അന്നും ഒരുപാടു പേരുണ്ടായിരുന്നു…

ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ

ഞങ്ങള്‍ പുരോഹിതര്‍ സങ്കടങ്ങളുടെ മനുഷ്യരാണ്. മനുഷ്യവര്‍ഗ്ഗത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍. തന്റെ ഉത്തരവാദിത്വത്തിന് യോഗ്യനാക്കപ്പെടാത്ത പുരോഹിതനെക്കാളും ഏകനും തകര്‍ന്നവനുമായി മറ്റാരുമില്ല – ഷുസാഗു എന്‍ഡോ, സൈലന്‍സ് 

കുറ്റാരോപിതനായാണ് മനുഷ്യപുത്രന്‍ കുരിശിലേറിയത്. സമൂഹത്തിന്റെ നീതിപീഠങ്ങള്‍ അന്നു കണ്ണടച്ചു. ഓശാനവിളികളാല്‍ എതിരേറ്റവര്‍ വിരലിലെണ്ണാവുന്ന ദിനങ്ങളുടെ അകലത്തില്‍ അവനെ ക്രൂശിക്കുക എന്ന് അലറി വിളിച്ചു. കുറ്റവാളികളില്‍ ഒരുവനായി എണ്ണപ്പെട്ടവനായി അവന്‍ ഭൂമിയില്‍ നിന്ന് മടങ്ങി. എന്നാല്‍ തീര്‍ന്നു പോയെന്നു കരുതിയിടത്തു നിന്ന് അവിടുന്ന് തിരിച്ചു വന്നു. കല്ലറകളൊരുക്കി കാത്തിരുന്നവര്‍ അവിടെ പരാജയപ്പെടുകയായിരുന്നു. അവിടെയാണ് ഓരോ ക്രൈസ്തവന്റെയും ആരംഭത്തിന്റെ പൊരുള്‍. അവിടുത്തെ പിന്തുടര്‍ച്ചക്കാരായി തുടര്‍ന്ന് അനേകരുണ്ടായി. 12 പേരില്‍ ഒതുങ്ങുമെന്ന് കരുതിയത് ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു.

