ജപമാല കോര്‍ക്കുന്ന പ്രിന്‍സിപ്പാള്‍

”യഥാര്‍ത്ഥ ക്രിസ്തീയ പരിപൂര്‍ണതയുടെ ഒരു വിദ്യാലയമാണ് ജപമാല പ്രാര്‍ത്ഥന”                     – വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ

മലയാള സാഹിത്യത്തിന്റെ കാമ്പും കഴമ്പും, മലയാളഭാഷയുടെ വൃത്തവും അലങ്കാരവും വ്യാകരണവുമൊക്കെ ശാന്തമായും സരസമായും വിദ്യാര്‍ത്ഥികളുടെ കാതുകളിലേക്കും മനസ്സിലേക്കും സന്നിവേശിപ്പിക്കുമ്പോള്‍ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍വന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരിയാകുന്നു. അധ്യാപനത്തിലെ വിശ്രമവേളകളില്‍ ഈ പ്രിന്‍സിപ്പാള്‍ മൗനത്തിലാകുമ്പോള്‍ കരങ്ങളില്‍ കവിത വിരിയുന്നു; വര്‍ണമനോഹരമായ മുത്തുകള്‍ കോര്‍ത്ത ജപമാലകളിലൂടെ! വ്രതത്രയങ്ങളുടെ സൗന്ദര്യത്തില്‍ ഈ പ്രിന്‍സിപ്പാള്‍ കര്‍മലോദ്യാനത്തിലെ അലങ്കാരമാകുമ്പോള്‍ അവിടെ വിരിയുന്നത് പൂക്കളല്ല, വൈവിധ്യം നിറഞ്ഞ ജപമാലകളാണ്. കാല്‍നൂറ്റാണ്ടില്‍ വിരിഞ്ഞത് സുഗന്ധമുള്ള ഇരുപത്തയ്യായിരം ജപമാലകള്‍!

തെരേസ്യന്‍ കര്‍മലീത്ത സന്യാസിനി (സിടിസി) സമൂഹാംഗവും ആലുവ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ സിസ്റ്റര്‍ അലയ ജോസിന്റെ ജപമാല കോര്‍ക്കലിന് പ്രായം 27! ജപമണികള്‍ കൊരുത്തുണ്ടാക്കിയ കൊന്തകളുടെ എണ്ണം 27,000! സിടിസി സഭാ ഭവനങ്ങളെയും സഹോദരിമാരെയും കണ്ണികള്‍ ചേര്‍ത്തുവച്ചുകൊണ്ട് ഒരുമിപ്പിച്ച് കര്‍മലഹാരം തീര്‍ക്കുന്ന സിസ്റ്റര്‍ അലയാ ജോസ് എണ്ണമറ്റ കൊന്തകള്‍ കൊരുത്തുകൊണ്ട് സിടിസി സഭയ്ക്ക് ജപമാല സുഗന്ധമേകുന്നു. താന്‍ കൊരുക്കുന്ന ജപമാലഹാരം മറ്റുള്ളവര്‍ക്ക് ഉപഹാരമായി നല്‍കുമ്പോള്‍ ഏലിയാ പ്രവാചകന്റെ പ്രാര്‍ത്ഥനാ തീക്ഷ്ണതയുള്ള കാര്‍മലിലെ ഈ ‘വലിയ കുഞ്ഞുപൂവ്’ ജപമാല ഭക്തിയുടെ പ്രചാരകയും മരിയഭക്തിയുടെ നിശബ്ദ പ്രേഷിതയുമായിത്തീരുന്നു.

