“എല്ലാം ദൈവികപദ്ധതിയുടെ ഭാഗം” – മതപരിവർത്തന ആരോപണത്തിന് ഇരയായ വൈദികൻ മനസ് തുറക്കുന്നു

സി. സൗമ്യ DSHJ

കർത്താവിന്റെ ദാസന്മാർ കടന്നുപോകുന്ന സഹനവഴികൾ ഏറെ വ്യത്യസ്തമാണ്. ജീവിതത്തിൽ നല്ലതും നന്മയും മാത്രം ചെയ്തിട്ടും കുരിശേറാൻ മാത്രം വിധിക്കപ്പെട്ട അനേകം സഹനദാസന്മാർ ഈ ലോകത്തിലുണ്ട്. അത്തരത്തിലൊരാളാണ് ഫാ. ജോർജ് മംഗലപ്പിള്ളി.

സത്നാ രൂപതയിൽ വർഷങ്ങളായി ശുശ്രൂഷ ചെയ്യുന്ന ഈ വൈദികൻ, മതപരിവർത്തന വിഷയത്തിൽ കുറ്റാരോപിതനായി കഴിഞ്ഞ നാലു വർഷങ്ങളായി ജീവിക്കുകയായിരുന്നു. 2021 സെപ്റ്റംബർ 13 -ന് അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ട കേസ് തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നു. കുറ്റവിമുക്തനാക്കി എങ്കിലും ഈ നാലു വർഷവും അദ്ദേഹം കടന്നുപോയ സഹനവഴികൾ കഠിനമായിരുന്നു. വിഷമതകളെ കുരിശോടു ചേർത്തുവച്ചു കൊണ്ട് താൻ നടത്തിയ കുരിശുയാത്രയുടെ അനുഭവങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് ഫാ. ജോർജ് മംഗലപ്പിള്ളി.

ക്രിസ്തുമസ് പ്രോഗ്രാം നടത്താൻ സെമിനാരിയുടെ അടുത്തുള്ള ഗ്രാമങ്ങളിലേക്ക്

സംഭവങ്ങളുടെ തുടക്കം 2017 ഡിസംബർ 14 -ാം തീയതിയാണ്. അന്ന് വൈകുന്നേരം ആറു മണിയോടു കൂടി ക്രിസ്തുമസ് പ്രോഗ്രാമുകൾ നടത്താൻ വേണ്ടി ഈ ഗ്രാമത്തിൽ പോയവരിൽ 32 വൈദികാർത്ഥികളും രണ്ട് വൈദികരും ഡ്രൈവറും ഉൾപ്പെടെ ആകെ 35 പേരുണ്ടായിരുന്നു. സാധാരണയായി ക്രിസ്തുമസിനോട് അനുബന്ധിച്ച് ഇപ്രകാരമുള്ള പ്രോഗ്രാം ചെയ്യുന്ന പതിവുണ്ട്. ക്രിസ്തുമസ് പ്രോഗ്രാം എന്ന് പറയുന്നുണ്ടെങ്കിലും ഗ്രാമവാസികളും സെമിനാരിക്കാരും വിവിധ കലാപരിപാടികൾ ഈ അവസരത്തിൽ അവതരിപ്പിക്കും. ഭൂംകഹർ എന്ന ഗ്രാമത്തിൽ വച്ചായിരുന്നു അന്നത്തെ പ്രോഗ്രാം നടന്നത്.