ഈ സമൂഹത്തെ നശിപ്പിക്കാന്‍ ആഗ്രഹിച്ചവര്‍ അന്നും ഒരുപാടു പേരുണ്ടായിരുന്നു. അതിനാല്‍ തന്നെ നിരവധി പേര്‍ നിഷ്‌കരുണം കൊലചെയ്യപ്പെട്ടു. ഭരണകൂടങ്ങളുടെ പിന്തുണകളൊന്നുമില്ലാതെ തന്നെ ഞങ്ങള്‍ വളര്‍ന്നു. ഇപ്പോള്‍ എല്ലാവരും പറയുന്ന തരത്തില്‍ ചക്രവര്‍ത്തിയുടെ പിന്തുണ ലഭിക്കുന്നത് കോണ്‍സ്‌ററന്റൈന്റെ കാലത്താണ്‌, അതും റോമാസാമ്രാജ്യത്തില്‍ മാത്രം. റോമാ സാമ്രാജ്യത്തിനു പുറത്ത് അപ്പോഴും ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു കൊണ്ടിരുന്നു. അസംഖ്യമാം വിധം തന്നെ ഈയാംപാറ്റകളെ പോലെ യുവത്വവും പ്രസരിപ്പുമുള്ള വൈദികര്‍ ചത്തൊടുങ്ങി. 2000 ലധികം വര്‍ഷങ്ങളുടെ ചരിത്രത്തില്‍ ഇപ്പോള്‍ എല്ലാവരും പരിഹസിക്കുന്ന പ്രഭുത്വ പദവികളും സ്ഥാനമാനങ്ങളും ആസ്വദിച്ചെന്നു പറയാവുന്ന കാലം വളരെ വിരളം മാത്രമാണ്. മദ്ധ്യകാല യൂറോപ്പ് ഒരു അപവാദമായി കാണുമായിരിക്കും. യൂറോപ്പില്‍ത്തന്നെ മറ്റു പലയിടങ്ങളിലും അതിനു പുറത്തും പീഡാനുഭവവും മരണവും തന്നെയായിരുന്നു ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് പുരോഹിതന് ശമ്പളം. സഭാചരിത്രത്തില്‍ ഇതിന് രേഖകളുണ്ട്. മരിച്ചുവീണവരുടെ ചങ്കിലെ ചോരകൊണ്ടാണ് ഈ സഭ വളര്‍ന്നിട്ടുള്ളത്. കൊന്നും വെന്നും നേടിയ വിജയങ്ങളായിരുന്നില്ല. ഇക്കൂട്ടത്തില്‍ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തോളിലെടുത്തു കൊണ്ടു നടക്കുന്ന ലാറ്റിനമേരിക്കയിലെ രക്തസാക്ഷികളായ പുരോഹിതര്‍ ഉണ്ട്. ചങ്കില്‍ വെടിയേറ്റു മരിച്ചു കിടന്ന ശേഷമാണ് അവര്‍ക്ക് കൊടി പുതപ്പിക്കപ്പെട്ടത്. അങ്ങനെ മരിക്കാന്‍ പ്രേരിപ്പിച്ചത് ഒരു രാഷ്ട്രീയ സിദ്ധാന്തത്തിന്റെയും പിന്‍ബലം ആയിരുന്നില്ല. തങ്ങള്‍ പുരോഹിതരാണ് എന്ന ബോധ്യമായിരുന്നു. കേരളത്തിലും രാഷ്ട്രീയക്കാരന്‍ പരിഹസിച്ചു പറയുന്ന സ്ഥാപനങ്ങളുടെ ആയുസ്സ് എന്നു പറയുന്നത് 20-30 വര്‍ഷമാണ്. അതിനു മുമ്പും ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്തതിലധികം നന്മപ്രവര്‍ത്തികള്‍ ഇവിടെയുള്ള വൈദികരും സന്യസ്തരും ചെയ്തിട്ടുമുണ്ട്.

കണക്കു പറയാനോ അവകാശം പറയാനോ വിധി കല്‍പിക്കാനോ അല്ല. കല്ലെറിയാന്‍ ആഗ്രഹിച്ചവര്‍ക്ക് ഇരയെ കിട്ടിയപ്പോള്‍ അവഹേളനം ആഘോഷമായി തന്നെ നടക്കുന്നുണ്ട്, നടക്കട്ടെ. ആരോപണവിധേയനായ വ്യക്തിയെ വെറുതെ വിടണമെന്ന രീതിയില്‍ ഇതു വരെ ഒരു ക്രിസ്ത്യാനിയും പറഞ്ഞിട്ടില്ല. രാഷ്ട്രീയക്കാരുടെ പതിവു നാടകങ്ങളിലെ തിരക്കഥ പോലെ പോലീസ്‌സ്റ്റേഷന്‍ അക്രമണമോ പ്രതികളെ ഇറക്കിക്കൊണ്ടുവരുന്ന നടപടിയോ ഇവിടെ നടന്നിട്ടില്ല. പക്ഷേ സാമൂഹ്യവിചാരിപ്പുകാരുടെ ഒത്താശകളോ ആശീര്‍വാദമോ ഇല്ലാതെ നിയമം അതിന്റെ വഴിക്കു തന്നെ നടക്കണം. അതു കൊണ്ടു തന്നെ വേട്ടക്കാരന്റെ പക്ഷത്തെന്ന പതിവു മുറവിളിക്കും അധികം പ്രസക്തിയില്ല.

