വയനാടിന്റെ സ്വകാര്യ അഹങ്കാരം – റേഡിയോ മാറ്റൊലി  

സുനിഷ നടവയല്‍

കേരളത്തിലെ എല്ലാ ജില്ലക്കാർക്കും സ്വന്തം എന്ന് അവകാശപ്പെടുവാന്‍ നിരവധി കാര്യങ്ങളുണ്ട്. കടലും കായലും പൂരവും ഒക്കെയായി വലിയൊരു വിരുന്നാണ് പല ജില്ലക്കാരും കൈവശം വച്ചിരിക്കുന്നത്. കുറച്ചുകൂടി  മുന്നോട്ടു സഞ്ചരിക്കുകയാണെങ്കിൽ തീവണ്ടിയും മെട്രോയുമടക്കം ലോകനിലവാരമുള്ള പല കാര്യങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. പക്ഷേ, സ്വന്തമായി ഒരു കടലു പോലുമില്ലാത്ത വയനാട്ടുകാർക്ക് സ്വന്തമെന്ന് അവകാശപ്പെടാനും സ്വകാര്യ അഹങ്കാരമായി ഹൃദയത്തിൽ ചേർത്തുവയ്ക്കാനുമായി പ്രകൃതിഭംഗിയോടൊപ്പം തന്നെയുള്ള ഒരു സംരംഭമുണ്ട് – റേഡിയോ മാറ്റൊലി. 2009 ജൂൺ 11-ന് പ്രവത്തനം ആരംഭിച്ച റേഡിയോ മാറ്റൊലിയുടെ 12 വർഷത്തെ വിജയഗാഥയെക്കുറിച്ചാണ്  ഈ വർഷത്തെ റേഡിയോ ദിനത്തിൽ ലൈഫ് ഡേ എഴുതുന്നത്‌.

വയനാടിന്റെ പച്ചപ്പും പ്രകൃതിസൗന്ദര്യവും നിഷ്‍കളങ്കരായ ആളുകളെയും പോലെതന്നെ ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും പൊതിഞ്ഞുപിടിച്ചിരിക്കുന്ന മാറ്റൊലിയ്ക്ക് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ എന്ന പ്രത്യേകത കൂടിയുണ്ട്. ആകാശവാണി എന്ന ഒറ്റ പേരു കൊണ്ട് ഭാരതത്തിന്റെ ഓരോ കോണിലും വൈവിധ്യങ്ങളുടെ അത്ഭുതങ്ങൾ സൃഷ്‌ടിച്ച റേഡിയോ സ്റ്റേഷനുകൾ നമുക്കുണ്ട്. അവയിൽ നിന്നെല്ലാം അല്പം വ്യത്യസ്തമായി ഉരുത്തിരിഞ്ഞ ആശയമാണ് കമ്മ്യൂണിറ്റി റേഡിയോ എന്ന സംരംഭം. ഒരു കമ്മ്യൂണിറ്റിക്കു വേണ്ടി അതേ കമ്മ്യൂണിറ്റിയിൽ തന്നെ എല്ലാത്തരത്തിലുമുള്ള വികസനത്തിന് ചുക്കാൻ പിടിക്കുകയെന്ന വികസനലക്ഷ്യങ്ങളെ മുന്‍നിർത്തിയാണ് കമ്മ്യൂണിറ്റി റേഡിയോകളെ സർക്കാർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ ആണ് വയനാട് മാനന്തവാടിയിലെ ദ്വാരകയിൽ പ്രവർത്തനം ആരംഭിച്ച കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 FM സ്റ്റേഷൻ.

വയനാടിന്റെ സ്വന്തം ശബ്ദം: റേഡിയോ മാറ്റൊലി

“നമസ്കാരം പ്രിയ ശ്രോതാക്കളെ, നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് റേഡിയോ മാറ്റൊലി 90.4, കേൾക്കൂ…ആസ്വദിക്കൂ… അറിവ് നേടൂ…”