വൈദികാർത്ഥികൾ ഈ ഗ്രാമത്തിലുള്ള കുട്ടികളെ പഠിപ്പിക്കുകയും ഭവനസന്ദർശനം നടത്തുകയുമൊക്കെ ചെയ്യാറുണ്ട്. ഈ ഒരു ബന്ധത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഇത്തരത്തിലൊരു ക്രിസ്തുമസ് പരിപാടി നടത്താൻ ഈ ഗ്രാമം തന്നെ  തിരഞ്ഞെടുത്തത്. ഈ സെമിനാരിയുടെ അടുത്തുള്ള ഇത്തരം പത്തോളം ഗ്രാമങ്ങളിൽ വൈദികാർത്ഥികൾ ഇപ്രകാരം പോകുന്നുണ്ട്. എന്നാൽ, ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രോഗ്രാം നടത്താൻ തൊട്ടടുത്തുള്ള ഗ്രാമങ്ങളിൽ മാത്രമേ സാധാരണ പോകാറുള്ളൂ. അതും ഇങ്ങോട്ട് ആവശ്യപ്പെടുന്ന ഗ്രാമങ്ങളിൽ മാത്രം. ഈ ഗ്രാമത്തിൽ പ്രോഗ്രാം അവതരിപ്പിക്കാൻ പോയതും ഇപ്രകാരം തന്നെ. പ്രോഗ്രാം എന്നുവച്ചാൽ ക്രിസ്തുമസുമായി ബന്ധപ്പെട്ട സ്‌കിറ്റ്, പാട്ട്, ക്രിസ്തുമസ് സന്ദേശങ്ങൾ എന്നിവ അവതരിപ്പിക്കും. ഗ്രാമവാസികളും ചില പ്രോഗ്രാമുകൾ നടത്തും.

മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലേക്ക്

പ്രോഗ്രാമിനിടെ രണ്ടു-മൂന്നു പേർ വന്ന് ‘ഇവിടെ ഇത്തരം പരിപാടികൾ നടത്താൻ പറ്റില്ല’ എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ബജറംഗദൾ എന്ന ഗ്രൂപ്പിലെ ആളുകൾ അവിടെയെത്തി. അവർ വൈദികരോടും കൂടെയുള്ളവരോടും ചോദിച്ചു: “ഇങ്ങനെയുള്ള പ്രോഗ്രാം നടത്താൻ നിങ്ങൾക്ക് ആരുടെ അനുവാദമാണ് കിട്ടിയത്? നിങ്ങൾ ഇവിടെ എന്തിനാണ് വരുന്നത്?”

ബ്രദേഴ്സിന് ഹിന്ദിയും അവരുടെ ലോക്കൽ ഭാഷയും വലിയ വശമില്ല. അതിനാൽ ഫാ. ജോർജ് ആണ് ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. കാരണം, ഇടവക പ്രവർത്തനങ്ങളുടെ ഒക്കെയും ഉത്തരവാദിത്വം അദ്ദേഹത്തിനായിരുന്നു. ഗ്രാമവാസികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് തങ്ങൾ വന്നതെന്ന് ആളുകളോട് അച്ചൻ വിശദീകരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ പോലീസുകാർ വന്നു. അവരോടും കാര്യങ്ങളൊക്കെ വിശദീകരിച്ചു. എന്നാൽ, വളരെ പെട്ടെന്നു തന്നെ കാര്യങ്ങൾ കൂടുതൽ വഷളായി. പുറത്തു നിന്നും എത്തിയവർ ബഹളം വയ്ക്കാൻ തുടങ്ങി. വൈദികാർത്ഥികളെയും വൈദികരെയും അവർ അടിക്കാൻ ഓങ്ങുകയും പിടിച്ചുതള്ളുകയുമൊക്കെ ചെയ്തു. ഈ സമയത്ത് കൂടുതല്‍ പോലീസുകാർ അവിടെ എത്തി.

പ്രശ്നങ്ങൾ ഉണ്ടാക്കാതെ അവിടെ നിന്നും തിരിച്ചു പോരാം എന്നു കരുതിയിരിക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ പോകണമെന്നായി അവർ. ഈ സ്ഥലം സെമിനാരിയിൽ നിന്നും പതിനഞ്ചു കിലോമീറ്റർ ദൂരെയാണ്. അങ്ങനെ ഇവരെയെല്ലാവരെയും സിവിൽ ലൈൻ സത്‌നാ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