ഏഡി 72 മുതല്‍ ക്രൈസ്തവ പുരോഹിതരും സന്യസ്തരും ഈ മണ്ണില്‍ ഉണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ അനേകം പുരോഹിതരും സന്യസ്തരും മണ്ണടിഞ്ഞു പോയിട്ടുണ്ട്. സ്വന്തം മാതാപിതാക്കളെയും നാടിനെയും ഉപേക്ഷിച്ച് ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന വിദേശമിഷനറിമാരും ഉണ്ട്. ഇവരില്‍ ആരോപണവിധേയരായവരുടെ എണ്ണം പരിശോധിച്ചാല്‍ വിരലിലെണ്ണാവുന്ന കാര്യങ്ങള്‍ മാത്രം സത്യമെന്നു വരും. കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ ചിലരുടെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണമോ കാഠിന്യമോ വരില്ല, കേരളസഭയിലെ നൂറ്റാണ്ടുകളോളം വര്‍ഷത്തിന്റെ ചരിത്രത്തില്‍ മുഴുവന്‍ വൈദികരുടെയും മേലുള്ള ആരോപണം എന്നു വ്യക്തം. കണ്ണൂരെന്ന ഒരു ജില്ല മാത്രം അനാഥമാക്കിയ കുടുംബങ്ങളുടെ എണ്ണം മാത്രം പോരേ നിങ്ങള്‍ക്കു മുമ്പില്‍ ഉത്തരം ലഭിക്കാന്‍. അവിടെ വീണൊഴുകിയ കണ്ണുനീരിന്റെയും രക്തത്തിന്റെയുമൊന്നും വ്യാപ്തിയോളം വരുന്ന ക്രൂരതയൊന്നും ഒരു പുരോഹിതനും ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ട് ഈ ആക്രോശം എന്നു ചോദിച്ചാല്‍. ഒരു പുരോഹിതന്റെ രക്തത്തിന് അനേകം പാപങ്ങളുടെ കറ കഴുകാം എന്നു തന്നെ കാരണം. ഒരു പുരോഹിതന്റെ കുറ്റത്തിന് അനേകം കുറ്റകൃത്യങ്ങളുടെ ഫയല്‍ അപ്രത്യക്ഷമാക്കാനും സാധിക്കും അത്ര തന്നെ. കൂടുതല്‍ മനസ്സിലാകണമെങ്കില്‍ വീട്ടിലിരുന്നു അച്ചന്മാരെ കുറ്റംപറയുന്ന നേരത്ത് തലേദിവസം മുതല്‍ പുറകോട്ട് പത്രം എടുത്ത് മറിച്ചു നോക്കിയാലും മതി.

