വൈദികനായ ഫയർമാൻ

അനേകരെ ആത്മീയമായി ജ്വലിപ്പിക്കുന്ന ഒരു ഇടവക വൈദികനാണ് മുപ്പത് വയസുള്ള ഫാ. പിയറി ഫൂക്വയർ. എന്നാൽ, അതോടൊപ്പം അദ്ദേഹം ഒരു സന്നദ്ധപ്രവർത്തകനായ അഗ്നിശമനാ സേനാംഗവും കൂടിയാണ്. ധൈര്യത്തോടെയും തികഞ്ഞ അർപ്പണബോധത്തോടെയും ഈ രണ്ട് സേവനങ്ങളും ഒന്നിച്ചു കൊണ്ടുപോകുന്ന ഈ വൈദികനെ നമുക്കൊന്ന് പരിചയപ്പെടാം.

ജൂ-ലെ സ്-ടൂർസ് ഫയർ സ്റ്റേഷൻ മുതൽ ഇന്ദ്രേ-എറ്റ്-ലോയർ ഫ്രാൻസിലെ സെന്റ് മാർക്ക് ഇടവക വരെ നീളുന്ന ശുശ്രൂഷാ ജീവിതത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ഫാ. പിയറി ഇടവക വികാരി, ഫയർമാൻ എന്നിങ്ങനെയുള്ള ജോലികളിൽ സജീവ സാന്നിധ്യമാണ്. ഷിഫ്റ്റുകൾ അനുസരിച്ച് ഒരു മാസം 75 മണിക്കൂറാണ് അഗ്നിശമനാ സേനാംഗമായി ജോലി.

“എനിക്ക് 10 വയസ്സുള്ളപ്പോൾ ആണ് ഒരു ഫയർമാന്റെ ജോലി എന്നെ ആകർഷിച്ചത്. തന്റെ ഗ്രാമമായ സെന്റ്-എപെയ്നിൽ, പരേഡുകളിലോ അനുസ്മരണ ചടങ്ങുകളിലോ അഗ്നിശമനാ സേനാംഗങ്ങൾ മാർച്ച് ചെയ്യുന്നത് കൊതിയോടെയാണ് ഞാൻ നോക്കിയിരുന്നത്. ചുവന്ന ട്രക്കുകൾ, യൂണിഫോം എല്ലാം എന്നെ ആകർഷിച്ചു.” – ” ഫാ. പിയറി പറയുന്നു.

വൈദികനാകാനുള്ള തന്റെ ആഗ്രഹം എങ്ങനെ രൂപപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. “ഏതാണ്ട് അതേ സമയം തന്നെ വൈദികനാകാനുള്ള ആഗ്രഹവും എന്നിലുണ്ടായി. ഏഴാമത്തെ വയസ്സിൽ ‘എനിക്കൊരു വൈദികനാകണം’ എന്ന് ഞാൻ അമ്മയോട് പറഞ്ഞിരുന്നു. ഞാൻ വളർന്നത് ആഴമായ വിശ്വാസമുള്ള ഒരു കത്തോലിക്കാ കുടുംബത്തിലാണ്. അത് എന്റെ ആഗ്രഹം കൂടുതൽ വളരുവാൻ സഹായകമായി. പല വൈദികരെയും അന്നാളുകളിൽ കണ്ടുമുട്ടിയത് ജീവിതത്തിൽ വഴിത്തിരിവായി. അങ്ങനെ സിവിൽ എഞ്ചിനീയറിംഗ് പഠിച്ചശേഷം ഞാൻ സെമിനാരിയിൽ ചേർന്നു.”

സെമിനാരിയിലെ ആദ്യ രണ്ട് വർഷങ്ങളിൽ, അഗ്നിശമന സേനയിൽ ജോലി ചെയ്തിരുന്ന ആ യുവാവിന്റെ ജോലി ചെയ്യാനുള്ള പ്രതിബദ്ധത അധികാരികൾ മനസിലാക്കി. മാറിമാറി വന്ന ബിഷപ്പുമാർ അദ്ദേഹത്തിന്റെ ആഗ്രഹത്തെ തിരിച്ചറിഞ്ഞു. അങ്ങനെ സെമിനാരിക്കാലത്ത് തന്നെ അടുത്തുള്ള ഗ്രാമങ്ങളിൽ ഒന്നര വർഷത്തോളം ഫയർമാൻ ആയി അദ്ദേഹം തന്റെ ജോലി തുടർന്നു.

2018 -ൽ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. ഇടവക പ്രവർത്തനങ്ങളിൽ അദ്ദേഹം ഇടവകജനങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ചനാണ്. എന്നാൽ, ഒരു അഗ്നിശമനാ സേനാംഗത്തിന്റെ യൂണിഫോം ധരിച്ചാൽ പിന്നെ ഫാ. പിയറി മറ്റെല്ലാവരെയും പോലെ ഒരു അഗ്നിശമനാ സേനാംഗമായി മാറുന്നു. ഒരു പ്രൊഫഷണൽ അഗ്നിശമനാ സേനാംഗവും ഒരു സന്നദ്ധ അഗ്നിശമനാ സേനാംഗവും തമ്മിൽ വളരെയധികം വ്യത്യാസം ഉണ്ടെന്നും ഈ വൈദികൻ വെളിപ്പെടുത്തുന്നു.

അഗ്നിശമനാ സേനാംഗങ്ങളുടെ മുദ്രാവാക്യം ‘ധൈര്യവും സമർപ്പണവും’ എന്നതാണ്. ഈ ജോലിയുടെ പേരിൽ ഫാ. പിയറി ഒരു വൈദികനെന്ന നിലയ്ക്കുള്ള തന്റെ പ്രവർത്തനങ്ങൾ ഒരിക്കൽപോലും മുടക്കിയിട്ടില്ല. മറ്റ് വൈദികരോടുള്ള സഹോദര ബന്ധത്തിലും വൈദികർ ഒന്നിച്ചു കൂടാറുള്ള മീറ്റിംഗിലും എല്ലാം ഈ വൈദികൻ എത്താറുണ്ട്. തന്റെ പൗരോഹിത്യ ശുശ്രൂഷയിലും അഗ്നിശമനാ സേനാംഗം എന്ന ജോലി വളരെ സഹായകമായിട്ടുണ്ടെന്ന് ഈ വൈദികൻ സാക്ഷ്യപ്പെടുത്തുന്നു. പള്ളിയിൽ വരുവാൻ ബുദ്ധിമുട്ടുള്ള അനേകരെ താൻ ജോലി ചെയ്യാൻ പോകുന്ന ഇടങ്ങളിൽ കണ്ടുമുട്ടിയിട്ടുണ്ടെന്നും അവരെ ദൈവാലയങ്ങളിലേക്ക് കൊണ്ടുവരുവാൻ ശ്രമിച്ചിട്ടുള്ളതും അദ്ദേഹം വളരെ അഭിമാനത്തോടെ ഓർമ്മിക്കുന്നു.

തിരക്കേറിയ ദൈനംദിന ജീവിതത്തിന്റെ സന്തോഷവും അധ്വാനവും, ഫാ. പിയറി ദൈവത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഈ ജോലി പഠിപ്പിച്ചിരിക്കുന്ന വലിയ പാഠം ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ശ്രേഷ്ഠതയാണ്. ഒരു പുരോഹിതനായും ഫയർമാനായും അനേകർക്ക് ആശ്വാസമാവുകയാണ് ഈ വൈദികൻ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.