സിസ്റ്റര്‍ അലയാ ജോസ്

വിശ്രമവേളകളെ ജപമാല കോര്‍ക്കലിന്റെ ധ്യാനപുരകളാക്കി മാറ്റുകയാണ് സിസ്റ്റര്‍ അലയ. സമര്‍പ്പിത സന്യാസജീവിതത്തിന്റെ അകത്തളങ്ങളിലും തിരക്കേറിയ വിദ്യാലയാന്തരീക്ഷത്തിലും ഈ സന്യാസിനിയുടെ കരങ്ങള്‍ക്ക് വിശ്രമമില്ല. ആശാന്റെ പ്രണയകവിതകള്‍ ചൊല്ലി പഠിപ്പിക്കാന്‍ പാഠഭാഗം ഹൃദിസ്ഥമാക്കണമെങ്കില്‍ മാതൃസ്‌നേഹത്തിന്റെ പ്രണയകാവ്യമായ ജപമാല കോര്‍ക്കലിന്റെ പാഠങ്ങള്‍ സിസ്റ്റര്‍ അലയക്ക് മനഃപാഠമാണ്. പെസഹാരഹസ്യത്തിലെ പ്രധാന സംഭവങ്ങള്‍ ധ്യാനിച്ചുകൊണ്ടാണ് സിസ്റ്റര്‍ അലയ സന്തോഷ-പ്രകാശ-ദുഃഖ-മഹിമ രഹസ്യങ്ങള്‍ ജപിക്കുന്നതിനുള്ള മണികള്‍ കൊരുക്കുന്നത്. ജപമണികള്‍ കോര്‍ക്കുമ്പോള്‍ പരിശുദ്ധ ത്രിത്വത്തിനുള്ള ഉപഹാര സമര്‍പ്പണം തന്നെ നടത്തുകയാണ് ഈ സമര്‍പ്പിത.

ഒരു ഹോബിയായിട്ടാണ് സിസ്റ്റര്‍ അലയ 1990-കളില്‍ കൊന്ത കെട്ടലാരംഭിച്ചത്. ഇപ്പോഴിത് ഒരാത്മസമര്‍പ്പണമായി മാറിയപ്പോള്‍ സിസ്റ്ററിന് പ്രദാനം ചെയ്യുന്നത് ആത്മസംതൃപ്തിയാണ്. കോട്ടപ്പുറം രൂപതയിലെ കൃഷ്ണന്‍കോട്ട ക്രൈസ്റ്റ് ദ് കിംഗ് ഇടവകയില്‍ ചെമ്മായത്ത് ജോസ്-ത്രേസ്യാക്കുട്ടി ദമ്പതികളുടെ ആറുമക്കളില്‍ മൂത്തപുത്രിയായി ജനിച്ച മോളി പ്രീഡിഗ്രി പഠനത്തിനുശേഷം തന്റെ ജീവിതാന്തസ് തിരഞ്ഞെടുത്തത് തെരേസ്യന്‍ കര്‍മലീത്താ സന്യാസ സഭാംഗമായികൊണ്ടാണ്. 1980-ല്‍ അര്‍ത്ഥിനിയായി ചേര്‍ന്ന മോളിയെന്ന യുവതി സന്യാസ ജീവിതത്തില്‍ രൂപീകരണത്തോടും പ്രാര്‍ത്ഥനാജീവിതത്തോടുമൊപ്പം സഭാധികാരികളുടെ അനുമതിയോടെ മലയാള സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. സന്യാസജീവിതം ആരംഭിച്ചതോടെ മോളി അലയയായിത്തീര്‍ന്നു. ഏലിയാ പ്രവാചകന്റെ നാമം സ്വീകരിക്കുക മാത്രമല്ല അതേ പ്രാര്‍ത്ഥനാ തീക്ഷ്ണതയും വിശ്വാസവും ഈ യുവകന്യകയുടെ ജീവിതത്തില്‍ അന്തര്‍ലീനവുമായിരുന്നു.