രണ്ട് ജീപ്പിലും ട്രാക്ടറിലുമായിട്ടാണ് സെമിനാരി വിദ്യാർത്ഥികളോടൊപ്പം വൈദികർ ഗ്രാമത്തിൽ എത്തിയത്. പ്രോഗ്രാം നടത്താൻ ആവശ്യമായതെല്ലാം അവർ കയ്യിൽ കരുതിയിരുന്നു. സൗണ്ട് സിസ്റ്റം, ഇൻവേർട്ടർ, സംഗീതോപകരണങ്ങൾ എന്നിങ്ങനെ പലതും. അതൊന്നും എടുക്കാനോ, കാര്യങ്ങൾ വിശദീകരിക്കാനോ ഒന്നും അവസരം നൽകാതെ പോലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഫാ. ജോർജിന് ലോക്കൽ പോലീസിനെ അറിയാമായിരുന്നു. അതിനാൽ, പോലീസിനോട് ഫോൺ ചെയ്ത് അറിയിച്ചിരുന്നു. സത്‌നാ സെമിനാരിയിലെയും ബിഷപ്പ് ഹൗസിലെയും മറ്റ് വൈദികരെയും അറിയിച്ചിരുന്നു. അതനുസരിച്ചാണ് സെമിനാരി റെക്ടർ അച്ചനും മറ്റു വൈദികരും പോലീസ് സ്റ്റേഷനിൽ എത്തിയത്.

സാഹചര്യം കലുഷിതമാകുന്നു

സെമിനാരിയിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ഏഴ് അച്ചന്മാർ സ്റ്റേഷനിലെത്തിയപ്പോഴേക്കും പോലീസ്, വൈദികാർത്ഥികളെയും ഏഴ് അച്ചന്മാരെയും ഒരു ചെറിയ മുറിക്കുള്ളിൽ ഇരുത്തിയിരുന്നു. സെമിനാരിയിൽ നിന്നും വന്ന റെക്ടർ അച്ചൻ ഫാ. ജോസഫ് ഒറ്റപുരയ്ക്കൽ ഉൾപ്പെടെയുള്ളവരെയും പോലീസ് ആ മുറിക്കുള്ളിലാക്കി. അങ്ങനെ ഒൻപത് അച്ചന്മാരുൾപ്പെടെ 42 പേരെ ആ പോലീസ് സ്റ്റേഷനിൽ അവർ കുടുക്കി.

കുറച്ചു കഴിഞ്ഞപ്പോൾ പുറത്തു നിന്നും മുൻപരിചയമൊന്നും ഇല്ലാത്ത കുറച്ച് ആളുകളെത്തി ഇവർക്കെതിരെ പോലീസിനോട് ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി. മതപരിവർത്തനത്തിന് ശ്രമിച്ചു എന്നതായിരുന്നു പ്രധാനമായും ഇവരിൽ ആരോപിച്ച കുറ്റം. ഒപ്പം ഇവരെ ഉപദ്രവിക്കുന്നതിലേക്കു വരെയെത്തി കാര്യങ്ങൾ. ചുരുക്കത്തിൽ ഇവരെ പുറത്തിറക്കാനോ, ഏതെങ്കിലും കാര്യത്തിൽ സഹായിക്കാനോ, ആരെയെങ്കിലും സഹായത്തിന് വിളിക്കാനോ പോലും സാധിക്കാത്ത അവസ്ഥ.

സഹായിക്കാൻ വന്നവരുടെ കാറും കത്തിച്ചു

വൈദികർ പോലീസ് കസ്റ്റഡിയിലായ സംഭവം അറിഞ്ഞു വിവരങ്ങൾ അന്വേഷിക്കാൻ നാല് ക്ലരീഷ്യൻ വൈദികർ ഓടിയെത്തി. അവർ വന്നത് ഒരു കാറിനായിരുന്നു. പോലീസ് സ്റ്റേഷന് അധികം ദൂരെയല്ലാതെ കാർ പാർക്ക് ചെയ്തതിനു ശേഷമാണ് ഇവർ സ്റ്റേഷനിലേക്കു വന്നത്. വൈദികർ പോലീസ് സ്റ്റേഷനിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്ത്, അവർ വന്ന കാറിന് ആരോ തീയിട്ടു. ശബ്ദം കേട്ട് പുറത്തേക്കു നോക്കിയ വൈദികർ കാണുന്നത് കത്തിച്ചാമ്പലാകുന്ന തങ്ങളുടെ കാറാണ്. യാതൊരു കാരണവും കൂടാതെയായിരുന്നു ഈ പ്രവർത്തിയും. കാറിനുള്ളിൽ ഉണ്ടായിരുന്ന അവരുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ കത്തിനശിച്ചു.

