കോവിഡ് രോഗികളെ ആശുപത്രിയിൽ ശുശ്രൂഷിച്ച വൈദികൻ യാത്രയായി

വലൻസിയയിലെ ഔർ ലേഡി ഓഫ് ഹോപ്പ് ദൈവാലയത്തിലെ വൈദികനായിരുന്നു  ഫാ. റോബർട്ട് റാമിയസ് മയോർഗെ. ഉപരിപഠനത്തിനായി 2017 -ലാണ് ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം എത്തിയത്. 50 -കാരനായ അദ്ദേഹം ഏണസ്റ്റ് ലൂക് സെന്റർ ആശുപത്രിയിലെ ചാപ്ലൈയ്നും കൂടിയായിരുന്നു. 2019 -ൽ കൊറോണ വൈറസ് ലോകത്തെ കീഴടക്കിയപ്പോൾ അദ്ദേഹം രോഗികളെ ശുശ്രൂഷിക്കുവാൻ ആശുപത്രിയിൽ നിസ്വാർത്ഥമായി സേവനം ചെയ്തു. ജപമാലയെ മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം രോഗികൾക്കിടയില്‍ പരിശുദ്ധ അമ്മയുടെയും ക്രിസ്തുവിന്റെയും സൗരഭ്യം പകർന്നു.

രോഗികളുടെ ആശ്വാസ കേന്ദ്രമായ ഈ വൈദികൻ എപ്പോഴും തികഞ്ഞ നർമ്മബോധവും ഉത്സാഹവും കാത്ത് സൂക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം ശുശ്രൂഷിച്ചവരും സഹ വൈദികരും അഭിപ്രായപ്പെടുന്നു. രോഗികളെ പരിചരിക്കുന്നതിനിടയിൽ ആണ് അദ്ദേഹത്തിന് കോവിഡ് ബാധിക്കുന്നത്. മരുന്നുകൾകൊണ്ടും പ്രാർത്ഥനകൾ കൊണ്ടും രക്ഷപെടുത്തുവാൻ സാധിക്കാത്ത അവസ്ഥ. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ഫെബ്രുവരി 17 -ന് മരണമടഞ്ഞു.

ഏവർക്കും പ്രിയങ്കരനായ ഈ വൈദികന്റെ വേർപാട് ഏവരെയും ദുഃഖത്തിലാഴ്ത്തി. ദമ്പതികൾക്കിടയിലെ അസ്വാരസ്യങ്ങൾ പരിഹരിക്കുവാനും അവരെ ഒരു പുതിയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനും ഫാ. റോബെർട്ടിന് പ്രത്യേക വൈദഗ്ധ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സേവന മനോഭാവത്തിനെയും ത്യാഗ സന്നദ്ധതയെയും വിശ്വാസികളും ഇടവകാ ജനങ്ങളും നന്ദിപൂർവം ഓർക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.