എം.എ പരീക്ഷയെഴുതി ഫലം കാത്തിരിക്കവേയാണ് മദര്‍ ജനറല്‍ സിസ്റ്റര്‍ അലയയെ പുതിയ ഉത്തരവാദിത്വമേല്‍പ്പിക്കുന്നത്. സഭയുടെ ദേവമാതാ പ്രൊവിന്‍സിനു കീഴിലുള്ള പീരുമേട് കുറ്റിക്കാനത്തെ സെന്റ് പയസ് ടെന്‍ത് കോണ്‍വന്റിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുക. പ്രാരംഭത്തില്‍ പ്രീഡിഗ്രി കോഴ്‌സ് മാത്രം ആരംഭിച്ചിട്ടുണ്ടായിരുന്ന കോളജില്‍ പുതിയ ദൗത്യം ആരംഭിച്ചതിനിടയിലാണ് നേരമ്പോക്കിനെന്നവണ്ണം സിസ്റ്റര്‍ അലയ കൊന്ത മുത്തുകളും നൂലും കമ്പിയും ചവണയുമെല്ലാം കരങ്ങളിലെടുക്കുന്നത്. ശൈത്യപ്രദേശമായ ഇവിടെ ക്ലാസ് കഴിഞ്ഞാല്‍ ധാരാളം ഒഴിവുസമയം ലഭിക്കുമായിരുന്നു. ഉത്തരവാദിത്വങ്ങള്‍ക്കുശേഷം ഈ സമയം പാഴാക്കിക്കളയാന്‍ അലയ സിസ്റ്ററിന് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. അപ്പോഴാണ് സഹകന്യകയായിരുന്ന സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ (ദേവമാതാ പ്രൊവിന്‍സ് മുന്‍ പ്രൊവിന്‍ഷ്യല്‍) കൊന്ത കെട്ടുന്നത് സിസ്റ്റര്‍ അലയയുടെ ശ്രദ്ധയില്‍പ്പെട്ടത്. ആദ്യമൊക്കെ അത് കണ്ടിരിക്കുക എന്ന കൗതുകം മാത്രം ഉണ്ടായിരുന്നുള്ളൂ. സാവധാനം കാഴ്ചക്കാരിയില്‍ നിന്നും നിര്‍മ്മാണത്തിലേക്ക് മനസും കരങ്ങളും സമര്‍പ്പിച്ചു ഈ യുവകന്യക.

മറ്റൊരു സഹകന്യകയായ സിസ്റ്റര്‍ ആലീസാണ് മുത്തുകള്‍ കോര്‍ക്കുന്ന കമ്പിയില്‍ കൊളുത്തും കുഴകളുമൊക്കെ ഉണ്ടാക്കുന്ന രീതി അഭ്യസിപ്പിച്ചതും സ്റ്റീല്‍ മാല മുറിച്ചു ചേര്‍ക്കാനുമൊക്കെ പഠിപ്പിച്ചത്. മൂന്നുമാസത്തെ പരിശീലനം സിസ്റ്റര്‍ അലയയെ സ്വതന്ത്ര കൊന്ത നിര്‍മ്മാണക്കാരിയാക്കിത്തീര്‍ത്തു. പിന്നീട് എറണാകുളത്തുള്ള ഇമ്മട്ടിസ്റ്റോഴ്‌സില്‍ നിന്നും സിസ്റ്റര്‍ ആലീസ് കൊന്ത നിര്‍മ്മിതിക്കാവശ്യമായ കമ്പി, സ്റ്റീല്‍മാല, മുത്തുകള്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിച്ചെത്തിച്ചു കൊടുക്കാന്‍ തുടങ്ങി. അനുഗൃഹീതമായ ഈ കലയില്‍ നിപുണയായിത്തീര്‍ന്നതോടെ നെഞ്ചുവേദനയും സിസ്റ്റര്‍ അലയക്ക് സ്വന്തമായി. തുടര്‍ച്ചയായ കൊന്ത കൊരുക്കല്‍ നെഞ്ചിനുള്ളില്‍ നീര്‍കെട്ടുണ്ടാക്കാന്‍ തുടങ്ങി. പക്ഷേ ഈ മനോജ്ഞവേലയില്‍ നിന്ന് പിന്മാറാന്‍ ഒരിക്കല്‍പോലും പരിശുദ്ധ അമ്മ അനുവദിച്ചിട്ടില്ലെന്ന് സിസ്റ്റര്‍ അലയ പറയുന്നു. ചിപ്പിയുടെ ദുസ്സഹമായ വേദനയുടെയും നിരന്തരമായ കാത്തിരിപ്പിന്റെയും പരിണിതഫലമാണല്ലോ മുത്തും പവിഴവും. തന്റെ നെഞ്ചുവേദനിക്കുമ്പോഴും പൂര്‍ത്തിയാക്കപ്പെടുന്ന ജപമാലയുടെ മനോഹഹാരിത എല്ലാ വേദനകള്‍ക്കുമുള്ള മറുപടിയായിരുന്നുവെന്ന് സിസ്റ്റര്‍ ഓര്‍മിക്കുന്നു.