ഏകദേശം രാത്രി ഒരു മണി സമയം വരെ ഈ 42 പേരും ആ മുറിക്കുള്ളിൽ കഴിച്ചുകൂട്ടി. അതിനു ശേഷം വേറെ പോലീസുകാർ വന്നു. ചോദ്യം ചെയ്യാനായി കുറച്ച് ബ്രദേഴ്സ്സിനെയും കൂട്ടിപ്പോയി. അപ്പോൾ രൂപതയുടെ സ്‌കൂളിൽ മുൻപ് പഠിച്ച ബിജെപി -ക്കാരനായ ഒരു വ്യക്തിയെയും അവന്റെ കൂട്ടുകാരെയും വിളിച്ചുവരുത്തി. അവർ അവിടെ വന്നു – രുചിർ ജെയിൻ. അദ്ദേഹം ഈ വൈദികരെയൊക്കെ അറിയുന്ന വ്യക്തിയായിരുന്നു. ഫാ. ജോർജിനെയും വ്യക്തിപരമായി അറിയുന്നയാളാണ്.

“അദ്ദേഹം വന്ന ശേഷം ഞങ്ങൾക്ക് കുടിക്കാൻ വെള്ളം തന്നു, ടോയ്‌ലറ്റിൽ പോകാനുള്ള സൗകര്യവും ഒരുക്കി. കാരണം ആ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. അപ്പോഴേക്കും പോലീസ് വന്ന് കേസ് രജിസ്റ്റർ ചെയ്തു.

ആ സമയത്ത്, ഞങ്ങൾ അറിയാത്ത ഒരു വ്യക്തി വന്ന് ‘ഇവനാണ് എന്നെ മാമ്മോദീസ മുക്കിയത്’ എന്ന് പറഞ്ഞുകൊണ്ട് എന്നെ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് എന്നെ ചൂണ്ടിക്കാട്ടിയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ, അവിടെയുള്ള പോലീസുകാർക്കും രാഷ്ട്രീയക്കാർക്കും എന്നെ അറിയാമായിരുന്നു. കാരണം, വർഷങ്ങളായി ഞാൻ ആ പ്രദേശത്താണ് ശുശ്രൂഷ ചെയ്തിരുന്നത്” – അച്ചൻ ഓർക്കുന്നു.

42 പേരിൽ നിന്നും ഒരാളിലേക്കു മാറിയ കേസ്

അതിനു ശേഷം രാത്രി 1. 22 ആയപ്പോഴേക്കും പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന 42 പേരുടെയും ഇ-മെയിൽ അഡ്രെസും ഫോൺ നമ്പറും ഒക്കെ പോലീസ് മേടിച്ചു. ആ രാത്രിയിൽ തന്നെ ഒരാളുടെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ‘ഫാ. ജോർജ് മാമ്മോദീസ മുക്കിയ ആളാണ്’ എന്ന് ആരോപിക്കപ്പെട്ടതിനാൽ പോലീസ് അദ്ദേഹത്തെ വിളിച്ചു.

താൻ മാമ്മോദീസ മുക്കിയെന്നു പറയപ്പെടുന്നയാളെ യഥാർത്ഥത്തിൽ അച്ചന് കണ്ടുപരിചയം പോലുമില്ലായിരുന്നു. എന്തിന്, ഇവർ നടത്തിയ ക്രിസ്തുമസ് പ്രോഗ്രാമിന് അയാൾ ഉണ്ടായിരുന്നോ എന്നുപോലും നിശ്ചയമില്ല.

രാത്രി രണ്ടര ആയപ്പോൾ ഇവരെ സഹായിക്കാൻ വന്നയാൾ പറഞ്ഞു: “കേസ് ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷം ബാക്കിയുള്ളവരെയെല്ലാം വിടാം.”