മരംകോച്ചുന്ന വയനാടൻ തണുപ്പിൽ ഒരു ചെറിയ കട്ടൻചായയുമായി ഈ ശബ്ദത്തോടെയാണ് രാവിലെ 5.30-നു പ്രക്ഷേപണം ആരംഭിക്കുന്ന റേഡിയോ മാറ്റൊലിയുടെയും വയനാടൻ ജനതയുടെയും ഒരു ദിവസം ആരംഭിക്കുന്നത്. വയനാടിന്റെ വയൽനാടുകളിലേയ്ക്ക്, ഗ്രാമങ്ങളിലേയ്ക്ക്, ആദിമനിവാസികളുടെ  താമസസ്ഥലങ്ങളായ കോളനികളിലേയ്ക്ക്, കർഷകരുടെ ഇടയിലേയ്ക്ക്, തൊഴിലാളികളുടെ, അലയുന്നവരുടെ, വിദ്യാർത്ഥികളുടെ, അവഗണിക്കപ്പെട്ടവരുടെ, വിജയിച്ചവരുടെ, പരാജയപ്പെട്ടവരുടെ ഇടയിലേയ്ക്കൊക്കെ റേഡിയോ മാറ്റൊലിയുടെ ശബ്ദതരംഗങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

12 വർഷങ്ങൾ കൊണ്ട് ഒരു ജനതയുടെ ആകുലതകളും കഷ്ടപ്പാടുകളും നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളും പങ്കുവയ്ക്കുന്ന ഒരു മാധ്യമമായി മാറുവാൻ റേഡിയോ മാറ്റൊലിക്കു കഴിഞ്ഞു. വയനാട്ടുകാർ പോലും വയനാടിനെ ഇത്രയും കേട്ടും അറിഞ്ഞും ആഴത്തിൽ സ്നേഹിച്ചുതുടങ്ങിയത് റേഡിയോ മാറ്റൊലിയിലൂടെയാണെന്നു പറയാം. കൃഷിയും പാരമ്പര്യവും വികസന സ്വപ്‍നങ്ങളും വിദ്യാഭ്യാസ സാധ്യതകളും നാളെയെക്കുറിച്ചുള്ള വ്യക്തമായ വീക്ഷണങ്ങളുമെല്ലാം വയനാടൻ ജനത മാറ്റൊലിയിലൂടെ പങ്കുവച്ചു. ഇതിന്റെ സാധ്യതകളെയൊക്കെ ചേർത്തുപിടിക്കാനുള്ള ഒരു പൊതുവേദിയായി മാറ്റൊലി മാറി. അതുകൊണ്ടു തന്നെ ഈ വലിയ മാറ്റത്തിന്റെ ശബ്ദതരംഗങ്ങൾക്ക് വയനാട്ടിലെ മുക്കിലും മൂലയിലും എത്തുവാൻ സാധിച്ചു. കഴിഞ്ഞ 12 വർഷങ്ങളിലെ വയനാടിന്റെ ഉയർച്ചയുടെ രേഖകളിൽ മാറ്റൊലി വരച്ചുചേർത്ത അനേകം ചിത്രങ്ങളുണ്ട്.

അല്പം ചരിത്രം

1974  മുതൽ വയനാട്ടിൽ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (WSS) വിജ്ഞാനസംരംഭമാണ് 2009-ൽ ജില്ലയിൽ പ്രവർത്തനം ആരംഭിച്ച റേഡിയോ മാറ്റൊലി 90.4. മാറ്റൊലിയുടെ പ്രവർത്തനങ്ങളും പ്രക്ഷേപണങ്ങളും പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് കർഷകരെയും ആദിവാസികളെയും സ്ത്രീകളെയും കുട്ടികളെയും പാർശ്വവത്കൃത ജനവിഭാഗങ്ങളെയുമാണ്.