പരിശുദ്ധ കര്‍മ്മലനാഥയുടെ നാമധേയത്തില്‍ പ്രതിഷ്ഠിതമായിട്ടുള്ള ചാത്യാത്ത് ഇടവക ദേവാലയത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എല്‍എംസി കോണ്‍വന്റിലെ സഹോദരിമാര്‍ക്കും അന്തേവാസികള്‍ക്കും താന്‍ നിര്‍മ്മിച്ചു നല്‍കിയ കൊന്തകള്‍ സമ്മാനിച്ചുകൊണ്ടാണ് ഈ സുകൃതഹാരത്തിന്റെ മടുപ്പുളവാക്കാത്ത നിര്‍മാണത്തിന് സിസ്റ്റര്‍ അലയ ആരംഭം കുറിക്കുന്നത്. ജപമാല കെട്ടലിന് അമ്മയുടെ മണ്ണില്‍ നിന്ന് തുടക്കം കുറിച്ചതില്‍ പിന്നെ നാളിതുവരെ രോഗമോ പീഢകളോ തന്നെ അലട്ടിയിട്ടില്ലായെന്നാണ് സിസ്റ്റര്‍ അലയയുടെ സാക്ഷ്യം.

സിടിസി സഭയ്ക്ക് ലോകമെമ്പാടുമായി എത്രമാത്രം സന്യാസിനിമാരുണ്ടോ അവര്‍ക്കെല്ലാവര്‍ക്കും സിസ്റ്റര്‍ അലയ നിര്‍മ്മിച്ചിട്ടുള്ള കൊന്ത സമ്മാനമായി നല്‍കിയിട്ടുണ്ട്. ഭാരതത്തിനുപുറത്ത് ജര്‍മനി, ഇറ്റലി, സുഡാന്‍, ആഫ്രിക്ക എന്നിവിടങ്ങളിലൊക്കെ സഭയ്ക്ക് മന്ദിരങ്ങളുണ്ട്. സിസ്റ്റര്‍ അലയയുമായി ആരെങ്കിലും ഒരു തവണയെങ്കിലും യാദൃശ്ചികമായിട്ടാണെങ്കില്‍ കൂടിയും സംസാരിക്കാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ തിരിച്ചുപോരുമ്പോള്‍ ഒരു കൊന്ത തന്റെ ഉപഹാരമായി ഈ കന്യക സമ്മാനിച്ചിരിക്കും. ഇതിനോടകം ഇരുപത്തിയേഴായിരം കൊന്തകള്‍ ആ കരങ്ങളിലൂടെ കൊരുക്കപ്പെട്ടിട്ടുണ്ട്. ഒരു കൊന്ത പൂര്‍ണമാക്കാന്‍ ഒരു മണിക്കൂര്‍ സമയമെടുക്കും. ഒരു ദിവസം ഒരു കൊന്തയെങ്കിലും സിസ്റ്റര്‍ അലയ നിര്‍മ്മിച്ചിരിക്കും. അങ്ങിനെയെങ്കില്‍ കൊന്ത നിര്‍മ്മാണത്തില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സന്യാസി 9855 കൊന്തകള്‍ നിര്‍മ്മിച്ചിരിക്കണം. എന്നാല്‍ സിസ്റ്റര്‍ അലയയുടെ കൊന്ത കണക്ക് ഇരുപത്തിയേഴായിരം കവിഞ്ഞു നില്‍ക്കുകയാണ്. അതായത് തന്റെ നിശാ നിദ്രയ്ക്കല്ലാതെ മറ്റൊരു സമയവും വിശ്രമിച്ചുകളയാനോ നേരമ്പോക്കിനായി മറ്റുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനോ സിസ്റ്റര്‍ ശ്രമിക്കാറില്ല. ലഭ്യമാകുന്ന അത്തരം സമയങ്ങളിലൊക്കെ അലയ സിസ്റ്ററിന് കൊന്തകെട്ടലിന്റെ തിരുമണിക്കൂറുകളാണ്. രാത്രിയില്‍ ലഭിക്കുന്ന ഉല്ലാസവേളകള്‍, യാത്രകളിലെ നീണ്ട വെറുതെയിരുപ്പുകള്‍, നിര്‍ബന്ധത്തിനുവഴങ്ങി ചെന്നിരിക്കേണ്ടിവരുന്ന ബോറടിപ്പന്‍ യോഗങ്ങളും സെമിനാറുകളും ഇതൊക്കെ അലസമാക്കി കളയാതെ കൊന്ത കെട്ടലിന്റെ ധ്യാനാത്മക നിമിഷങ്ങളാക്കി മാറ്റുന്നതുവഴിയാണ് കൊന്തകളുടെ എണ്ണം വര്‍ധമാനമായിക്കൊണ്ടിരിക്കുന്നത്. നിശബ്ദമായ വായനകള്‍ക്കിടയില്‍പ്പോലും ഈ സമര്‍പ്പിതയുടെ കരങ്ങള്‍ പരിശുദ്ധ അമ്മയുടെ പുണ്യഹാരത്തിനുവേണ്ടി പുഷ്പങ്ങള്‍ ചേര്‍ത്തുകെട്ടുകയായിരിക്കും. ഹോബിയായി ആരംഭിച്ച കൊന്തകെട്ടലിന് ഇപ്പോള്‍ പ്രാര്‍ത്ഥനാപൂര്‍ണമായ ഒരുക്കത്തോടും അരൂപിയോടുകൂടിയുമാണ് ഈ സമര്‍പ്പിത വ്യാപൃതയാകുന്നത്.