പിന്നെ വന്ധ്യംകരണ യന്ത്രവുമായി കച്ചവടത്തിനിറങ്ങിയ സിനിമാപ്രവര്‍ത്തകനോട്. മനുഷ്യവര്‍ഗ്ഗത്തില്‍ ചാകാതിരിക്കാന്‍ കൊല്ലുന്നവരെയും കൊല്ലാനായി ചാകുന്നവരെയും താങ്കള്‍ക്ക് അറിയുമായിരിക്കും. പക്ഷേ നിങ്ങള്‍ പഠിച്ച ചരിത്ര പുസ്തകങ്ങള്‍ മുഴുവനുമെടുത്ത് കൊല്ലാതെ മരിക്കാന്‍ മാത്രം ഇറങ്ങിയവര്‍ ആരെങ്കിലും ഏതെങ്കിലും കാലത്ത് ജീവിച്ചിരുന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. അങ്ങനെ ഒരു വര്‍ഗ്ഗം മാത്രമേ ഈ ഭൂമുഖത്ത് മനുഷ്യകുലത്തില്‍പ്പെട്ടവരായി അന്നും ഇന്നും എന്നും വാണിട്ടുള്ളൂ. അത് ക്രിസ്ത്യാനിയുടെ സമര്‍പ്പിതരാണ്. അന്തസ്സും അഭിമാനവുമുള്ള കുടുംബങ്ങളില്‍പ്പിറന്നവര്‍ തന്നെ. ആയിരങ്ങള്‍ ചത്തൊടുങ്ങിയാലും അവര്‍ക്കു പിന്നില്‍ നിരനിരയായി പിന്നെയും വരും. അങ്ങനെ വെടിയുണ്ടകള്‍ക്കു മുമ്പിലും പീരങ്കികള്‍ക്കു മുമ്പിലും നെഞ്ചുവിരിച്ചു നില്‍ക്കാന്‍ നിങ്ങളുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ പ്രസ്ഥാനങ്ങളുടെയോ അണികള്‍ക്കുള്ള നട്ടെല്ലു പോരാ. കുറച്ചു കൂടി കട്ടിയുള്ളതു വേണം. കുരിശാണ് ഞങ്ങളുടെ നട്ടെല്ല്, ദൈവപുത്രന്റെ ശരീരവും രക്തവുമാണ് ഞങ്ങളുടെ ഉള്ളിലെരിയുന്ന കനല്‍, അങ്ങനെ മരിക്കേണ്ടി വന്നാല്‍ മരിക്കാന്‍ തന്നെ കണക്കാക്കിയാണ് ഓരോ സമര്‍പ്പിതനും സമര്‍പ്പിതയും വീടുവിട്ടിറങ്ങുന്നത്. അതിനുള്ള ബലമാണ് നിങ്ങള്‍ പരിഹസിക്കുന്ന ബ്രഹ്മചര്യം. കാരണം കണ്ണടക്കുന്ന സമയത്ത് ഒരു മനുഷ്യന്റെയും അനുവാദം ചോദിക്കേണ്ടതില്ല. നീതിക്കു വേണ്ടി ഭരണകൂടങ്ങള്‍ക്കും പ്രഭുക്കള്‍ക്കുമെതിരെ സ്വരമുയര്‍ത്തേണ്ടി വരുമ്പോള്‍ കുടുംബാംഗങ്ങളെ ഓര്‍ത്തു ഭയപ്പെടേണ്ടതുമില്ല. അനാഥനുള്ള സ്വാതന്ത്ര്യം, മരണഭയമില്ലായ്മ അതു സന്യാസിയുടെ സമ്പത്താണ്. നാസി പീഡനകാലത്ത് ഗയോണിഷെക് എന്ന കുടുംബനാഥനു പകരം മരിക്കാന്‍ തയ്യാറായി വരുമ്പോള്‍ മാക്‌സ്മില്യന്‍ കോള്‍ബെക്കുണ്ടായ ധൈര്യം തന്നെ. ഗയോണിഷെക്കിനു കുടുംബമുണ്ട്, കോള്‍ബെയ്ക്ക് അങ്ങനെ ഒന്നിനെക്കുറിച്ചു ചിന്തിക്കേണ്ടതായില്ല. മരണ ഭയം കണ്ണില്‍ കലരാതെ നിവര്‍ന്നു നിന്നു മരിച്ചു വീണവര്‍ വേറെയുമുണ്ട്.

അതു കൊണ്ട് നിങ്ങള്‍ കൊണ്ടുവന്ന ഉപകരണം തേച്ചു മിനുക്കി വെച്ചു കൊള്ളുക. ആവശ്യക്കാര്‍ സ്വന്തം പ്രവര്‍ത്തന മേഖലയില്‍ത്തന്നെ കാണും. ബലഹീനത തീര്‍ക്കാന്‍ പറ്റാത്തതു കൊണ്ട് ഒന്നും ഒന്നിലധികവും പരസ്യമായും പിന്നെ രഹസ്യമായും വിവാഹം ഒരു തൊഴിലായി കൊണ്ടു നടക്കുന്നരില്‍ കൂടുതല്‍ നിങ്ങള്‍ക്കിടയിലാണല്ലോ? 