2006-ൽ കേന്ദ്രസർക്കാർ NGO കൾക്ക് കമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുവാനുള്ള അനുമതി നൽകിയപ്പോൾ മാധ്യമരംഗത്ത് റേഡിയോയ്ക്കുള്ള അനന്തസാധ്യതയെ മുൻകൂട്ടി കണ്ടുകൊണ്ട് മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി റേഡിയോ തുടങ്ങുവാൻ തീരുമാനിച്ചത്. അങ്ങനെ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം റേഡിയോ മാറ്റൊലിയുടെ പ്രഥമ സ്റ്റേഷൻ ഡയറക്ടറായി ചുമതലയേറ്റു. 2008 ഫെബ്രുവരി 15-ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിക്കുകയും മറ്റു നിയമങ്ങളും രേഖകളും കേന്ദ്രസർക്കാരുമായി ഒപ്പു വയ്ക്കുകയുംചെയ്തു. അതേ വർഷം തന്നെ ജൂൺ ഒന്നിന് പ്രക്ഷേപണം ആരംഭിച്ച് തുടക്കത്തിൽ രാവിലെ ആറു മണി മുതൽ എട്ടു മണി വരെയും വൈകുന്നേരം ഏഴു മണി മുതൽ ഒൻപതു മണി വരെയുമായിരുന്നു പ്രക്ഷേപണ സമയം. എന്നാൽ ഇപ്പോൾ ഇത് 24 മണിക്കൂറായി മാറി.

മാറ്റൊലി: വയനാടിന്റെ ശബ്ദമായി മാറിയ ചില പരിപാടികളിലൂടെ

വയനാടിന്റെ ഉണർത്തുപാട്ടുമായി മാറ്റൊലി ഉയർന്നപ്പോൾ ഒരു നാടിന്റെ സംസ്കാരത്തെക്കുറിച്ച് ആ നാട്ടുകാരെ തന്നെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. മതസാഹോദര്യം മുറുകെപ്പിടിച്ചു കൊണ്ട് ഏതൊരു റേഡിയോ ചാനലിനെയും പോലെ അർച്ചന എന്ന ഭക്തിഗാന പരിപാടിയാണ് ദിനാരംഭത്തിൽ. ജീവിതത്തിൽ പ്രാവർത്തികമാക്കുവാനുള്ള ശുഭചിന്തകളുമായി ‘സദ്ചിന്തനവും’ നാട്ടിലെ പ്രധാന വാർത്തകളുമായി ‘ചുറ്റുവട്ടവും’ കർഷകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി ‘കൃഷി പാഠശാലയും’ ഉണ്ട് മാറ്റൊലിയിൽ.

വയനാട്ടിലെ ഭൂരിഭാഗവും കർഷക ജനവിഭാഗമായതിനാൽ തന്നെ വിനോദത്തിലൂടെയുള്ള കർഷ ബോധവൽക്കരണ പരിപാടിയാണ് ‘ചായക്കട.’ ആക്ഷേപഹാസ്യത്തിലൂടെയും അല്ലാതെയും അവതരിപ്പിക്കുന്ന ‘ചായക്കട’ കർഷകർ മാത്രമല്ല വിദ്യാർത്ഥികളടക്കം പുതുതലമുറയിലെ കർഷകാഭിമുഖ്യമുള്ള എല്ലാ ശ്രോതാക്കളും ശ്രവിക്കുന്ന ശ്രദ്ധേയമായ ഒരു പരിപാടിയാണ്. സാഹിത്യാഭിരുചിയുള്ളവർക്കും വായനയും സാഹിത്യചിന്തകളും ഉണർത്തുന്നതിനായി ‘കഥയും കഥാകൃത്തും’, ‘കഥകളിലെ വിസ്മയം’ എന്നീ പ്രോഗ്രാമുകളും ‘ഞാറ്റുവേലയും’ ‘നാട്ടറിവുകളും’ ‘സല്ലാപം’ എന്ന ലൈവ് ഫോൺ ഇൻ പ്രോഗ്രാമും കൂടിയാകുമ്പോൾ മാറ്റൊലി ഏറ്റവും ജനകീയമാകുന്നു.

കച്ചവടരംഗങ്ങൾക്ക് കമ്പോള വിലനിലവാരവും കുട്ടികൾക്കായി ‘കിലുക്കാംപെട്ടി’യും എഴുത്തുകാർക്കായി ‘എഴുത്തരങ്ങും’ കായികമേഖലയുടെ ഉന്നമനത്തിനായി ‘കായികവും’ കൂടിച്ചേരുമ്പോൾ മറ്റുള്ളവരിൽ നിന്നും മാറ്റൊലിയുടെ അലയൊലികൾ അല്പം വ്യത്യസ്തമാകുന്നു. ‘ദേശവൃത്താന്തവും’ വിദ്യാർത്ഥികൾക്കായി ‘വിദ്യാവാണിയും’ പഴയ പാട്ടുകളുടെ ‘ഗ്രാമഫോണും’ വിവിധ പത്രങ്ങളിലെ വാർത്തകൾ പങ്കുവയ്ക്കുന്ന ‘പത്രശബ്ദവും’ വയനാടിന്റെ കുളിർമയുള്ള കാറ്റു പോലെ അനേകരുടെ കാതുകളിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

