അവഗണനയുടെ തീരത്ത്‌ ജീവിതം തേടുന്നവർ

ഫാ. ക്ലീറ്റസ് കാരക്കാടൻ

ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട കേരളത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളുടെ മനുഷ്യത്വവും കരുത്തും ലോകം വാനോളംപുകഴ്ത്തിയ ദിനങ്ങളായിരുന്നു നാടിനെ നടുക്കിയ കഴിഞ്ഞകൊല്ലത്തെ പ്രളയകാലം. ലണ്ടന്‍ ആസ്ഥാനമായ റോയ്ട്ടേഴ്സ് വാര്‍ത്ത ഏജന്‍സിയുള്‍പ്പെടെ അന്താരാഷ്ട്രാമാധ്യമരംഗത്ത് അതികായന്മാരായ CNN,BBC,FOXNEWS, ABC, MSNBC HNL തുടങ്ങിയ വിദേശ മാധ്യമങ്ങളും മറ്റനവധി രാജ്യങ്ങളിലെ വാര്‍ത്താമാധ്യമങ്ങളും ലോകം സ്വപ്നം കാണാതിരുന്ന രക്ഷാപ്രവര്‍ത്തനം മൽസ്യതൊഴിലാളികൾ നടത്തിയത്‌ ‌ വാര്‍ത്തയാക്കിയിരുന്നു..

താളം തെറ്റിയ കേരളത്തിലെ ജനജീവിതം സാധാരണനിലയിലേക്ക്‌ ക്രമേണവന്നുതുടങ്ങി.. പ്രളയജലവും കൂടുതൽ പരാക്രമമൊന്നും കാണിക്കാതെ പതുക്കെ പിന്‍വാങ്ങി. ജീവിതം സാധാരണനിലയിലേക്കു ക്രമേണ വന്നുകൊണ്ടിരിക്കുമ്പോൾ.. വാര്‍ത്തകളുടെയും അനുമോദനങ്ങളുടെയും അഭിനന്ദനപ്രവാഹങ്ങളുടെയും കുളിരുകോരിയ അലയടികളും എതാണ്ട്‌ അസ്തമിച്ചുതുടങ്ങിയപ്പോൾ… ചരിത്രത്തിലാദ്യമായി റോഡിലേക്കും അതുവഴി ലോകത്തിന്‍റെ മനസിലേക്കും വഞ്ചിയിറക്കിയവര്‍ അവാച്യമായ മാനസീക സംത്രുപ്തിയോടെ ഒരിക്കലും നിലയ്ക്കാത്ത ജീവന്മരണപോരാട്ടത്തിനായി വീണ്ടും വഞ്ചികളുമായി ആഴിയുടെ വിരിമാറിലേക്ക്‌ പോയിത്തുടങ്ങിയപ്പോൾ… ഇടിത്തീപോലെയിതാ വീണ്ടും കടൽക്ഷോഭവും നാശനഷ്ടങ്ങളും തീരാത്തവേദനയാകുന്ന കാഴ്ചകൾ കേരളത്തിന്റെ തീരദേശങ്ങളിൽനിന്നും കേൾക്കുന്നു. ഇവരുടെ അവസാനമില്ലാത്ത ചില ദുരിതക്കാഴ്ചകളിലേക്ക്‌ വെളിച്ചം വീശുവാനാണീ കുറിപ്പ്‌:

കേരളസംസ്ഥാനം രൂപംകൊണ്ടിട്ട്‌ എഴുപതുവർഷം പിന്നിട്ടിരിക്കുന്നു.. കേരളത്തിന്റെ സാമ്പത്തീകാഭിവൃദ്ധിയിൽ ഗണ്യമായ സംഭാവനകൾ, പ്രത്യേകിച്ചും വിദേശനാണ്യരംഗത്ത്‌ നേടിത്തരുന്ന ഒരു മേഖലയായി തീരദേശമൽസ്യബന്ധനരംഗം തലയുയർത്തി നിൽക്കുമ്പോഴും തലയുയർത്താനാകാതെ കടക്കെണിയിലും കടലാക്രമണ ഭീതിയിലും നിരന്തരം വിഷമിക്കുന്ന വലിയൊരുവിഭാഗം ജനത്തെ കേരളത്തിന്റെ തീരദേശത്ത്‌ നമുക്ക്‌ കാണാനാകും.