ഇത്രയും പേർ കേസിൽ ഉൾപ്പെട്ട സ്ഥിതിക്ക് അച്ചന്റെ പേരിൽ മാത്രമായി കേസ് എടുക്കുന്നത് ശരിയല്ല എന്നൊക്കെ പറഞ്ഞെങ്കിലും ബാക്കിയുള്ളവരെ അവിടെ നിന്നും രക്ഷപ്പെടുത്താം എന്നുള്ള വാഗ്ദാനത്തിന്റെ മുൻപിൽ അവസാനം അതിനും വഴങ്ങേണ്ടി വന്നു.

അങ്ങനെ ജോർജ് അച്ചന്റെ പേരിൽ IPC 295A, 153(B)1, മധ്യപ്രദേശ് ഫ്രീഡം ആൻഡ് റിലീജിയൻ ആക്ട് 1968 3/4 എന്നീ വകുപ്പുകളിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു.

ജാമ്യമെടുക്കാനായി ഫാ. ജോർജ്, വക്കീലിനെയും മറ്റു പലരെയും വിളിച്ചു. വക്കീല്‍ രാവിലെ ഏഴരക്കു തന്നെ പോലീസ് സ്റ്റേഷനിൽ വരികയും കേസിനെപ്പറ്റി കൂടുതൽ അന്വേഷിക്കുകയും ചെയ്തു. അച്ചനെതിരെ ചുമത്തിയ വകുപ്പുകൾ പ്രകാരം ജാമ്യം കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്നും കേസ് മുൻപോട്ടു പോയാൽ ഏഴു വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടന്നും വക്കീൽ അറിയിച്ചു. (പരിചയമുള്ള വക്കീലായിരുന്നു അത്).

അറുപത് വയസു കഴിഞ്ഞ ആളാണ് ജോർജ് അച്ചൻ. അതിനാൽ, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ്‌ അദ്ദേഹത്തെ മെഡിക്കൽ ചെക്കപ്പിന് കൊണ്ടുപോയി.

മെഡിക്കൽ ചെക്കപ്പിന്റെ സമയത്ത്, ജാമ്യത്തിനു ശ്രമിച്ചവരിൽ നിന്ന് ഒരു നിർദ്ദേശം ലഭിച്ചു. “നാലു മണിക്കു മുൻപ് തന്നെ അച്ചൻ കോടതിയിൽ എത്തിയിരിക്കണം. അല്ലെങ്കിൽ ജാമ്യം കിട്ടാൻ വീണ്ടും ബുദ്ധിമുട്ടാകും. അതിനാൽ, വേഗം മെഡിക്കൽ പൂർത്തിയാക്കി എത്തണം.”

മെഡിക്കൽ എടുക്കാൻ പോകുമ്പോഴും പോലീസിനു അറിയാം, അച്ചൻ കുറ്റവാളിയല്ല എന്ന്. അവർ വളരെ നല്ല രീതിയിൽ തന്നെയാണ് അച്ചനോട് ഇടപെട്ടതും. മെഡിക്കൽ പൂർത്തിയാക്കി നാലു മണിക്ക് മുൻപ് തന്നെ കോടതിയിലെത്താനായി. ജാമ്യം തരാൻ സാധിക്കില്ല എന്നൊക്കെ മജിസ്‌ട്രേറ്റ് പറഞ്ഞെങ്കിലും അവസാനം അന്ന് വൈകുന്നേരം ആയപ്പോഴേക്കും ജാമ്യം ലഭിച്ചു. ജാമ്യം നിന്നത് ആ പ്രദേശത്തു തന്നെയുള്ള ഹിന്ദുവായ സുന്ദർലാൽ ചൗധരി എന്ന വ്യക്തിയായിരുന്നു.

തലേ ദിവസം ആറു മണിക്ക് ക്രിസ്തുമസ് പ്രോഗ്രാം നടത്താനായി പോയ ഇവർ തിരിച്ചു ചെല്ലുന്നത് പിറ്റേന്ന് വൈകിട്ട് ഏഴര ആയപ്പോഴേക്കാണ്.