റേഡിയോ മാറ്റൊലിക്കു മാത്രം അവകാശപ്പെടാവുന്ന ഒന്നാണ് ‘തുടിച്ചെത്തം’ പരിപാടി. ആദിവാസി ഭാഷയിൽ അവർ തന്നെ അവതരിപ്പിക്കുന്ന പരിപാടി മറ്റൊരു മാധ്യമത്തിനും അവകാശപ്പെടാനില്ല. മുഖ്യധാരയിലേയ്ക്ക് കടന്നുവരാൻ മടിച്ചിരുന്ന ഇവർക്കായി മാറ്റൊലിയുടെ സാധ്യതകൾ എന്നും തുറന്നുവയ്ക്കുകയും അതിലൂടെ അവരുടെ സ്വത്വം നിലനിർത്തിക്കൊണ്ടു തന്നെ അവരെ സമൂഹത്തിന്റെ മുൻനിരയിലേയ്ക്കെത്തിക്കുവാൻ മാറ്റൊലിയ്ക്ക് കഴിഞ്ഞു എന്നുള്ളതും ശ്രദ്ധേയമായ നേട്ടമാണ്. ‘മൂപ്പന്റെ കൗതുകങ്ങളും’ പെൺകരുത്തിന്റെ കഥകൾ പങ്കുവയ്ക്കുന്ന ‘വനിതാ മാറ്റൊലിയും’ ‘രുചിക്കൂട്ടും’ തൊഴിൽസാധ്യതകളെ വിവരിക്കുന്ന ‘കരിയർ മാറ്റൊലി’യുമെല്ലാം എക്കാലവും വയനാടൻ ജനതയ്ക്ക് പുത്തനുണർവിന്റെ സാധ്യതകളായി മാറുന്നു.

വ്യത്യസ്ത മേഖലകളിലായി 80-ലധികം ശീർഷകങ്ങളുള്ള പരിപാടികളാണ് ഒരാഴ്ചയിൽ സംപ്രേഷണം ചെയ്യുന്നത്. വയനാട് ജില്ലയിലെ വിവിധ വിദ്യാഭ്യാസ-സാംസ്കാരിക-നയതന്ത്ര മേഖലകളിലെ നായകരും നിയമപാലകരും ആരോഗ്യപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരുമടക്കം നിരവധി ആളുകൾ മാറ്റൊലിയിൽ എത്തുകയും ഫോൺ ഇൻ പ്രോഗ്രാമിലൂടെ ജനങ്ങളുമായി സംവദിക്കുകയും ചെയ്യാറുണ്ട്. ഇതിലൂടെ  ഗവണ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ അറിയിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ സാമൂഹികസേവനം എന്ന മാറ്റൊലിയുടെ അകക്കണ്ണുകളിലെ പ്രകാശവും പുറമെ പരത്തുന്നു.

മാറ്റൊലിയുടെ പുതിയ ലക്ഷ്യങ്ങളെക്കുറിച്ച് സ്റ്റേഷൻ ഡയറക്ടറുടെ വാക്കുകളിലൂടെ…

സംസ്ഥാന സർക്കാരിന്റെ ഹയർ സെക്കണ്ടറി കോഴ്സിലെ 12-ാം ക്‌ളാസ്സിലെയും വിവിധ സർവ്വകലാശാലകളുടെ ബിരുദവിഷയങ്ങളിലെ ജേർണലിസം പാഠപുസ്തകങ്ങളിലും കമ്മ്യൂണിറ്റി റേഡിയോയുടെ മാതൃകയായി ‘റേഡിയോ മാറ്റൊലി’യെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യകാലങ്ങളിൽ അധ്യാപകർ – വിദ്യാർത്ഥികൾ, മറ്റു സാംസ്‌കാരികമേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യക്തികൾ എന്നിവരടക്കം ഏകദേശം 50-ഓളം സന്നദ്ധപ്രവർത്തകരായിരുന്നു വിവിധ സമയങ്ങളിലായി മാറ്റൊലിയിലൂടെ സമൂഹത്തിന്റെ ശബ്ദമായി മാറിയിരുന്നത്. സേവനസന്നദ്ധതയും സ്വന്തം നാടിനോടുള്ള സ്നേഹവും പ്രതിഫലേച്ഛ കൂടാതെയുള്ള ആ പ്രവർത്തനങ്ങൾ, മാറ്റൊലി ഇന്നായിരിക്കുന്ന അവസ്ഥയിൽ എത്തിച്ചേരുവാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.