അതിനാല്‍, സാഹചര്യം തരുന്ന മനോബലം കൊണ്ട് കൂട്ടം കൂടി ഓരിയിടുന്ന എല്ലാ കുറുക്കന്മാരോടും യേശു പറഞ്ഞ ഒരു കാര്യം ആണ് പറയാനുള്ളത്. ഹേറോദേസ് രാജാവ് യേശുവിനെ പിടികൂടാന്‍ ആലോചിക്കുന്നു എന്നു പറഞ്ഞ് അവിടുത്തെ ഭയപ്പെടുത്തി നാടുകടത്താന്‍ ആഗ്രഹിച്ചവരോട് അവിടുന്ന് ഒരു കാര്യം പറഞ്ഞു, നിങ്ങള്‍ ആ കുറുക്കനോടു പറയുക, ഞാന്‍ ഇന്നും നാളെയും മറ്റന്നാളും ഇവിടെത്തന്നെ കാണും. ഇതു ക്രൈസ്തവന്റെ പൗരോഹിത്യം ആണ്. ഓരോ പുരോഹിതനും ഇന്ത്യാ മഹാരാജ്യത്തിലെ പൗരന്‍ തന്നെയാണ്. ഇവിടെ ജനിച്ച് ഇവിടെ വളര്‍ന്ന് ജീവിക്കുന്നവര്‍. ഞങ്ങള്‍ ഇവിടെത്തന്നെ കാണും. എല്ലാവരും കൂവുന്നതിനനുസരിച്ച് നിലപാടുതറ മാറ്റിച്ചവിട്ടി നൃത്തം ചെയ്ത ചരിത്രം സഭാസമൂഹത്തിനില്ല. സിനിമാപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയക്കാരനും മനോഗതമറിയിക്കുന്ന സ്ഥിതിക്ക് പിരിച്ചുവിടാനും ഒന്നിച്ചു ചേര്‍ക്കാനും വിഭജിക്കാനും കേരളത്തിലെ ഈര്‍ക്കിലി രാഷ്ട്രീയപ്പാര്‍ട്ടിയോ, മലയാളഭാഷയിലെ സിനിമാസംഘടനയോ അല്ല.

ഒച്ചയെടുത്തവര്‍ക്കും അമര്‍ത്തിച്ചിരിച്ചവര്‍ക്കും തല്ലാനോങ്ങിയവര്‍ക്കും ഒരുമിച്ചിറങ്ങാം. ഇവിടെ നമ്മുടെ മണ്ണില്‍ ഒരുപാട് രക്തവും കണ്ണുനീരുമുണ്ട്. ഒരുമിച്ചു നിന്ന് തുടച്ചു വൃത്തിയാക്കാം. പ്രമുഖനെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ നീതിപീഠത്തിനു മുമ്പിലെത്തിക്കാം. ഇക്കഴിഞ്ഞ മാസം തന്നെ വേട്ടക്കാരായ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇരകളായ നിരപരാധികള്‍ ഒരുപാടു പേരുണ്ട്. പറഞ്ഞ വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കാന്‍ നമുക്ക് സാധിക്കും. പറഞ്ഞവ കാപട്യമാണെങ്കില്‍. ഇതു കാലം വേറെയാണ്. പുറത്തു വിട്ട വാക്കുകള്‍ നിങ്ങളെത്തന്നെ തിരിച്ചു കടിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു തുടങ്ങുക.

അപമാനം നേരിട്ട പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത് വിഷമം ഉണ്ട്. കേരളത്തില്‍ സങ്കടപ്പെടുന്ന ഏതൊരു വ്യക്തിയോടുമുള്ളതു പോലെ തന്നെ. അവള്‍ നമ്മുടെ സഹോദരിയാണ്. കുറ്റാരോപിതനായ വൈദികനെക്കുറിച്ചോര്‍ത്തും വിഷമം ഉണ്ട്. കാരണം അദ്ദേഹം സഹോദരനാണ്. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് അത്യാഹിതം നേരിട്ടതു പോലുള്ള അവസ്ഥയാണ് കേരളസഭയെന്ന അമ്മയ്ക്ക്. കാലം മുറിവുണക്കുമെന്ന് കരുതാം.


വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.