ജീവൻ പണയപ്പെടുത്തിയും കൊറോണ രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ എത്തുന്ന വൈദികർ  

കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ കൊറോണ വന്ന് മരണത്തോട് അടുക്കുന്നവരെ പ്രാർത്ഥനകൾ നടത്തി മരണത്തിനൊരുക്കുവാനും ശുശ്രൂഷകൾ ചെയ്യാനും ജീവൻ പണയപ്പെടുത്തിയും തയ്യാറാവുകയാണ് ഡാളസ് രൂപതയിലെ കുറച്ചു വൈദികർ. കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെട്ട സാഹചര്യത്തിലുള്ള രോഗികൾക്കു സഹായമാകുന്നത് ഡാളസ് രൂപതയിലെ എട്ട് വൈദികർ അടങ്ങുന്ന സംഘമാണ്.

രോഗികളുടെ ബന്ധുക്കളുടെ അഭ്യർത്ഥനപ്രകാരം ആശുപത്രികളിൽ എത്തി അവർക്ക് രോഗീലേപനവും മറ്റ് പ്രാർത്ഥനാശുശ്രൂഷകളും നടത്തുകയാണ് ഈ വൈദികർ. അതോടൊപ്പം വൈറസ് പടരാതിരിക്കുന്നതിനായി ഇവർ ഐസൊലേഷനിൽ പോകുകയും ചെയ്യുന്നു. ഡാളസ് രൂപതയുടെ ബിഷപ്പ് എഡ്വേഡ് ജെ. ബേൺസിന്റെ നിർദ്ദേശപ്രകാരമാണ് സെൻറ്. പോൾ ഇടവകയിലെ വികാരിയായ ഫാ. ജോൺ സാറ്റ്കോവ്സ്കി ഈ ഒരു സംരംഭം ആരംഭിച്ചത്.

പകർച്ചവ്യാധികൾക്കിടയിലും ആശുപത്രികൾ സന്ദർശിക്കുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷ നൽകുകയും ചെയ്യുക എന്നതാണ് ഈ വൈദികരുടെ ചുമതല. അതിനാൽ, വേറെ രോഗമൊന്നുമില്ലാത്ത ചെറുപ്പക്കാരായ വൈദികരാണ് ഈ ഗ്രൂപ്പിലുള്ളത്. ഇവർ കൊറോണ വൈറസ് ബാധിച്ച നൂറിലധികം രോഗികളെ സന്ദർശിച്ചിട്ടുണ്ട്. വ്യക്തിപരമായ സംരക്ഷണ ഉപകരണങ്ങളോടൊപ്പം  ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടവും ഇവർക്ക് സഹായത്തിനുണ്ട്.

ഇവർ സന്ദർശിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്യുന്ന പല രോഗികളും സംസാരിക്കാൻ പോലും സാധിക്കാത്തവരും അബോധാവസ്ഥയിലുള്ളവരുമായിരിക്കും. “രോഗികളെ സന്ദർശിക്കാൻ ഞാൻ എന്റെ ജീവിതം നൽകുന്നു. സ്നേഹിക്കാനുള്ള ആഗ്രഹവും അവർക്ക് ജീവൻ ലഭിക്കണമെന്നുമുള്ള ആഗ്രഹവുമാണ് എന്നെ ഇതിന് പ്രേരിപ്പിക്കുന്നു.” – ഈ സംഘത്തിൽ ഉൾപ്പെട്ട ഫാ. ക്സിയാസ്കിവിച്ച് പറയുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.