നിലവിൽ 17 സ്റ്റാഫും 25-ൽ കൂടുതൽ സന്നദ്ധപ്രവർത്തകരുമടങ്ങുന്ന മാറ്റൊലി കുടുംബം ഒരു ജനതയുടെ സംസ്കാരത്തിന് ചിറകുകൾ മെനയുവാൻ ഏതു സമയത്തും കൂടെയുണ്ട്. മൂല്യാധിഷ്ഠിതമായ ഒരു സേവനം നൽകപ്പെടുമ്പോൾ അന്യം നിന്നുപോകുന്ന പലതിനെയും നെഞ്ചോട് ചേർത്തുപിടിക്കാനും അങ്ങേയറ്റം ബഹുമാനിക്കാനും പ്രാപ്തരാക്കുന്ന ഈ മഹത്തായ സംരംഭത്തിന് ഇപ്പോൾ നേതൃത്വം വഹിക്കുന്നത് മാനന്തവാടി രൂപതയിലെ വൈദികൻ ബഹു. ഫാ. ബിജോ കറുകപ്പള്ളിയാണ്.

ദാർശനികതയുടെ പുതിയ മുഖങ്ങൾ ആർജ്ജിക്കുന്ന മാറ്റൊലിയുടെ നാളെയുടെ പ്രവർത്തനങ്ങൾ വിവിധ മേഖലകളുടെ ഉന്നമനത്തിലേയ്ക്കായി ലക്ഷ്യം വയ്ക്കുന്നു. വയനാടൻ ജനതയുടെ സമഗ്രവികസനത്തിനായുള്ള ഒരു ‘പാക്കേജ്’ തന്നെയാണ് മാറ്റൊലി സംപ്രേഷണം ചെയ്യുന്ന പരിപാടികൾ.

“എത്തിപ്പെടാത്ത മേഖലകളിലേയ്ക്കുള്ള ഒരു യാത്രയാണ് മാറ്റൊലി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം 2011-ലെ സെൻസസ് അനുസരിച്ച് വയനാട് ജില്ലയിൽ 8,17,420 ആളുകളാണുള്ളത്. ഒരു കമ്മ്യൂണിറ്റി റേഡിയോ എന്ന നിലയിൽ ഏതൊരു വ്യക്തിയുടെയും സാധാരണ വികാരവിചാരങ്ങളൊക്കെത്തന്നെ ജനങ്ങളിലൂടെ അവർക്കുവേണ്ടി നിലകൊള്ളുന്ന ഒരു മാധ്യമത്തിലൂടെ പൊതുജനസമക്ഷം എത്തിക്കുവാനുള്ള ഒരു സാധ്യതയാണത്. വയനാട് ജില്ലയിലെ എല്ലാ വ്യക്തികളുടെയും സ്വരം ഒരിക്കലെങ്കിലും റേഡിയോ മാറ്റൊലിയിലൂടെ സംപ്രേഷണം ചെയ്യപ്പെടുക എന്ന വലിയ ലക്ഷ്യമാണ് ഇപ്പോൾ പ്രഥമ പരിഗണനയിൽ വച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആർക്കും സമീപിക്കാവുന്ന ഒരു സംവിധാനമാണ് നിലവിലുള്ളത്.