തിരുവനന്തപുരം കൊല്ലം ആലപ്പുഴ തുടങ്ങിയ തീരദേശത്തെ ലത്തീൻ കത്തോലിക്കാ രൂപതകളുടെ നേത്രുത്വത്തിൽ കാലാകാലങ്ങളിൽ സംഘടിതരായ മൽസ്യത്തൊഴിലാളികളും ഈ മേഖലയിൽ മൽസ്യതൊഴിലാളികളാൽ രൂപീക്രുതമായ സംഘടനകളും നടത്തിയ ക്രീയാത്മകമായ ഇടപെടലുകൾമൂലം ചെറുതല്ലാത്ത നന്മകൾ ഈ രംഗത്ത്‌ കൊണ്ടുവരുന്നതിനു കഴിഞ്ഞിട്ടുണ്ട്‌, എങ്കിലും മൽസ്യതൊഴിലാളികൾ ശാശ്വതപരിഹാരം കാണണമെന്ന് കൊല്ലങ്ങളായി മുറവിളികൂട്ടിയ പല കാര്യങ്ങൾക്കും ഇന്നും പരിഹാരം കാണാതെ അവഗണിക്കുന്ന സ്വാർത്ഥ രാഷ്ട്രീയം ഇനിയെങ്കിലും മാറണം.

ജീവിക്കുവാൻ വേണ്ടി ഇത്രമാത്രം സമരം ചെയ്ത വേറൊരു ജനവിഭാഗം ലോകത്ത്‌ വേറെയുണ്ടോ എന്നു ചോദിച്ചാൽ ഇല്ലയെന്നുതന്നെയാണുത്തരം കാരണം അത്രമാത്രം സമരങ്ങളാണു തീരപ്രദേശത്തെ ജനങ്ങൾ ഇന്നും അവസാനമില്ലാതെ ചെയുന്നത്‌. എല്ലാ സമരങ്ങളും ജീവനും സ്വത്തിനും തൊഴിലിനും സംരക്ഷണം തേടിയുള്ള സമരങ്ങൾതന്നെ.

മൺസൂൺ കാലാവസ്ഥ നിരന്തരം കൊണ്ടുവരുന്ന കടലാക്രമണത്തിന്റെ ഭീകരത വാർത്തകളിൽ ഇടംനേടുമ്പോൾ സർക്കാരുകൾ ചാനലുകളിൽ പൊഴിക്കുന്ന കണ്ണീർ വെറും കാപഠ്യമാണെന്ന് പണ്ടെ തീരത്തുള്ളവർക്കറിയാം, അതാണനുഭവം. തിരമാലകളുടെ കലിയടങ്ങും മുൻപെ വാഗ്ദാനങ്ങൾ നൽകിയ മന്ത്രിമാർ അത്‌ മറന്നുപോകുന്നതുകൊണ്ട്‌ വാഗ്ദാനങ്ങൾ പാലിക്കപ്പെടാറില്ല. ഏറ്റവും ഒടുവിലായി കേരളത്തിന്റെ തീരത്തെ സമ്പൂർണ്ണമായി പുനരുദ്ധരിക്കുവാൻ കേന്ദ്രം നൽകിയ സുനാമിഫണ്ടിന്റെ സിംഹഭാഗവും കടൽക്ഷോഭത്തിന്റെ യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാത്ത സ്ഥലങ്ങളിലും പാർട്ടിഗ്രാമങ്ങളിലും വകമാറ്റിച്ചിലവഴിച്ച്‌ മൽസ്യതൊഴിലാളികളെ മാറിമാറിവന്ന സർക്കാരുകൾ വഞ്ചിച്ചു.

തീരപ്രദേശത്തെ രക്ഷിക്കുവാൻ മോഹനവാഗ്ദാനങ്ങളുമായി ആട്ടിൻ തോലണിഞ്ഞുവന്ന ചെന്നായ്ക്കളായിരുന്നു വോട്ടു വാങ്ങി ജയിച്ചുപോയ പലരാഷ്ട്രീയനേതാക്കളും മൽസ്യതൊഴിലാളിനേതാക്കളുമെന്ന് ജനം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞത്‌ ഒരു പ്രതീക്ഷയ്ക്ക്‌ വകനൽകുന്നു. തീരപ്രദേശത്ത്‌ തീരവാസികൾ തന്നെ തുടർന്നും ജീവിക്കണം. അതിന്‌ തീരം സുരക്ഷിതമാകണം. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, തൊഴിൽരംഗം സുരക്ഷിതമാകണം.