ഇപ്രകാരം കള്ളത്തരത്തിൽ കെട്ടിച്ചമച്ച ഈ കേസിനെതിരെ തക്കസമയത്ത് പ്രതികരിക്കാൻ സാധിച്ചില്ല എന്നത് സത്യമാണ്. കാരണം പ്രതികരിക്കേണ്ട എല്ലാവരും സ്റ്റേഷനിൽ പെട്ടുപോയിരുന്നു. പതിനഞ്ചു കിലോമീറ്റർ ദൂരത്തുള്ള ഈ സ്റ്റേഷനിൽ, എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പോയി ഒപ്പിടണമായിരുന്നു. ഈ കേസ് നീട്ടിക്കൊണ്ടു പോകുന്ന രീതിയിലായിരുന്നു അവിടുത്തെ പോലീസ് ഇടപെടലുകൾ. 2018 ഏപ്രിൽ ആയപ്പോഴേക്കും രണ്ടാഴ്ച കൂടുമ്പോൾ സ്റ്റേഷനിൽ പോകണമെന്ന സ്ഥിതി മാറി.

ഇതിനിടയിൽ, ഡൽഹി സുപ്രീം കോടതിയിലെ രണ്ട് വക്കീലന്മാരായ എം.ജെ. മൈക്കിളും, സി. ആൻ മേരി SLFG യും സഹായിക്കാനായെത്തി. അവർ സത്നാ സെമിനാരിയിൽ വരികയും ഈ കേസ് വിശദമായി പഠിക്കുകയും ഈ കേസിന്റെ നടത്തിപ്പിന് ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്തു. കീഴ്കോടതി മുതൽ സുപ്രീം കോടതി വരെ ഇവർ സഹായിച്ചിരുന്നു.

ഇതിനിടയിൽ മറ്റൊരു കാര്യം സംഭവിച്ചു. അച്ചന് എതിരായിട്ട് സാക്ഷി പറഞ്ഞയാൾ മൊഴി മാറ്റി!

“എന്നെ ഈ വൈദികൻ മാമ്മോദീസാ മുക്കിയിട്ടില്ല. ഞാൻ പറഞ്ഞത് വ്യാജമാണ്. ബജ്‌രംഗ്ദൾ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്” – ഇതായിരുന്നു അയാളുടെ വെളിപ്പെടുത്തൽ. ഈ വാർത്ത ലോക്കൽ ചാനലിലൊക്കെ വന്നിരുന്നു.

എങ്കിലും കേസ് തുടർന്നു. കീഴ്കോടതിയിൽ നിന്നും ഹൈക്കോടതിയിലേക്ക് കേസെത്തി. അവിടെ നിന്നും സുപ്രീം കോടതിയിലേക്ക്. അവസാനം, നീണ്ട കാത്തിരിപ്പിനൊടുവിൽ 2021 സെപ്റ്റംബർ പതിമൂന്നാം തീയതി ഈ കേസ് അവസാനിപ്പിക്കാൻ ഉത്തരവായി സുപ്രീം കോടതി വിധി വന്നു. മൂന്ന് ജഡ്ജിമാരുടെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

സഹനങ്ങൾക്കിടയിൽ വെളിപ്പെട്ട ദൈവകരം

“ഞാൻ ഇപ്പോൾ ഈ സംഭവത്തെ കാണുന്നത് ദൈവത്തിന്റെ പദ്ധതിയുടെ ഒരു ഭാഗമായിട്ടാണ്. കാരണം, ഈ സംഭവം കൊണ്ട് മറ്റുള്ളവർ ക്രിസ്തുവിനെ കൂടുതൽ അറിയുകയായിരുന്നു. ഈ ഒരു സംഭവത്തിലൂടെ തന്നെ സുവിശേഷവത്ക്കരണം നടന്നു. എവിടെ ചെന്നാലും ആളുകൾ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ താല്പര്യം പ്രകടിപ്പിച്ചു.

ഞങ്ങളുടെ കാർ കത്തിച്ചതും അറസ്റ്റ് ചെയ്തതുമായ ഫോട്ടോ ഒക്കെ പുറത്തുവിട്ടത് അവരുടെ മാധ്യമങ്ങളിൽ കൂടി തന്നെയായിരുന്നു. അതും ഈശോ അറിയപ്പെടാനുള്ള വഴികളായി ഇന്ന് മനസിലാകുന്നു. വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടായിരുന്നു ഈ കേസിന്റെ ദിനങ്ങളിൽ. അതൊന്നും ഇല്ല എന്നല്ല, എന്നാൽ, ദൈവകരം കൂടെയുണ്ടായിരുന്നുവെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു” – അച്ചൻ വെളിപ്പെടുത്തുന്നു.

