കത്തോലിക്കാ സഭയുടെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

രാജ്യത്തെ പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കായി കത്തോലിക്കാ സഭ നടത്തിവരുന്ന സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ കർദ്ദിനാളുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.

കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മാത്രം കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 152 കോടി രൂപയുടെ സഹായങ്ങൾ കത്തോലിക്കാ സഭ ഇന്ത്യയിൽ നടത്തിയെന്നു കർദിനാൾമാർ പ്രധാനമന്ത്രിയെ അറിയിച്ചു. സഭ എപ്പോഴും പാവങ്ങളോടൊപ്പമുണ്ടാകും. രാജ്യത്തിനു സഭ നൽകിവരുന്ന സേവനങ്ങൾ തുടരുമെന്നും മൂവരും ഉറപ്പു നൽകി. കൂടിക്കാഴ്ചയിൽ രാജ്യത്തു വ്യാപിക്കുന്ന ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങളിലെ ആശങ്ക അവർ പ്രധാനമന്ത്രിയെ അറിയിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ ഭരണഘടനയിൽ ന്യൂനപക്ഷങ്ങൾക്ക് ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങൾ കവരരുതെന്നും പരിസ്ഥിതിലോല മേഖലകളെ സംരക്ഷിക്കുന്നതോടൊപ്പം മണ്ണിൽ പണിയെടുക്കുന്ന കർഷകരെ മാനുഷികമായി കാണണമെന്നും വന്യമൃഗ ശല്യത്തില്നിളന്നു കർഷകരെയും സാധാരണക്കാരെയും രക്ഷിക്കണമെന്നും ദളിത് ക്രൈസ്തവരുടെ സംവരണവും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുള്ള സഹായങ്ങളും ഉറപ്പാക്കണമെന്നും കർദ്ദിനാളുമാർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്നലെ രാവിലെ 11.15ന് പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച മുക്കാൽ മണിക്കൂറിലേറെ നീണ്ടു. കേന്ദ്രസർക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളിൽ രേഖാമൂലം ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

തടവിൽ കഴിയുന്ന ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ മോചന വിഷയവും മാർപാപ്പയുടെ ഭാരത സന്ദർശനത്തിനുള്ള ആഗ്രഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി കർദ്ദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ മാധ്യമങ്ങളോട് വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കുള്ള സഹായപദ്ധതികൾ അർഹരായ എല്ലാ വിഭാഗങ്ങൾക്കും ന്യായമായി ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഇവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.