വർഷങ്ങളായി ഉന്നയിച്ചിട്ടും പ്രതിവിധികൾ കാണാത്തതുകൊണ്ട്‌ അനുദിനം സമരമുഖങ്ങളിൽ ആവർത്തിച്ച്‌ ആവശ്യപ്പെടുന്ന നിവേദനങ്ങളിലെ ആവശ്യങ്ങളിൽ ചിലത്‌ ചുവടെ ചേർക്കുന്നു.

* കേന്ദ്രസർക്കാരിനുകീഴിൽ ഫിഷറീസ്‌ മന്ത്രാലയം സ്ഥാപിക്കണം.

*സുരക്ഷിതമായ പുതിയ സാങ്കേതിക വിദ്യകൾ അനുസരിച്ച്‌ വിദേശ രാജ്യങ്ങളിലേതു പോലുള്ള കടൽഭിത്തികളുടേയും പുലിമുട്ടുകളുടേയും നിർമ്മാണം ഉടൻ നടപ്പാക്കണം.അതുവഴി തീരദേശത്തുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കപ്പെടണം.

*കൊച്ചിയുടെ തീരമേഖലകളിൽ ദ്രോണാചാര്യ ആസ്ഥാനത്തുള്ളതു പോലുള്ള പുലിമുട്ടുകൾ അടിയന്തിരമായി നിർമ്മിച്ച്‌ ഈ പ്രദേശത്തെ ആളുകളുടെ ജീവനും സ്വത്തും തൊഴിലും സംരക്ഷിക്കണം.

*സുനാമിഫണ്ടിൽ നിന്നും തുടങ്ങി ഇന്നും പൂർത്തിയാക്കാതെ കിടക്കുന്ന റോഡുകളുടേയും പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കണം.

*സുരക്ഷിതമായ മിനിഹാർബറുകളും ഫിഷ്ലാന്റിംഗ്‌ സെന്ററുകളും നിർമ്മിക്കണം.

* ഇന്നും ശുദ്ധജലത്തിനായി ബുദ്ധിമുട്ടുന്ന ചെല്ലാനം , വൈപ്പിൻ , വല്ലാർപാടം മേഖലകളിൽ ശുദ്ധജല സംവിധാനങ്ങൾ ഉണ്ടാക്കണം.

* ഇന്ത്യൻ കടലുകൾ വിദേശകുത്തകകൾക്ക്‌ അടിയറവുവെച്ച മീനാകുമാരി റിപ്പോർട്ട്‌ റദ്ദാക്കണം.

* സമ്പൂർണ്ണ ട്രോളിംഗ്‌ നിരോധനം നടപ്പാക്കണം.

*അടിയന്തരരക്ഷാ സൗകര്യങ്ങളെല്ലാമുള്ള കോസ്റ്റൽ പോലീസ്‌ സ്റ്റേഷനുകൾ തീരപ്രദേശങ്ങളിലുണ്ടാകണം.

*തീരദേശപഞ്ചായത്തുകൾ രൂപീകരിക്കണം.

*തീരദേശങ്ങളിൽ ആശുപത്രികൾ ഉണ്ടാകണം.

* വിദ്യാഭ്യാസമേഖലകളിൽ കൂടുതൽ വളരാൻ ഉപകരിക്കുന്ന കാര്യങ്ങൾ നടപ്പാക്കണം.

ഇതുപോലുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച്‌ തീരപ്രദേശത്തെ മൽസ്യതൊഴിലാളികൾ സമരത്തിലും അതുകേൾക്കാനുള്ള സർക്കാരുകൾ മയക്കത്തിലുമായിട്ട്‌ വർഷങ്ങളേറെ കഴിഞ്ഞു. വിവിധ രാഷ്ട്രീയപാർട്ടിക്കാരുടെ കൊടിപിടിച്ചും വോട്ടുചെയ്തും അവശരായ തീരദേശത്തെ ജനങ്ങൾ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മുന്നേറുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
ജനത്തോട്‌ പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയക്കാരും മുതലെടുപ്പിനും സ്വാർത്ഥലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനുമായി മാത്രം നുഴഞ്ഞുകയറുന്ന നേതാക്കന്മാരെയും തിരിച്ചറിയണം. സമയം അതിക്രമിച്ചിരിക്കുന്നു. മയക്കം വിട്ടുണരണം.സംഘടിക്കണം ശക്തരാകണം അവകാശങ്ങൾക്കുവേണ്ടി പോരാടണം.

ഫാ. ക്ലീറ്റസ് കാരക്കാടൻ