സെന്റ് എഫ്രേംസ് തിയോളജിക്കൽ സെമിനാരി, സത്നാ

കേരളത്തിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി, വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നും രൂപതകളിൽ നിന്നുമുള്ള വൈദികാർത്ഥികൾ പഠിക്കുന്ന സെമിനാരിയാണ് സത്നായിലെ സെന്റ് എഫ്രേംസ് തിയോളജിക്കൽ സെമിനാരി. 1992 -ൽ രൂപതയുടെ കീഴിലാണ് ഈ സെമിനാരി ആരംഭിക്കുന്നത്. 2014 മുതൽ സീറോ മലബാർ സിനഡിന്റെ കീഴിലാണ് ഈ സെമിനാരി. സീറോ മലബാർ സഭയുടെ മിഷൻ സെമിനാരിയാണിത്.

സത്നാ മിഷൻ

1968 -ലാണ് ഇവിടെ മിഷൻ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. 1977 -ൽ സത്നാ, രൂപതയായി ഉയർത്തപ്പെട്ടു. കത്തോലിക്കർ ഇവിടെ വളരെ കുറവാണ്. 25 -ഓളം പള്ളികളും മിഷൻ സ്റ്റേഷനുകളും ഒക്കെ ഇവിടെയുണ്ട്. മാർ ജോസഫ് കൊടകല്ലിൽ ആണ് ഇപ്പോഴത്തെ ബിഷപ്പ്. ഈ രൂപതയിൽ 70 അച്ചന്മാരും 150 -ഓളം സിസ്റ്റേഴ്സും സേവനം ചെയ്തുവരുന്നു.

അടുത്തുള്ള ഇടവക പള്ളികളിൽ സഹായിക്കാനായി സെമിനാരിക്കാർ പോകും. മിഷൻ സ്ഥലങ്ങൾ സന്ദർശിക്കാനും ഇവിടെയുള്ള പാവപ്പെട്ട കുട്ടികളെ വിദ്യാഭ്യാസത്തിൽ സഹായിക്കാനും ഇവർ കടന്നുചെല്ലും.

1974 -ൽ ഫാ. ജോർജ് സത്‌നാ മിഷനിൽ ചേർന്നു. കേരളത്തിൽ മൈനർ സെമിനാരി പഠനത്തിനു ശേഷം 1977 -ൽ മധ്യപ്രദേശിലെ സെമിനാരിയിൽ വൈദികപഠനം തുടർന്നു. 1985 -ൽ തിരുപ്പട്ട സ്വീകരണത്തിനു ശേഷം ഫാ. ജോർജ് സത്നാ രൂപതയിൽ ശുശ്രൂഷ ചെയ്തുവരികയായിരുന്നു. സെമിനാരിയിൽ പഠിപ്പിക്കുന്നതോടൊപ്പം വില്ലേജ് പ്രവർത്തനങ്ങളിലും ഇടവക പ്രവർത്തനങ്ങളിലും ഒക്കെ ഫാ. ജോർജ് സജീവമാണ്. ഒപ്പം വിവിധ സ്ഥലങ്ങളിൽ ക്ലാസുകൾ എടുക്കുകയും ചെയ്യുന്നു.

എറണാകുളം – അങ്കമാലി അതിരൂപതയിലെ നോർത്ത് കുത്തിയതോട് ഇടവകയിലെ അംഗമാണ് ഫാ. ജോർജ് മംഗലപ്പിള്ളി. ഇദ്ദേഹം സത്‌നാ രൂപതയിലെ വികാരി ജനറൽ ആയും മൈനർ സെമിനാരി റെക്ടറായും രൂപതാ അഡ്മിനിസ്ട്രേറ്ററായും സേവനം ചെയ്തിട്ടുണ്ട്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.