കൊന്ത കൊരുക്കുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തിയെന്താണെന്ന ചോദ്യത്തിന് ശരവേഗത്തിലാണ് സിസ്റ്റര്‍ അലയയില്‍ നിന്നും ഉത്തരമെത്തിയത്. ”ജീവിതത്തില്‍ വളരെയധികം പ്രാര്‍ത്ഥിക്കാനും മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കാനും സാധ്യമാകുന്നു. സമയം പാഴാക്കാനില്ലായെന്നുള്ള തിരിച്ചറിവും മാനസിക സംതൃപ്തിയും പ്രദാനം ചെയ്യുന്നതോടൊപ്പം ഇതൊരു ഉല്ലാസമായി ഉള്‍ക്കൊള്ളാനും സാധിക്കുന്നു.”

വിലയേറിയ മുത്തുകള്‍കൊണ്ട് വര്‍ണകൊന്തകള്‍ നിര്‍മ്മിക്കുന്നതിനേക്കാളുപരി തമ്പുരാന്‍ പ്രകൃതിയില്‍ ഒരുക്കിത്തന്നിട്ടുള്ള വസ്തുക്കള്‍ക്കൊണ്ടും കായ്കനികള്‍കൊണ്ടും ജപമാല കൊരുക്കാനാണ് കാര്‍മലിന്റെ ഈ പുത്രിക്ക് താല്‍പര്യം. പൂച്ചക്കുരുവും റബര്‍ക്കായയും ഉപയോഗിച്ച് ടച്ച്‌വുഡ് അടിച്ച് രൂപകല്പന ചെയ്യുന്ന കൊന്തകളുടെ മനോഹാരിത വശ്യസുന്ദരമാണ്. റബര്‍കായകള്‍ കൊണ്ട് ആയിരത്തില്‍പ്പരം വലിയ കൊന്തകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. റബര്‍കായയാല്‍ നിര്‍മിതമായ വലിയ കൊന്തകള്‍ മുഴുവന്‍ സിടിസി സന്യാസ മന്ദിരങ്ങളിലും സിസ്റ്റര്‍ അലയ ഉപഹാരമായി നല്‍കിയിട്ടുണ്ട്.

സൂക്ഷ്മമായി ചെയ്യേണ്ടതാണ് റബര്‍കായ ഉപയോഗിച്ചുള്ള കൊന്ത നിര്‍മാണം. റബര്‍കായ ആവശ്യത്തിനു ശേഖരിക്കുക എന്നതുതന്നെ ഭാരിച്ച കാര്യമാണ്. പിന്നീട് അവ പൊട്ടിപ്പോകാതെ വളരെ സൂക്ഷിച്ച് ദ്വാരമിടണം. ഒരു കൊന്തയ്ക്ക് 59 കായകള്‍ വേണ്ടിവരും. 59 കായകള്‍ക്ക് ദ്വാരമിട്ടു വരുമ്പോള്‍ കൈവെള്ളയില്‍ അസഹനീയമായ വേദനയാണനുഭവപ്പെടുക. പക്ഷേ ആ നീറ്റല്‍ സുഖമുള്ള ഒരനുഭവമാണ് സിസ്റ്റര്‍ അലയക്ക്. ദ്വാരമിട്ട റബര്‍ കായകള്‍ കമ്പിയില്‍ കോര്‍ത്തതിനുശേഷം തിളച്ച വെള്ളത്തിലിടും. കാരണം, കായക്കുള്ളിലെ കാമ്പ് തിന്നാന്‍ ഉറുമ്പ് വരാതിരിക്കാനുള്ള സൂത്രപ്പണിയാണിത്. തുടര്‍ന്ന് വാര്‍ണീഷും ടച്ച്‌വുഡും അടിച്ച് രൂപഭംഗി വരുത്തും. ഒടുവില്‍ കുരിശുകൂടെ ചേര്‍ത്ത് പൂര്‍ണരൂപം നല്‍കും.

