പാവങ്ങളെ സഹായിക്കാനായി സൈക്കിളില്‍ യാത്ര നടത്തിയ വൈദികന്‍ 

ഫാദര്‍ ക്രിസ്റ്റഫർ ഹീനു ജൂലൈ 27 രാവിലെ 5 മണിക്ക് വിശുദ്ധ ബലിക്ക് ശേഷം തന്റെ സൈക്കിളില്‍ ഒരു യാത്ര ആരംഭിച്ചു. അത് വെറുമൊരു യാത്രയല്ലായിരുന്നു. 100 മൈലോളം ദൈര്‍ഘ്യമുള്ള ആ യാത്രയുടെ ലക്ഷ്യം പാവപ്പെട്ടവരെ സഹായിക്കാനുള്ള പണം കണ്ടെത്തുക എന്നുള്ളതായിരുന്നു. ന്യൂയോർക്കിലെ റിച്ച്മണ്ട് ഹില്ലിലെ ബ്രൂക്ലിൻ രൂപതയിലെ ഹോളി ചൈൽഡ് ജീസസ് എന്ന ഇടവകയിലെ പാവങ്ങളെ സഹായിക്കാന്‍ ഫാ. ഹീനു കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഈ സൈക്കിള്‍ യാത്ര.

കോവിഡ് പകര്‍ച്ചവ്യാധി വെറും ഒരു രോഗം മാത്രമല്ല സാമ്പത്തികമായ ക്ലേശങ്ങളും സമ്മാനിച്ചുകൊണ്ടാണ്‌  കടന്നുപോകുന്നത്. ഇവർക്ക് ആശ്വാസമേകുവാനാണ് ഇടവകക്കാരായ പോൾ സെർനി, ടോം ചിയഫോളോ എന്നിവരോടൊപ്പം 32 കാരനായ ഫാ. ഹീനു ഈ സൈക്കിള്‍ യാത്ര നടത്തുന്നത്.

“വളരെ ചൂടുള്ള ഒരു ദിവസത്തിലാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. എനിക്കും മറ്റ് രണ്ട് റൈഡറുകൾക്കുമായി നിരവധി ആളുകൾ പ്രാർത്ഥിക്കുന്നുണ്ട്. ഇത് ഞങ്ങൾക്ക് ഒരു ബലമാണ്. ഞങ്ങൾ പുലർച്ചെ 5:45 ഓടെയാണ് യാത്ര ആരംഭിച്ചത്.” – അദ്ദേഹം പറയുന്നു.

ഏഴ് മണിക്കൂർ 45 മിനിറ്റായിരുന്നു ഇവർ സൈക്കിള്‍ യാത്രയ്ക്ക് എടുത്ത സമയം. കണ്ണ് തുറപ്പിക്കുന്നതും ഒരു പുതിയ കാഴ്ചപ്പാട് നൽകിയതും ആയ ഒരു യാത്രയായിരുന്നു ഇത്. ഫാദർ ഹീനു പറയുന്നു. “എന്നെ ശക്തനാക്കുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയും.” (ഫിലിപ്പി 4:13) ഈ വചനമായിരുന്നു അച്ചന് ബലം പകർന്നത്.

ഫേസ് ബുക്കിലൂടെയും മറ്റുമുള്ള പ്രൊമോഷൻ വഴിയായി 20,000 ഡോളർ സമാഹരിക്കുവാൻ ഇവർക്ക് കഴിഞ്ഞു. അതല്ലാതെ സൈക്കിള്‍ യാത്രയിലൂടെയും പാവങ്ങൾക്കായി പണം സമാഹരിക്കുവാനും കഴിഞ്ഞ സന്തോഷത്തിലാണ് ഈ വൈദികനും ഇടവകജനവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.