ഗർഭഛിദ്ര നിയമം: പ്രാർത്ഥനാധർണ്ണ നടത്തി പ്രോലൈഫ് സമിതി

ഗർഭഛിദ്ര നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി മാനന്തവാടി രൂപത പ്രോലൈഫ് സമിതി വയനാട് കലക്ട്രേറ്റിനു മുമ്പിൽ ഏകദിന പ്രാർത്ഥനാധർണ്ണ നടത്തി. മാനന്തവാടി രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. ജോഷി മഞ്ഞക്കുന്നേൽ പ്രാർത്ഥനാധർണ്ണ ഉദ്‌ഘാടനം ചെയ്തു.

ജനിക്കാനും ജീവിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും കുട്ടികള്‍ക്ക് ജന്മം നല്‍കുകയും വളർത്തുകയും ചെയ്യുക എന്നത് കുടുംബങ്ങളുടേയും മാതാപിതാക്കളുടേയും അവകാശവും കടമയുമാണെന്നും അതിനെ നിയമം മൂലം നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ബഹുസ്വരതയെ നിലനിർത്തുന്നുവെന്ന് അവകാശപ്പെടുന്ന ഭാരതത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നും ഫാ. ജോഷി ഓർമ്മിപ്പിച്ചു.

ജീവനെ സംരക്ഷിക്കാനും അതിന് ശുശ്രൂഷ ചെയ്യുന്നതിനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരമെന്ന് മുഖ്യപ്രഭാഷണത്തിൽ പ്രോലൈഫ് മലബാർ മേഖല പ്രസിഡണ്ട് സാലു അബ്രാഹം മേച്ചേരിൽ ചൂണ്ടിക്കാട്ടി. ഇതിനു വിരുദ്ധമായി ജീവസംസ്കാരത്തിന്റെ സ്ഥാനത്ത് മരണസംസ്കാരത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്താൻ എല്ലാവരും ഒന്നിച്ചുനിന്ന് പോരാടേണ്ട കാലഘട്ടമാണിതെന്നും കുട്ടികളുടെ എണ്ണത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഭാവിയിൽ രാജ്യത്തെ സാമ്പത്തിക തകർച്ചയിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.