വിവിധ സാധ്യതകളിലൂടെ ആളുകൾക്ക് ഏതു തരത്തിലുള്ള പ്രോഗ്രാമുകളാണ് ആവശ്യമെന്ന് പഠനം നടത്തി വിശകലനം ചെയ്ത് കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാറുണ്ട്. ഒരു ബ്രോഡ്കാസ്റ്റിംഗ് മാധ്യമം എന്നതിലപ്പുറം ഇതൊരു ഓൺലൈൻ മാധ്യമം കൂടിയായി മാറിയിരിക്കുന്നു. ലൈവ് സ്ട്രീമിംഗ് പ്രോഗ്രാം, പോഡ്കാസ്റ്റിംഗ് പ്രോഗ്രാമുകൾ, യു ട്യൂബ് വീഡിയോകൾ തുടങ്ങി റേഡിയോയുടെ തനതായ വ്യക്തിത്വത്തിൽ നിന്നുകൊണ്ടു തന്നെ നൂതനമായ സംരംഭങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ് റേഡിയോ മാറ്റൊലി. ഗൂഗിളിൽ നോക്കിയാൽ കോവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ബോധവൽക്കരണ പരിപാടികൾ റേഡിയോ മാറ്റൊലിയാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നു കാണാം. ആ ഒരു ഉദാഹരണം മതി, സാമൂഹികപ്രതിബദ്ധതയാണ് മാറ്റൊലി എക്കാലവും ലക്ഷ്യം വയ്ക്കുന്നതെന്ന് മനസിലാക്കുവാൻ. അറിവിന് സമയം നിശ്ചയിച്ചിട്ടില്ലാത്ത കാലം വരെയും മാറ്റൊലിയുടെ സാധ്യതകൾ അവസാനിക്കുന്നില്ല” – ഫാ. ബിജോ പറയുന്നു.

മികവിന്റെ നിറവിലേയ്ക്കുള്ള അംഗീകാരമായി 2020-ലെ കേരള സർക്കാരിന്റെ ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന അവാർഡുകളടക്കം സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച എട്ടോളം അവാർഡുകൾ വിവിധ മേഖലകളിലായി മാറ്റൊലിയെ തേടിയെത്തിയിട്ടുണ്ട്. ഭാരതത്തിലുടനീളം 304-ഓളം കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളാണുള്ളത്. മിനിസ്ട്രി ഓഫ് ഇന്റർ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ സസ്‌റ്റൈനബിലിറ്റിക്കുള്ള അവാർഡ് രണ്ടു തവണയാണ് ദേശീയതലത്തിൽ റേഡിയോ മാറ്റൊലി സ്വന്തമാക്കിയത്.

അറിവിന്റെയും നിറവിന്റെയും ഒരു വ്യാഴവട്ടക്കാലമായി ഒരു നാടിന്റെ ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന റേഡിയോ മാറ്റൊലി കാലഘട്ടത്തിനനുസരിച്ച് ഇനിയും ഒരുപാട് മുന്നേറ്റങ്ങൾ നടത്തുവാൻ കഴിയട്ടെ. വയനാടിന്റെ തനതുസംസ്കാരത്തിൽ റേഡിയോ മാറ്റൊലി കൂട്ടിച്ചേർത്ത സംസ്കാരം അനുസ്യൂതം തുടരുവാൻ സാധിക്കട്ടെ. ഉറപ്പാർന്ന ചുവടുകളും ചലനങ്ങളും നാളയുടെ ഒഴുക്കിലും കരുത്തായിരിക്കട്ടെ. ഒരു റേഡിയോ എന്നതിലുപരി ഒരു സംസ്കാരമായി മാറിയ മാറ്റൊലിയുടെ മികവാർന്ന ശബ്ദത്തിനായി വയനാടൻ ജനത എക്കാലവും കാതോർത്തിരിക്കുന്നു.

ലോക റേഡിയോ ദിനത്തിൽ ലോകോത്തര നിലവാരമുള്ള ഒരു റേഡിയോ സംസ്കാരം ഉയർത്തിപ്പിടിച്ച മാറ്റൊലി എക്കാലവും മാതൃകയാണ്. ലോഗോയിൽ കാണപ്പെടുന്ന കരമുയർത്തി നിൽക്കുന്ന മനുഷ്യരൂപം കമ്മ്യൂണിറ്റി റേഡിയോയുടെ പ്രവർത്തനങ്ങളിലൂടെ സാധ്യമാകുന്ന മനുഷ്യന്റെ സമഗ്രവികസനത്തിന്റെ പ്രതീകമായി എക്കാലവും നിലകൊള്ളട്ടെ.

സുനിഷ നടവയല്‍

2 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.