നയതന്ത്ര സേവനം ചെയ്യുന്ന വൈദികര്‍ മിഷനറി പ്രവര്‍ത്തനവും ചെയ്യണം: മാര്‍പാപ്പ

പരിശുദ്ധ സിംഹാസനത്തിനുവേണ്ടി നയതന്ത്ര സേവനം അനുഷ്ഠിക്കാന്‍ പരിശീലനം നേടുന്ന വൈദികര്‍ ഒരു വര്‍ഷം മിഷനറി പ്രവര്‍ത്തനം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടു.

ഈ അക്കാദമിക വര്‍ഷം മുതല്‍ മേല്‍പറഞ്ഞ നടപടി നടപ്പില്‍ വരുത്തണമെന്ന് പാപ്പാ ആവശ്യപ്പെട്ടിരിക്കുന്നതായി വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമി പ്രസിഡന്റ് ബിഷപ്പ് ജോസഫ് മാരിനോയ്ക്ക് അയച്ച കത്തിലാണ് പാപ്പാ കരിക്കുലം ഭേദഗതി ചെയ്യുന്ന കാര്യം സൂചിപ്പിച്ചത്.

ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ നേരിടാന്‍ സഭയുടെ ഭാവി നയതന്ത്രജ്ഞര്‍ ശക്തമായ വൈദികപരിശീലനത്തിന് വിധേയരാകണം എന്ന് പാപ്പാ പറഞ്ഞു. അതില്‍ പ്രധാനപ്പെട്ടതാണ് വ്യക്തിപരമായി നേടിയെടുക്കുന്ന മിഷന്‍ പ്രവര്‍ത്തനാനുഭവം എന്ന് പാപ്പാ വ്യക്തമാക്കി. സുവിശേഷവല്‍ക്കരണത്തിലും പ്രേഷിതസഭയുടെ പ്രവര്‍ത്തനങ്ങളിലും പങ്കുചേരാനുള്ള ഒരു അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.