കൊന്തയ്ക്കുള്ള പ്രകൃതിയില്‍ നിന്നുള്ള മറ്റു മണികള്‍ ശേഖരിക്കുന്നത് പൂച്ചക്കുരു എന്നു വിളിക്കപ്പെടുന്ന കാട്ടുചെടിയില്‍ നിന്നാണ്. വൃത്തിയില്ലാത്ത കനാലുകള്‍ക്കും ഓടകള്‍ക്കും ആള്‍പ്പാര്‍പ്പില്ലാത്തിടങ്ങളിലുമൊക്കെയാണ് ഈ കാട്ടുചെടി വളരുന്നത്. അത് സിസ്റ്റര്‍ അലയ ശേഖരിക്കുന്നതിലൂടെ എത്തിച്ചേരുന്നത്. ഏറ്റവും വിശുദ്ധമായ പ്രാര്‍ത്ഥനാ മുറികളിലേക്കും വിശുദ്ധ നിമിഷങ്ങളിലേക്കുമാണ്. ഇതിന്റെ സ്ഥാനം വിശുദ്ധ ഗ്രന്ഥത്തിനരികിലും. യാത്ര പോകുമ്പോള്‍ സിസ്റ്ററിന്റെ കരങ്ങള്‍ കൊന്തനിര്‍മാണത്തിലാണെങ്കിലും കണ്ണുകള്‍ വഴിയരികിലെ കാട്ടുചെടികളിലായിരിക്കും. ആ കണ്ണുകള്‍ പരതുന്നത് പൂച്ചക്കുരുവാണ്. പൂച്ചക്കുരുചെടി എവിടെ കണ്ടാലും വണ്ടി നിര്‍ത്തി അവിടെ ഇറങ്ങി അത് ശേഖരിച്ചിട്ടേ സിസ്റ്റര്‍ അലയ മടങ്ങൂ.

ഈ സമര്‍പ്പിതയുടെ ജീവിത സുഹൃത്തുക്കളായി എന്നും കൂടെയുണ്ടാകുന്നത് കൊന്ത നിര്‍മ്മിത വസ്തുക്കളായ മുത്തുകള്‍, കമ്പി, കൊളുത്ത്, ചവണ എന്നിവയും പുസ്തകങ്ങളുമാണ്. ചുരുക്കത്തില്‍ ഒരു മൊബൈല്‍ റോസറി യൂണിറ്റാണ് സിസ്റ്റര്‍ അലയ. താബോറിന്റെ പ്രാര്‍ത്ഥനാനുഭവത്തില്‍ ആയിരുന്നുകൊണ്ട് ജപമാലയര്‍പ്പിച്ച് ലോകത്തിനുവേണ്ടി സമര്‍പ്പിച്ചുകൊണ്ടും ജപമാലയുണ്ടാക്കി മറ്റുള്ളവര്‍ക്ക് സമ്മാനിച്ചുകൊണ്ടും സിസ്റ്റര്‍ അലയ ലോകരക്ഷയ്ക്കായി സ്വയം സമര്‍പ്പിക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷമായി തോട്ടാക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍വന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റര്‍ അലയ അധ്യാപനവും സന്യാസവും പരോപകാരപ്രവൃത്തികളുമൊക്കെ ഉത്തരവാദിത്വത്തോടെ നിറവേറ്റുമ്പോഴും ഈ കന്യകയുടെ കരങ്ങള്‍ ജപമണി കൊരുക്കുന്നതില്‍ വ്യാപൃതയാണ്. നിരവധി കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനും കിടപ്പാടമില്ലാത്തവര്‍ക്ക് ഭവനനിര്‍മ്മാണത്തിനുള്ള സഹായങ്ങളും നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിനും മംഗല്യ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ പാവപ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്നതിനും തന്റെ ജപമാല നിര്‍മ്മാണത്തിലൂടെ സാധിച്ചിട്ടുണ്ടെന്നുള്ള ചാരിതാര്‍ത്ഥ്യവും ഈ കന്യകയെ ഉള്‍പ്പുളകിതയാക്കുന്നു.

തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെന്നു പറയുന്നതുപോലെ തൂണിലും തുരുമ്പിലും മാലിന്യക്കൂമ്പാരത്തില്‍ വരെ സിസ്റ്റര്‍ അലയ അന്വേഷിക്കുന്നത് കൊന്തയ്ക്കുള്ള അസംസ്‌കൃത വസ്തുക്കളുണ്ടോയെന്നാണ്.

ഒരുദിവസം ഭവനസന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു വീട്ടില്‍ ചെന്നപ്പോള്‍ പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നിടം സിസ്റ്റര്‍ അലയ പരതുന്നതു കണ്ടു. മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതു സിസ്റ്ററിന് ഇഷ്ടക്കേടായി എന്നു തോന്നിയ വീട്ടുടമ ജാള്യതയോടെ സിസ്റ്ററിനു മുന്നില്‍ നിന്നു പരുങ്ങിയപ്പോള്‍ അതേ പരുങ്ങലോടെ സിസ്റ്റര്‍ വീട്ടുകാരനോടു ചോദിച്ചു: ”വേസ്റ്റില്‍ കിടക്കുന്ന മാലപോലത്തെ സാധനം എന്താണെന്ന്?” കാറിലെ സീറ്റില്‍ ഉപയോഗിച്ചിരുന്ന ഫാന്‍സി മാറ്റാണ്. അത് ഉപയോഗ ശൂന്യമായതിനാല്‍ കളഞ്ഞതാണെന്ന് വീട്ടുടമ. പാഴ്‌വസ്തുവാണെങ്കില്‍ ഞാനത് എടുത്തോട്ടെയെന്ന് സിസ്റ്റര്‍ ചോദിച്ചപ്പോള്‍ വീട്ടുകാരന്‍ പറഞ്ഞു: സിസ്റ്ററേ, അത് മോശമാണ് ഞാന്‍ വേറെ വാങ്ങിത്തരാം. വേണ്ട എനിക്കിതുമതി, കൊന്തകെട്ടാനാണ്! ഒരു നിധി കണക്കേ അതെടുത്ത സിസ്റ്റര്‍ ആ മാറ്റിലെ മരമുത്തുകള്‍ ഉപയോഗിച്ച് മനോഹരമായ കൊന്തകളുണ്ടാക്കി. ഈ വരുന്ന മാര്‍ച്ചില്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നു വിരമിക്കുന്നതിന്റെ സ്‌നോഹോപഹാരമായി 18 സ്റ്റാഫിനും ഇതില്‍ നിന്നും ഉണ്ടാക്കിയ കൊന്ത സമ്മാനമായി സിസ്റ്റര്‍ നല്‍കുകയും ചെയ്തു. പാഴ്മുളംതണ്ടിനെ വേദനിപ്പിച്ച് ദ്വാരമിട്ടു കഴിയുമ്പോള്‍ ഇമ്പകരമായ സംഗീതം പുറപ്പെടുവിക്കുന്ന പുല്ലാങ്കുഴലായി മാറുന്നു. മുളംതണ്ടിനെ ഓടക്കുഴലാക്കി മാറ്റുന്നതുപോലെ പാഴ്‌വസ്തുക്കളെപ്പോലും സിസ്റ്റര്‍ അലയ ഭക്തിയുടെ ജപമുത്തുകളാക്കി മരിയന്‍ സ്തുതിപ്പിന്റെ ഉപകരണമാക്കി മാറ്റുകയാണ്. പതിനായിരങ്ങളുടെ ഗുരുനാഥയും പ്രിന്‍സിപ്പാളുമായിരിക്കുന്ന സിസ്റ്റര്‍ അലയ ജപമാല കോര്‍ക്കുന്ന പ്രിന്‍സിപ്പാള്‍ കൂടിയാകുമ്പോള്‍ ഈ വിശേഷണത്തിന് യോഗ്യരായവര്‍ കേരളത്തില്‍ എന്നല്ല ഭാരതത്തില്‍തന്നെ മറ്റാരെങ്കിലുമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നാളെ – അത്ഭുതങ്ങളുടെ മണിഹാരം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.