ആണവായുധങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ പദ്ധതി

സോവിയറ്റ് യൂണിയന്റെ പ്രധാന ആണവപരീക്ഷണ കേന്ദ്രമായ സെമിപാലിറ്റിന്‍സ്‌ക് പോളിഗോണ്‍ അടച്ചതിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 29-ന് ആണവപരീക്ഷണത്തിനെതിരായ അന്താരാഷ്ട്ര ദിനമായി ആചരിക്കുകയാണ്. എന്നാല്‍ ഇന്നും ആണവപരീക്ഷണത്തിന്റെ അപകടം ഒരു അന്താരാഷ്ട്ര ഭീഷണിയായി തുടരുകയാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ‘ആണവായുധങ്ങളില്ലാത്ത ഒരു ലോകത്തിനായി നാം പരിശ്രമിക്കണം. ഈ ഉപകരണങ്ങളെ പൂര്‍ണ്ണമായും നിരോധിക്കുന്നതിനായി വ്യാപനേതര ഉടമ്പടി അക്ഷരത്തിലും ആത്മാവിലും പൂര്‍ണ്ണമായും നടപ്പിലാക്കണം’ – 2015-ല്‍ അദ്ദേഹം പറഞ്ഞതാണിത്.

ആണവായുധങ്ങളാണ് പ്രപഞ്ചത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങള്‍. അതുകൊണ്ടു തന്നെ ഇപ്പോള്‍, നിരവധി സംഘടനകള്‍ ആണവയുദ്ധത്തിന്റെ അപകടങ്ങളെക്കുറിച്ച് പഠിക്കുന്നു. അതിലൊന്നാണ് ഗാസ്‌പെരി ഫൗണ്ടേഷന്‍. ആണവ പ്രതിരോധം, പ്രത്യേകിച്ച് നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (NATO) സംഭാവനകള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ അടുത്തിടെ അവര്‍ ഒരു വെബ്, freedomanatomy.com എന്ന പേരില്‍ ആരംഭിച്ചു.

ഡാറ്റയും സംവേദനാത്മക മാപ്പുകളും അടങ്ങുന്ന ഒരു വിദ്യാഭ്യാസ വെബ്‌സൈറ്റാണ് ‘ഫ്രീഡം അനറ്റോമി’ പ്രോജക്റ്റ്. സമാധാനത്തിനായുള്ള നാറ്റോയുടെ സംഭാവനയും അന്താരാഷ്ട്ര സുരക്ഷയിലെ നിലവിലെ വെല്ലുവിളികളും ഇവിടെ വ്യക്തമാക്കുന്നു. ‘മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതുപോലെ, ഇന്ന് നാം നിരവധി ഭീഷണികള്‍ നേരിടുന്നു. അവയില്‍ സാമ്പത്തികം, പ്രചാരണം, ഇന്റര്‍നെറ്റിന്റെ അനുചിതമായ ഉപയോഗം, വ്യാജവാര്‍ത്തകള്‍, സൈബര്‍ ആക്രമണങ്ങള്‍, ഭീകരത തുടങ്ങി പലതുമുണ്ട്. ശത്രുവിനെ പലപ്പോഴും തിരിച്ചറിയാന്‍ പോലും സാധിക്കില്ല. പക്ഷേ നമുക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയണം.’

അന്താരാഷ്ട്ര തലത്തില്‍ പ്രതിസന്ധിയുടെയും സുരക്ഷാ തന്ത്രങ്ങളുടെയും മേഖലകള്‍ നന്നായി അറിയാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്ക് അവയെക്കുറിച്ച് ബോധ്യം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം – പ്രോജക്ട് ഡയറക്ടര്‍ പൗലോ അലി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.