ജീവന്റെ സംരക്ഷകരാകുകയെന്ന ക്രൈസ്തവദർശനം പ്രാവർത്തികമാക്കണം: മാർ മാത്യു മൂലക്കാട്ട്

ജീവന്റെ സംരക്ഷകരും പ്രഘോഷകരുമാകുകയെന്ന ക്രൈസ്തവദർശനം പ്രാവർത്തികമാക്കാൻ ഓരോരുത്തരും പരിശ്രമിക്കണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ കരിസ്മാറ്റിക് ടെമ്പറൻസ് കമ്മീഷനുകളുടെ സഹകരണത്തോടെ തൂവാനിസാ പ്രാർത്ഥനാലയത്തിൽ സംഘടിപ്പിച്ച പ്രൊ-ലൈഫ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനിലേക്ക് വരാനിരിക്കുന്നവരെയും ജീവനുള്ളവരെയും യഥാർത്ഥ സന്തോഷത്തിലേക്ക് കൈപിടിച്ച് ആനയിക്കാനുള്ള ആഹ്വാനമാണ് പ്രൊ-ലൈഫ് ദിനാചരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചൈതന്യ കമ്മീഷൻ കോർഡിനേറ്റർ ഫാ. ബിജോ കൊച്ചാദംപള്ളിൽ, ഫാമിലി കമ്മീഷൻ ചെയർമാൻ ഫാ. ബ്രസൻ ഒഴുങ്ങാലിൽ, തൂവാനിസ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജിബിൽ കുഴിവേലിൽ, ടെമ്പറൻസ് കമ്മീഷൻ ചെയർമാൻ ഫാ. മാത്യു കുരിയത്തറ തുടങ്ങിയവർ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ‘ജീവന്റെ സംസ്‌കാരം കുടുംബത്തിലും സമൂഹത്തിലും’ എന്ന വിഷയത്തെക്കുറിച്ച് കെ.സി.ബി.സി പ്രൊ-ലൈഫ് സംസ്ഥാന അനിമേറ്റർ ജോർജ്ജ് എഫ്. സേവ്യർ വലിയവീട് സെമിനാർ നയിച്ചു. വിവിധ ഇടവകകളിൽ ഫാമിലി കമ്മീഷന്റെ ചുമതല വഹിക്കുന്ന അംഗങ്ങളും പ്രൊ-ലൈഫ് പ്രവർത്തകരും പരിപാടികളിൽ പങ്കെടുത്തു.