ഭവനരഹിതർക്കായി ചെരുപ്പുകൾ നിർമ്മിച്ചു നൽകുന്ന വൈദികൻ

ഫാ. ജീൻ പിയറി എന്ന വൈദികൻ ഭവനരഹിതർക്ക് സഹായഹസ്തമായി തീരുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണ്. പാവപ്പെട്ട ആളുകൾക്ക് ചെരുപ്പ് നൽകിക്കൊണ്ടാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. കാരണം അദ്ദേഹം ഒരു വൈദികൻ മാത്രമല്ല, ചെരുപ്പുകുത്തിയും കൂടിയാണ്. അതിനാൽ തനിക്കറിയാവുന്ന ജോലിയെ പാവപ്പെട്ടവർക്ക് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കുകയാണ് ഈ വൈദികൻ.

വളരെ വൈകിയാണ് ഇദ്ദേഹം ഒരു ചെരുപ്പുകുത്തിയായി ജോലി ചെയ്തതും വൈദികപട്ടം സ്വീകരിച്ചതും. തന്റെ 44 -മത്തെ വയസിലാണ് ഫാ. ജീൻ വൈദികനാകുവാൻ സെമിനാരിയിൽ ചേരുന്നത്. അതിന് രണ്ടു വർഷം മുൻപാണ് ജീൻ ചെരുപ്പുകുത്തിയായി ജോലിയിൽ പ്രവേശിക്കുന്നത്. ക്യൂബെക്കിലെ ഇറ്റാലിയൻ ഭാഷ സംസാരിക്കുന്ന ഒരു ഇടവകയായ മേരി ഹെൽപ്പ് ഓഫ് ക്രിസ്ത്യൻ മിഷൻ ദൈവാലയത്തിലെ വൈദികനാണ് ഇപ്പോൾ ഫാ. ജീൻ.

“കഴിഞ്ഞ രണ്ട് വർഷമായി, വി. ഡൊമിനിക്ക് സാവിയോ എന്നെ ഒരു ദൗത്യം ഏൽപ്പിച്ചിരിക്കുന്നു. ഇടവക ജോലിയോടൊപ്പം സമയം കിട്ടുമ്പോൾ ഒക്കെ അദ്ദേഹം ചെരുപ്പ് ഉണ്ടാക്കുന്ന ജോലിയിൽ ഏർപ്പെടുന്നു. ഈ ചെരുപ്പുകൾ ഒക്കെ ഉണ്ടാക്കുന്നത് ഭവനരഹിതരായ ആളുകൾക്ക് വേണ്ടിയാണ്” – ഫാ. ജീൻ വെളിപ്പെടുത്തി.

1998 -ൽ മോൺട്രിയലിലെ കത്തീഡ്രലിന്റെ സമീപത്ത് വച്ചാണ് അദ്ദേഹം ജീൻ പോൾ എന്ന ഭവനരഹിതനെ കണ്ടുമുട്ടിയത്. അദ്ദേഹം വളരെ ഭക്തനായ ഒരു മനുഷ്യനായിരുന്നു. എങ്കിലും ഇടവകക്കാർ ഫാ. ജീനിന്റെ അടുത്ത് വന്ന് പറഞ്ഞു. “ആ ഭവനരഹിതനായ മനുഷ്യനിൽ നിന്നും അസഹനീയമായ ദുർഗന്ധമാണ് ഉയരുന്നത്. അച്ചന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?” എന്ന്. ഫാ. ജീൻ അവനെ ഒരു വശത്തേക്ക് കൂട്ടിക്കൊണ്ടു പോയി ചെരുപ്പ് ഊരിമാറ്റാൻ ആവശ്യപ്പെട്ടു. ഭവനരഹിതനായ ആ മനുഷ്യന് കാലിൽ പഴുത്ത ഒരു വൃണമുണ്ടെന്ന് ആ വൈദികൻ കണ്ടെത്തി. അത് ആ വൈദികനെ സംബന്ധിച്ച് വലിയൊരു തിരിച്ചറിവായിരുന്നു. ഭക്ഷണം, വസ്ത്രം, പുതപ്പുകൾ എന്നിവ ഭവനരഹിതരായവർക്ക് കൊടുക്കുവാൻ പല അസോസിയേഷനുകളും ഉണ്ട്. എന്നാൽ അവർക്ക് ചെരുപ്പുകൾ ലഭ്യമാകുന്നില്ല എന്ന്  അദ്ദേഹം മനസിലാക്കി.

അതിനാൽ ആ വികാരിയച്ചൻ അതിനൊരു പരിഹാരം കാണണമെന്ന് തീരുമാനിച്ചു. “ഞാൻ ഒരു നഗരപ്രദേശത്താണ് താമസിച്ചിരുന്നത്. അവിടെ വളരെ മനോഹരമായ ഷൂ വിൽപ്പനക്കാർ ഉണ്ടായിരുന്നു. പുതിയ ജോഡികൾ വാങ്ങാൻ ബിസിനസുകാർ വരുന്നതും പഴയവ വലിച്ചെറിയുന്നതും ഞാൻ ശ്രദ്ധിച്ചു. അതിനാൽ ഞാൻ സ്റ്റോറുകളുടെ പുറകിലേക്ക് പോയി. വലിച്ചെറിഞ്ഞു കളയുന്ന പഴയ ഷൂ, അവരോട് ചോദിച്ചു വാങ്ങി” – അദ്ദേഹം പറയുന്നു.

അങ്ങനെ ആ ചെരുപ്പുകൾ അദ്ദേഹം കേടുകൾ മാറ്റിയെടുക്കും. ആദ്യം, മോൺ‌ട്രിയലിലെ ഭവനരഹിതരായ പുരുഷന്മാരുടെ അഭയകേന്ദ്രത്തിലേക്ക് സംഭാവന ചെയ്തു. പിന്നീട് സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലേക്കോ ഇടവകകളിലേക്കോ ഒക്കെ ഷൂ നൽകി. അങ്ങനെ ഒരു ചെരുപ്പുകുത്തിയുടെ ജോലി അറിയാവുന്ന ആ വൈദികൻ തന്റെ കഴിവുകൾ ഉപയോഗിച്ച് അനേകർക്ക് കൈത്താങ്ങായി. ഒടുവിൽ പണം ലാഭിക്കാൻ അടുത്തുള്ള ഷൂ നിർമ്മാണ കേന്ദ്രത്തിലെ ആളോട് ചേർന്ന് സ്വന്തമായി ചെരുപ്പ് നിർമ്മിക്കാനും ഫാ. ജീൻ പഠിച്ചു.

അങ്ങനെ അനേകർക്ക് ചെരുപ്പുകൾ നിർമ്മിച്ചു കൊടുക്കാനും ഭവനരഹിതരായ ആളുകൾക്ക് സഹായമാകാനും ഈ വൈദികൻ ശ്രമിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.