കോവിഡ് രോഗികളെ സന്ദർശിക്കാനെത്തുന്ന നല്ല സമരിയാക്കാരനായ വൈദികൻ

ഉക്രെയ്നിലെ ലിവ് നഗരത്തിലെ ആശുപത്രിയിൽ കോവിഡ് ബാധിതരായ ആളുകളെ ആഴ്ചയിൽ രണ്ടു പ്രാവശ്യം സന്ദർശിക്കുന്ന ഒരു വൈദികനുണ്ട്. ഫാ. ഗ്രെഗോർസ് ഡ്രോസ്. ഈ പ്രദേശത്ത് മാത്രം മൂവായിരത്തിലധികം രോഗബാധിതരുണ്ട്. അതിൽ 700 -ലേറെ പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നൂറിലധികം പേർ ഈ രോഗബാധയാൽ മരണമടഞ്ഞിട്ടുണ്ട്.

ഉക്രെയ്നിൽ പകർച്ചവ്യാധിയുടെ തുടക്കം മുതൽ ഫാ. ഗ്രെഗോർസ് കോവിഡ് രോഗികൾക്കൊപ്പമുണ്ട്. ആഴ്ചയിൽ രണ്ടുതവണ അദ്ദേഹം ആശുപത്രിയിൽ കോവിഡ് രോഗികളെ സന്ദർശിക്കുന്നു. ആശുപത്രിയിൽ, സുരക്ഷാകവചം ധരിച്ച് രോഗികളെ ആശീർവദിച്ചും ആരോഗ്യപ്രവർത്തകർക്കായി പ്രാർത്ഥിച്ചും ഈ വൈദികൻ അവരോടൊപ്പമുണ്ട്.

കനത്ത സുരക്ഷാ കവചങ്ങൾ ധരിച്ചുകൊണ്ട് ഒരു ദിവസം എട്ടു മണിക്കൂറിലേറെ രോഗികളോടൊപ്പം ഈ വൈദികൻ ചിലവഴിക്കുന്നു. ഒരു ആശുപത്രി യൂണിറ്റിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ സ്വയം അണുവിമുക്തമാക്കണം. ആരോഗ്യ പ്രവർത്തകരുടെ കഷ്ടപ്പാടുകൾ നേരിട്ടറിയാനുള്ള ഒരു അവസരവും കൂടിയാണ് ഇതെന്ന്  ഫാ. ഗ്രെഗോർസ് പറയുന്നു. കനത്ത ചൂടിലും വിയർപ്പിലും കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന അവസ്ഥ വളരെ ബുദ്ധിമുട്ടേറിയതാണ്.

രോഗികളെ സന്ദർശിച്ച് ദൈവസ്നേഹത്തെ കുറിച്ച് അവരോട് സംസാരിക്കുന്നു. അങ്ങനെ ആശുപത്രിയിൽ ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ആശ്വാസമേകുവാൻ ഈ വൈദികൻ സദാ സന്നദ്ധനാണ്. ആവശ്യക്കാരായ രോഗികൾക്ക് സുരക്ഷാ മുൻകരുതലോടെ അനുരഞ്ജന കൂദാശയ്ക്കുള്ള അവസരവും ഒരുക്കുന്നുണ്ട്.

കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ മാതൃകയാണ് ഈ വൈദികനെ മുൻപോട്ട് നയിക്കുന്നത്. തൻ്റെ പൗരോഹിത്യ ജീവിതത്തിന്റെ അവസാനം വരെ തന്നാൽ കഴിയുന്ന സഹായം അപ്രർക്കായി ചെയ്യുവാൻ സന്നദ്ധനുമാണ് ഈ വൈദികൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.