ബേസ്ഡ് ലിറിക്‌സ്, ബേസ്ഡ് മ്യൂസിക് അവാർഡുകൾ വാങ്ങിക്കൂട്ടുകയും ചെയ്തു. അരങ്ങേറ്റം വിജയകരമായതോടെ സുമോദിന് എഴുത്ത് ഒരു ലഹരിയായി മാറി.

കുടുംബത്തോടൊപ്പം കഴിയുന്ന ഒരു പ്രവാസിയുടെ തിരക്കുകൾ നമുക്ക് ഊഹിക്കാമല്ലോ. ജോലിയും കുടുംബത്തോടൊന്നിച്ചുള്ള ജീവിതവും. ഇതിനിടയിൽ എഴുതാൻ പറ്റുന്ന ഒരു സാഹചര്യത്തിനായുള്ള കാത്തിരുപ്പ് ചിലപ്പോഴൊക്കെ വെറും സ്വപ്നമായി മാറാറുണ്ട്. എങ്കിൽത്തന്നെയും ജോലിസമയത്ത് ലഭിക്കുന്ന ഇടവേളകളിൽ കാറിലേയ്ക്ക് ഓടിക്കയറുന്ന സമോദ് കൂടെയുള്ളവർക്ക് ഒരു അത്ഭുതമായിരുന്നു. ആ ഓട്ടം എന്തിനെന്നല്ലേ? മനസ്സിൽ വന്ന വരികൾ കാറിൽ സൂക്ഷിച്ചിരിക്കുന്ന ഡയറിയിൽ കുറിച്ചുവയ്ക്കുവാൻ! “ഇങ്ങനെ എഴുതിവച്ച വരികൾ ഒരു മുത്തുമാല പോലെ കോർത്തുവയ്ക്കും. ആവശ്യം വരുമ്പോൾ അത് ഉപയോഗപ്പെടുത്തും” – സുമോദ് വെളിപ്പെടുത്തുന്നു.

2017-ലെ ക്രിസ്തുമസ് സമയത്താണ് അടുത്ത പാട്ട് എഴുതുന്നത്. ‘ഡിസംബർ’ എന്ന ആ ആൽബം ഒരു ബിഗ് ബജറ്റ് ആൽബം ആയിരുന്നു. സനീഷ് എബ്രഹാമിന്റെ സംഗീതസംവിധാനത്തിൽ ഇറങ്ങിയ ആ ആൽബം പാടിയത് സുദീപ് കുമാർ ആയിരുന്നു. പിന്നീട് നൊമ്പരം, നാഥൻ തൻ ചാരെ, ഓണസ്മൃതി, തന്നതെല്ലാം നന്മയ്ക്കായി, കരുണ പ്രകാശം, അണു (കവിത), എൻ നല്ല ദൈവം, കരയാൻ കണ്ണീരില്ല നാഥാ, മറിയം അമ്മ മറിയം തുടങ്ങിയ ആൽബങ്ങൾ ചെയ്തു. കരുണ പ്രകാശം എന്ന ആൽബത്തിന്റെ വരികൾ എഴുതിയതും സംഗീതം നൽകിയതും സുമോദ് തന്നെയാണ്. സുമോദ് ചെയ്ത ആൽബങ്ങളിലൊക്കെയും പാടിയിരിക്കുന്നത് പ്രശസ്തരായ ആളുകളാണ് എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും അവസാനം റിലീസ് ചെയ്ത ആൽബം ‘മറിയം അമ്മ മറിയം’ എന്നതാണ്. ഫാ. മാത്യൂസ് പയ്യപ്പള്ളിയുടെ സംഗീതസംവിധാനത്തിൽ തയ്യാറായ ഈ ഗാനം നൽകിയ അനുഭവം അദ്ദേഹത്തിന് എന്നും പ്രിയപ്പെട്ടതാണ്. ഒരു സുഹൃത്ത് വഴിയാണ് മാത്യൂസ് അച്ചനെ സമോദ് അറിയുന്നത്. അന്നുമുതൽ അദ്ദേഹത്തോടൊപ്പം ഒരു വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പാട്ട് എഴുതിയശേഷം അച്ചന് അയച്ചുകൊടുത്തു. വൈകാതെ തന്നെ അദ്ദേഹം അത് ട്യൂൺ ചെയ്ത് സമോദിനു അയച്ചു. അത് ഇഷ്ടപ്പെട്ടപ്പോൾ എന്ത് പേരിടും, ആരെക്കൊണ്ട് പാടിപ്പിക്കും തുടങ്ങിയ സംശയങ്ങളായി പിന്നീട്. ഇതിനെല്ലാം കൃത്യമായി സഹായിക്കുവാനും സമോദിന്റെ മനസ്സറിഞ്ഞു എന്നപോലെ അച്ചൻ ഓരോരോ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന അനുഭവമാണ് പിന്നീടുണ്ടായത്. ഇനിയും വരാനിരിക്കുന്ന മൂന്ന് ആൽബങ്ങളിൽ രണ്ടെണ്ണം മാത്യൂസ് അച്ചനൊപ്പം ഉള്ളതാണ്.

ക്രിസ്തീയ ഗാനങ്ങൾ എഴുതുമ്പോൾ ഒരു പ്രത്യേക അനുഭവമാണ് അദ്ദേഹത്തിൽ വന്നു നിറയുന്നത്. ഓരോ ക്രിസ്തീയ ഭക്തിഗാനങ്ങളും സന്തോഷം നിറഞ്ഞ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഈ മേഖലയിൽ സമോദിനെ സഹായിക്കുന്ന അനേകം ആളുകളുണ്ട്. അതിൽ പ്രധാന പങ്ക് സുമോദിന്റെ ഭാര്യ അനിക്കാണ്. സമയം കിട്ടുന്നതനുസരിച്ച് ഈ പാട്ടുകൾ അനേകരിലേയ്ക്ക് എത്തിക്കുവാൻ അനി ശ്രമിക്കുന്നു. പാട്ടെഴുത്തിനൊപ്പം തന്നെ കഥകളും കവിതകളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു.

കൂടാതെ, ഒരു യുട്യൂബ് ചാനൽ കൂടെയുണ്ട് സമോദിന്. ‘ഐമ ക്ലാസിക്’ എന്നറിയപ്പെടുന്ന ഈ ചാനലിലൂടെ ‘പുലർകാല ചിന്ത’ എന്ന എപ്പിസോഡിനു പിന്നാലെയുള്ള തിരക്കിലാണ് സുമോദ് ഇപ്പോൾ. ആഴ്ചയിൽ മൂന്നു എപ്പിസോഡ് എന്ന നിലയിൽ മലയാളത്തിലെ നിരവധി പ്രമുഖർ ശബ്ദം നൽകുന്ന ഈ പരിപാടി, അതിന്റെ നാല്പതോളം എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞു.

ഭാര്യ അനി. മൂന്നു മക്കളാണ് സുമോദിന് – അബിൻ, അതുൽ, ഐമ. സംഗീതജീവിതത്തിൽ എന്നും പിന്തുണയായി നിൽക്കുന്ന കുടുംബമാണ് തന്റെ ശക്തി എന്ന് സുമോദ് വെളിപ്പെടുത്തുന്നു. ഇനിയും അവസരങ്ങൾ ദൈവം തരട്ടെ എന്ന പ്രാർത്ഥനയിലാണ് ഇദ്ദേഹം ഇപ്പോൾ.

മരിയ ജോസ്

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.